നടി തൃഷയും നടന്‍ ചിമ്പു എന്ന ചിലമ്പരശനും വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തമിഴ്‍നാട്ടില്‍ നിന്നുള്ള ചില എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റുകളിലാണ് ഇന്ന് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ താരങ്ങളെയോ അവരുമായി അടുത്ത കേന്ദ്രങ്ങളെയോ ക്വോട്ട് ചെയ്യാതെയുള്ള റിപ്പോര്‍ട്ടുകള്‍ വാസ്‍തവ വിരുദ്ധമായിരിക്കാമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെതന്നെ പ്രതികരണങ്ങള്‍. 'തൃഷ ചിമ്പു' എന്ന ഹാഷ് ടാഗില്‍ നൂറുകണക്കിന് ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഊഹാപോഹം എന്ന നിലയില്‍ തന്നെയാണ് ദേശീയ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടത്.

പുതിയ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ചിമ്പുവും തൃഷയും മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിമ്പുവുമായുള്ള പരിചയത്തെക്കുറിച്ച് തൃഷ പറഞ്ഞത് ഇങ്ങനെയായിരുന്നു. "ചിമ്പുവിനെ എനിക്ക് ഏഴ് വര്‍ഷങ്ങളായി അറിയാം. അദ്ദേഹം എന്നെപ്പോലെയുള്ള ഒരാളല്ല. ഞാന്‍ പ്രണയത്തിലാവുന്ന ഒരാളല്ല. ഒരു നല്ല സുഹൃത്താണ് അദ്ദേഹം. ഒരു നല്ല സുഹൃത്തുമായി പ്രണയത്തിലാവുക അസാധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്", തൃഷ പറഞ്ഞിരുന്നു. എല്ലായ്പ്പോഴും തനിക്കുവേണ്ടി നിലകൊള്ളുന്ന സുഹൃത്താണ് തൃഷയെന്ന് ചിമ്പുവും പഴയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മകനുവേണ്ടി ഒരു പെണ്‍കുട്ടിയെ നോക്കുകയാണെന്ന ചിമ്പുവിന്‍റെ മാതാപിതാക്കള്‍ അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശവും ഇപ്പോഴത്തെ പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ നിരത്തുന്നു.

തൃഷയ്ക്കും ചിമ്പുവിനും ഇടയില്‍ ആരോപിക്കപ്പെടുന്ന പ്രണയം ചര്‍ച്ചയാവുമ്പോള്‍ അതിനിടയിലേക്ക് 'ഗൗതം വസുദേവ് മേനോന്‍' എന്ന പേരും ചിലര്‍ തമാശയ്ക്ക് ചേര്‍ത്തുവെക്കുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷനില്‍ സിനിമാപ്രേമികള്‍ ആഘോഷിച്ച ചിത്രമായിരുന്നു ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തെത്തിയ വിണ്ണൈതാണ്ടി വരുവായാ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കാര്‍ത്തിക്കും (ചിമ്പു) ജെസിയും (തൃഷ) ലോക്ക് ഡൗണ്‍ കാലത്ത് ഫോണില്‍ സംസാരിക്കുന്നത് പ്രമേയമാക്കി ഗൗതം മേനോന്‍ തന്നെ ഒരു ഹ്രസ്വചിത്രം അടുത്തിടെ ഒരുക്കിയിരുന്നു. കാര്‍ത്തിക് ഡയല്‍ സെയ്‍ത യേന്‍ എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിം യുട്യൂബ് ഹിറ്റ് ആയിരുന്നു. 2003ല്‍ പുറത്തെത്തിയ അലൈ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.