ലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് സായ് കിരണ്‍. 'വാനമ്പാടി' പരമ്പരയില്‍ 'മോഹന്‍ കുമാറാ'യി വേഷമിട്ട താരത്തെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നാണ് എല്ലാവരും പറയുന്നത്. നിറം എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നുവ്വ കവാലി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കിരണിന് പിന്നീട് മറ്റൊരു മേഖലയെപ്പറ്റിയും ചിന്തിക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ വാനമ്പാടി അടുത്തിടെയായിരുന്നു അവസാനിച്ചത്. ശേഷം തെലുങ്കില്‍ ഒരുമിച്ച് രണ്ട് പ്രൊജക്ടുകള്‍ സായ് ചെയ്യുന്നുണ്ട്.

പരമ്പരയില്‍ പാട്ടുകാരന്‍ മോഹന്‍കുമാറായാണ് താരമെത്തിയത്, യഥാര്‍ത്ഥ ജീവിത്തിലും ഗായകനായ സായ് കിരണ്‍ ഇപ്പോഴിതാ പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ്. തമിഴിലെ എക്കാലത്തേയും ഹിറ്റായ 'പയനങ്ങള്‍ മുടിവതില്ലൈ' എന്ന സിനിമയ്ക്കായി എസ്.പി.ബി ആലപിച്ച 'ഇളയ നിലാ പൊഴിക്‌റതെ' എന്ന പാട്ടുമായാണ് സായ് എത്തിയിരിക്കുന്നത്. കുറെ നാളുകള്‍ക്കുശേഷമാണ് ഇന്‍സ്റ്റയില്‍ ഒരു പാട്ട് അപ്ലോഡ് ചെയ്യുന്നതെന്നുപറഞ്ഞാണ് താരം പാട്ടുപാടുന്നത്. പാട്ടിനൊപ്പം മനോഹരമായി ഗിത്താറും വായിക്കുന്ന താരത്തിന്റെ വീഡിയോ നിമിഷങ്ങള്‍കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഇന്ത്യയുടെ പ്രിയപ്പെട്ട പാട്ടുകാരി പി.സുശീലയുടെ കൊച്ചുമകനാണ് സായ് കിരണ്‍. പാട്ടിന്റെ കുടുംബത്തില്‍നിന്നാണ് വാനമ്പാടി എന്ന പാട്ടിന് പ്രാധാന്യമുള്ള പരമ്പരയിലേക്ക് സായ് എത്തിച്ചേര്‍ന്നത്. സായ്കിരണിന്റെ അച്ഛന്റെ ചെറിയമ്മയാണ് പി. സുശീല. സുശീലമ്മയോടുള്ള അടുപ്പവും, പാട്ടിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചതിലെ സന്തോഷവുമെല്ലാം സായ്കിരണ്‍ അഭിമുഖങ്ങളില്‍ പറയാറുണ്ട്.