മറിമായം ലൊക്കേഷനിൽ നിന്ന് 'മണ്ഡോദരി'യും ചക്കപ്പഴം ലൊക്കേഷനിൽ നിന്ന് 'ഉത്തമനും'

ഏറെക്കാലമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്ന പരമ്പരയാണ് മറിമായം. നിരവധി താരങ്ങള്‍ക്കാണ് ഈ പരമ്പര വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്. അക്കൂട്ടത്തിൽ മുന്നിലുള്ളവരാണ് 'മണ്ഡോദരി'യും 'ലോലിതനും', അഥവാ ശ്രീകുമാറും സ്നേഹയും. ജീവിതത്തിൽ ഇരുവരും ഒന്നിക്കുന്ന വാർത്ത കൂടി എത്തിയപ്പോൾ വലിയ ആവേശത്തോടെയായിരുന്നു ആരാധകർ അതിനെ വരവേറ്റത്.

നിരവധി വേഷങ്ങൾ ചെയ്യുന്നതിനിടയിലും സ്നേഹ മറിമായത്തിൽ തുടരുന്നുണ്ട്. അതേസമയം ശ്രീകുമാറാകട്ടെ സൂപ്പർഹിറ്റ് ഹാസ്യ പരമ്പര ചക്കപ്പഴത്തിലെ സുപ്രധാന വേഷം കൈകാര്യം ചെയ്യുകയാണ്. ചക്കപ്പഴത്തിൽ 'കമ്പൌണ്ടർ ഉത്തമനാ'യാണ് ശ്രീകുമാർ എത്തുന്നത്.

View post on Instagram

ഇപ്പോഴിതാ ചക്കപ്പഴത്തിലെ ഉത്തമനും മറിമായത്തിലെ മണ്ഡോദരിയും വീഡിയോ കോൾ ചെയ്യുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മറിമായം സെറ്റിൽ മേക്കപ്പിലുള്ള സ്നേഹയും ചക്കപ്പഴം ലൊക്കേഷത്തിൽ ഷൂട്ടിങ് വേഷത്തിലുള്ള ശ്രീകുമാറുമാണ് ഇരുവരും പങ്കുവച്ച ചിത്രത്തിലുള്ളത്. മറിമായം ലൊക്കേഷനിൽ നിന്ന് മണ്ഡോദരിയും ചക്കപ്പഴം ലൊക്കേഷനിൽ നിന്ന് ഉത്തമനും എന്ന കാപ്ഷനോടെയാണ് ശ്രീകുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്. മെമ്മറീസിലെ വില്ലൻ വേഷമടക്കം നിരവധി സിനിമകളിലും ശ്രീകുമാർ വേഷമിട്ടിട്ടുണ്ട്. മറിമായത്തിന് പുറമെ നിരവധി പരമ്പരകളിലും ചില സിനിമകളിലും സ്നേഹയും വേഷമിട്ടിട്ടുണ്ട്.