ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച സാധിക വേണുഗോപാലിനെതിരെ യുണിസെഫിന്‍റെ ട്വീറ്റ്. കുറിപ്പിലെ ഉള്ളടക്കം തെറ്റാണെന്ന് വ്യക്തമാക്കി യുണിസെഫ് പങ്കുവച്ച ട്വീറ്റിന് പിന്നാലെ സാധിക വേണുഗോപാല്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. താരത്തിന്‍റെ പോസ്റ്റിലുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന അറിയിപ്പുമായി  യുണിസെഫ് കംബോഡിയ എത്തിയതിന് പിന്നാലെയാണ് നടി പോസ്റ്റ് പിന്‍വലിച്ച് തെറ്റു തിരുത്തിയത്. യുനിസെഫ് കംബോഡിയ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊവിഡ് 19 വൈറസ് വലുപ്പത്തില്‍ 400 മുതല്‍ -500 മൈക്രോ വരെ വ്യാസമുള്ളതാണെന്നും അതിനാൽ ഏത് മാസ്‌കും അതിന്‍റെ പ്രവേശനത്തെ തടയുമെന്നതടക്കമുള്ള തെറ്റായ വിവരങ്ങളായിരുന്നു ആദ്യത്തെ പോസ്റ്റിലുണ്ടായിരുന്നത്. അത് വായുവിലൂടെ പകരില്ലെന്നും പത്ത് മിനിറ്റ് മാത്രമെ കൊവിഡ് 19 വൈറസിന് ആയുസുള്ളൂവെന്നും സാധിക കുറിച്ചിരുന്നു. ഈ വാർത്ത തെറ്റാണെന്നും യുണിസെഫിന്‍റെ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ മാത്രം വിവരങ്ങള്‍ക്കായി പിന്തുടരണമെന്നും യുണിസെഫ് കുറിച്ചു.

 തെറ്റായ വിവരം പങ്കുവെച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും  പേജ് പ്രൊമോട്ടര്‍മാര്‍ക്ക് പറ്റിയ അബദ്ധമാണ്, താനറിഞ്ഞുകൊണ്ടല്ലെന്നും താരം സ്ക്രീന്‍ ഷോട്ട് സഹിതമുള്ള കുറിപ്പില്‍ പറഞ്ഞു. ഇത്തരത്തിൽ അബദ്ധങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും താരം ഉറപ്പുനല്‍കി. പേജില്‍ ഇത്തരമൊരു കുറിപ്പ് വന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും സാധിക വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക