മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളാണ് നാളെ. സിനിമയിലെത്തും മുന്‍പേ തന്‍റെ പ്രിയതാരമായിരുന്ന മോഹന്‍ലാലിനൊപ്പം തെലുങ്ക് ചിത്രമായ ജനതാ ഗാരേജില്‍ ഒരുമിച്ച് അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തില്‍ ആയിരുന്ന കുട്ടിക്കാലം മുതല്‍ മോഹന്‍ലാലിനുള്ള ആരാധനയെക്കുറിച്ച് വിശദീകരിക്കുന്ന ഉണ്ണി മുകുന്ദന്‍ മലയാളത്തില്‍ ഒരുമിച്ചഭിനയിക്കണമെന്ന ഇനിയും പൂര്‍ത്തിയാകാത്ത തന്‍റെ ആഗ്രഹത്തെക്കുറിച്ചും പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍ കുറിപ്പ് പങ്കുവച്ചത്. 

ഉണ്ണി മുകുന്ദന്‍ എഴുതുന്നു

വേനലവധിക്കാലത്തു മാത്രമേ അമ്മ കേബിൾ കണക്ഷൻ എടുക്കാൻ സമ്മതിക്കൂ. അതുകൊണ്ട് ആ സമയത്താണ് ഞാൻ കൂടുതലും മലയാള സിനിമകൾ കണ്ടിട്ടുള്ളത്. ഗുജറാത്തിൽ അന്ന് മലയാള സിനിമയ്ക്കു തീയേറ്റർ റിലീസ് ഉണ്ടായിരുന്നില്ല. പക്ഷെ മിക്ക മലയാള സിനിമകളും ടിവി ചാനലിൽ വരും. വീട്ടിൽ എല്ലാവർക്കും മലയാള സിനിമ കാണാൻ ആയിരുന്നു ഇഷ്ടം, എനിക്കും. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ടിവിയിൽ ഞാൻ സ്ഫടികം സിനിമ കാണാനിടയായത്. സിക്സ് പാക്ക് ബോഡിയും ക്‌ളീൻ ഷേവ് നായകന്മാരേയുമെല്ലാം കണ്ടു ശീലിച്ച എനിക്ക് അപ്പോൾ ഞാൻ സ്‌ക്രീനിൽ കാണുന്ന ആ നായകൻ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല. അതിനു ശേഷം മുണ്ടിനോടും റെയ്ബാൻ ഗ്ലാസിനോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല.

എന്നാൽ കേരളത്തിൽ വന്നപ്പോൾ ഈ ഇഷ്ടം എന്‍റെ മാത്രമല്ല, കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഇഷ്ടം അതു തന്നെയാണെന്ന് മനസ്സിലായി. അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാൻ ഇന്നുമോർക്കുന്നു, എപ്പോഴെങ്കിലും എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന്. അതൊരു സ്വപ്നം മാത്രമായി മനസ്സിൽ നിൽക്കുമെന്ന് വിചാരിച്ചു. വർഷങ്ങള്‍ക്കു ശേഷം ഞാൻ സിനിമയിലെത്തി. എന്നാൽ ഒരു സിനിമയിൽ പോലും ലാലേട്ടന്‍റെ ഒപ്പമഭിനയിക്കാൻ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു തെലുങ്കു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്.അന്ന് അവർ പറഞ്ഞതിൽ ഞാൻ ആകെ കേട്ടത് ഒറ്റ കാര്യം മാത്രമാണ്. ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്‍റെ മകന്‍റെ വേഷമാണ്. ആ ഒരു ഒറ്റ ആഗ്രഹം കൊണ്ട് ഞാൻ ഭാഷ പോലും അറിയാതെ എന്‍റെ ആദ്യത്തെ തെലുങ്കു പടം ചെയ്തു. ത്രില്ലിന്‍റെ ഏതൊക്കെ അവസ്ഥാന്തരങ്ങൾ ഉണ്ടോ, അതെല്ലാം അനുഭവിച്ചു എന്നു തന്നെ പറയാം. എന്‍റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന് ലാലേട്ടന്‍റെ കൂടെ സ്‌ക്രീനിൽ വന്നത് ആയിരിക്കും.

ഒരു നടനെന്ന നിലയിൽ ലാലേട്ടൻ എന്താണെന്നു എനിക്ക് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. കോമഡിയും റൊമാൻസും മാസും സെന്‍റിമെന്‍റ്സും എല്ലാം ഒരേ തലത്തിൽ കൊണ്ടു പോവുന്നതുകൊണ്ടാണല്ലോ അദ്ദേഹത്തെ നമ്മൾ എല്ലാവരും 'Complete Actor' എന്ന് വിളിക്കുന്നത്. ഒരു താരം എന്ന നിലയിൽ ലാലേട്ടൻ അന്നും ഇന്നും അജയ്യനാണ്. അന്നും ഇന്നും അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ ആവേശം അതുപോലെ നിലനിൽക്കുന്നു. എന്‍റെ പരിമിതമായ അറിവിൽ 1980 കൾ മുതലുള്ള നാലു പതിറ്റാണ്ടിലും മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച താരമാണ് ലാലേട്ടൻ. പ്രിയദർശൻ സാറിന്‍റെ മരക്കാർ എന്ന ചിത്രം വരുന്നതിലൂടെ ഈ കാലഘട്ടത്തിലും ഒരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ അങ്ങയെ തേടി എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ഈ കോറോണക്കാലത്ത് എന്നെ വിളിക്കുകയും എന്നെയും എന്‍റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും കുറിച്ച് അന്വേഷിക്കുകയും ഞങ്ങളുടെ ക്ഷേമ വിവരങ്ങൾ തിരക്കുകയും ചെയ്തു മോഹൻലാൽ എന്ന ഈ മനുഷ്യൻ. ഒരു സൂപ്പർ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഒരു ഏട്ടൻ അങ്ങനെ ചെയ്യും. എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടൻ പ്രചോദിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടും അല്ലാതെയും താങ്കൾ പ്രചോദിപ്പിച്ച ഓരോരുത്തർക്കും വേണ്ടി ഞാൻ നേരുന്നു, സിനിമയിൽ എത്തിയിട്ട് ലാലേട്ടന്‍റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേൽ അത് എന്നും ഒരു തീരാ നഷ്ടമായി എന്‍റെയുള്ളില്‍ ഉണ്ടാവും. എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, എന്‍റെ ലാലേട്ടന് ഒരായിരം ജന്മദിനാശംസകൾ. ലവ് യൂ.. എന്നും ആരോഗ്യവും സന്തോഷവും തന്നു എന്‍റെയീ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ, എന്ന് ഏട്ടന്‍റെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ.