കാലം കടന്ന് പോകുന്തോറും മലയാളികളുടെ മനസിൽ വീര്യമേറുന്ന വീഞ്ഞുപോലെയാണ് നടി ഉർവശി. ഒരോ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ ​എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതായാലും ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയായി മാറി ഉർവശി. കുട്ടിക്കാലത്തെ ഉർവശിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നടൻ ഉമ്മറിനൊപ്പമാണ് താരം നിൽക്കുന്നത്. ഉമ്മറിനൊപ്പം നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഉർവശിയുടെ രണ്ടാം ചിത്രമായ 'കതിർമണ്ഡപ'ത്തിൻ്റെ സെറ്റിൽ നിന്ന് പകർത്തിയ ചിത്രമാണിത്. 'വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉർവ്വശിയും സഹോദരി കൽപ്പനയും അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ സംസാരിക്കപ്പെടുന്ന നടിമാരിലൊരാൾ കൂടിയാണ് ഉർവ്വശി. 

കൊവിഡ് കാലത്ത് പ്രേക്ഷകരിലേക്കെത്തിയ സിനിമകളായ പുത്തം പുതുകാലൈ, മൂക്കുത്തി അമ്മൻ, സൂരരൈ പോട്ര് തുടങ്ങിയവയിൽ ഉർവ്വശിയുടെ പ്രകടനം വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കാലം മുന്നേറുന്തോറും തന്നിലെ പ്രതിഭയെ മിനുക്കുന്ന ഉർവ്വശിയ്ക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടിയാണ് ലഭിച്ചുന്നത്.