പ്രേക്ഷകരുടെ പ്രിയ പരമ്പര വാനമ്പാടി അതിന്റെ തീവ്രമായ മുഹൂര്‍ത്തങ്ങളിലേക്ക് അടുക്കുകയാണ്. അച്ഛന്‍ മകളെ തേടിയലയുന്നതിന് അന്ത്യമാകുകയാണെന്നതാണ് കഥാഗതി. മകളെ അന്വേഷിച്ച് വീടുവിട്ടിറങ്ങിയ മോഹന്‍ പാതി അറിഞ്ഞും മറുപാതി അറിയാതെയുമാണ് തിരികെ എത്തിയിരിക്കുന്നത്. 

എന്നാല്‍ അനുമോള്‍ തന്നെയാണ് തന്റെ മകള്‍ അനുഗ്രഹയെന്നത് ഏതാണ്ട് മോഹന്‍ ഉറപ്പിച്ചുകഴിഞ്ഞു. അച്ഛന്‍ മടങ്ങിയെത്തുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട വാര്‍ത്തയുമായി ആയിരിക്കും എന്നു കരുതിയിരുന്ന അനുമോള്‍ സങ്കടത്തിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. ചന്ദനച്ചോലയില്‍നിന്നും തിരികെയെത്തിയ മോഹനോട് അനുമോള്‍ വിശേഷങ്ങള്‍ തിരക്കുന്നുണ്ട്. ശ്രീബാലന്റെ അമ്പലത്തില്‍ പോയോ എന്ന ചോദ്യത്തിന് ഇല്ല, പോകാന്‍ കഴിഞ്ഞില്ല എന്നാണ് മോഹന്‍ കളവുപറയുന്നത്.

മോഹന്‍ ശ്രീബാലന്റെ അമ്പലത്തില്‍ പോയില്ല എന്നറിയുന്ന അനുമോള്‍, തന്റെ സ്വപ്‌നങ്ങള്‍ പൂവണിയാത്തത് അതിനാലാണെന്ന് മനസ്സിലാക്കുകയാണ്. അവിടെ പോയാല്‍ എന്തെങ്കിലും വിവരം മോഹന്‍സാറിന് കിട്ടിയേനെ എന്ന് അനു പറയുമ്പോള്‍, നമുക്ക് രണ്ടുപേര്‍ക്കുകൂടെ നാളെത്തന്നെ അങ്ങോട്ട് പോകാം എന്നാണ് മോഹന്‍ പറയുന്നത്. മോഹന്റെ ആ പറച്ചിലില്‍ സത്യങ്ങളെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ എന്തുപറഞ്ഞാണ് പോവുക എന്നാണ് അനുവിന്റെ സംശയം.

മധുരയില്‍ സംഗീതപരുപാടിയുണ്ട് എന്ന് പറഞ്ഞാണ് മോഹനും അനുവും വീട്ടില്‍ നിന്നിറങ്ങാന്‍ പ്ലാന്‍ ചെയ്യുന്നത്. വീട്ടിലെ ആരുംതന്നെ സത്യമെന്താണെന്നറിയുന്നില്ല. ചന്ദ്രനോടും നിര്‍മ്മലയോടുംവരെ മോഹനോ അനുവോ സത്യം പറയുന്നില്ല. അടുത്ത ദിവസംതന്നെ പോകാനുള്ള പദ്ധതിയാണ് അവര്‍ ചെയ്യുന്നതും. മോഹന്‍ ശ്രീമംഗലത്ത് ഇല്ലാതിരുന്ന സമയത്ത് മേനോന്‍ മോഹന്റെ അമ്മ ദേവകിയമ്മയോട് കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കിയിരുന്നു. 

മോഹന് ഒരു കുട്ടിയെ ഉണ്ടാകുവെന്ന് ജോത്സ്യന്‍ പറഞ്ഞതുവച്ചായിരുന്നു മേനോന്റെ കസര്‍ത്ത്. മോഹനെ എല്ലാവരും പറഞ്ഞ് പറ്റിക്കുകയാണെന്നും, മോഹന്റെ രക്തത്തില്‍പിറന്ന തംബുരു വീട്ടിലുള്ളപ്പോള്‍ പിന്നെങ്ങനാണ് മോഹന് മറ്റൊരു കുട്ടിയുണ്ടാവുക എന്നും മേനോന്‍ ദേവകിയമ്മയോട് ചോദിക്കുന്നുണ്ട്. അതെല്ലാംകേട്ട് മോഹനെ ആരോ പറ്റിക്കുന്നുവെന്നാണ് ദേവകിയമ്മ കരുതുന്നത്.

മോഹന്‍ സത്യങ്ങളെല്ലാം കണ്ടുപിടിച്ചാല്‍ തങ്ങള്‍ക്ക് അനുവിനെ നഷ്ടമാകുമല്ലോ എന്ന ഭീതി സദാസമയവും ചന്ദ്രന്റേയും നിര്‍മ്മലയുടേയും മുഖത്തുണ്ട്. അതുകൊണ്ടുതന്നെ മോഹന്റെ മകള്‍ അന്വേഷണങ്ങള്‍ക്ക് ചന്ദ്രനും നിര്‍മ്മലയു അധികം പ്രോത്സാഹനം കൊടുക്കാറുമില്ല. ഏതായാലും അധികം വൈകാതെതന്നെ സത്യങ്ങളെല്ലാം മറനീക്കി പുറത്തുവരുമെന്നത് യഥാര്‍ത്ഥമാണ്. അനുവിന്റേയും മോഹന്റെയും യാത്ര സത്യങ്ങള്‍ പുറത്തുവരാനുള്ള ശുഭയാത്രയാകുമെന്ന് പ്രതീക്ഷിക്കാം. കഥാഗതിയറിയാന്‍ പുത്തന്‍ എപ്പിസോഡിനായി കാത്തിരിക്കാം.