അഭിനേതാക്കളുടെ കൗതുകകരമായ കോമ്പിനേഷനുകള്‍ ഉണ്ടായിരുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍റെ സംവിധായക അരങ്ങേറ്റ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ഒക്കെ ഉണ്ടായിരുന്നു. സുരേഷ് ഗോപി-ശോഭന ജോഡി ഏറെക്കാലത്തിന് ശേഷം സ്ക്രീനിലെത്തിയ ചിത്രവുമായിരുന്നു ഇത്. മറ്റൊരു പ്രധാന താരത്തിന്‍റെയും രസകരമായ പ്രകടനമുള്ള സിനിമയായിരുന്നു ഇത്. ഉര്‍വ്വശി ആണ് അത്.

കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിനു വരുന്ന വിവാഹാലോചനയിലെ ചെറുപ്പക്കാരന്‍റെ അമ്മയായിരുന്നു ഉര്‍വ്വശി അവതരിപ്പിച്ച കഥാപാത്രം. ഒരു ദന്തഡോക്ടര്‍ കൂടിയായ കഥാപാത്രത്തെ അയത്നലളിതമായാണ് ഉര്‍വ്വശി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉര്‍വ്വശിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ഒപ്പം ചിത്രത്തിലെ ഒരു ഗാനരംഗത്തിനുവേണ്ടി എടുത്ത ഹ്രസ്വരംഗത്തിലെ ഉര്‍വ്വശിയുടെ പ്രകടനത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോയും അനൂപ് പുറത്തുവിട്ടിട്ടുണ്ട്.

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 25 കോടി നേടിയിരുന്നു. ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസിന്‍റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം നിലവില്‍ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ളിക്സിനും സണ്‍ നെക്സ്റ്റിലും ലഭ്യമാണ്.