ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സിനിമാ ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരങ്ങൾ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടാണ് എല്ലാ ചിത്രീകരണങ്ങളും നടക്കുന്നത്. ഷൂട്ടിം​ഗ് തുടങ്ങി അവസാനിക്കുന്നത് വരെയും താരങ്ങളടക്കം എല്ലാവരും സെറ്റിൽ തന്നെ കഴിയുകയാണ്. ഇപ്പോഴിതാ മേപ്പടിയാൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദന്റെയും അഞ്ജു കുര്യന്റെയും വീഡിയോയാണ് ആരാധകരുടെ മനംകവരുന്നത്. 

ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് പ്രിയ താരങ്ങളുടെ ക്രിക്കറ്റ്. നായകനും നായികയും ബാറ്റ്സ് മാനും ബൗളറും ആയതോടെ മറ്റുള്ളവരുടെ ആവേശവും ഇരട്ടിച്ചു. എന്തായാലും വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തത്തിയിരിക്കുന്നത്. 

നവാഗനതായ വിഷ്ണു മോഹൻ സംവിധാനം നിർവഹിക്കുന്ന ‘മേപ്പടിയാന്റെ’ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിക്കുന്ന സിനിമയിൽ അഞ്ജു കുര്യൻ ആണ് നായികയായി എത്തുന്നത്‌. പൂർണ്ണമായും കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. കൊവിഡ് ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രമായിരുന്നു മേപ്പടിയാൻ. ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌.