ജനപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി' അടുത്തിടെയാണ് അവസാനിച്ചത്. പക്ഷേ മിനിസ്ക്രീന്‍ പ്രേക്ഷകരില്‍ ആ പരമ്പര സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. പരമ്പരയിലെ കഥാപാത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ജനപ്രീതിയുണ്ട്. പരമ്പരയിലെ 'മഹി'യുടെ ഭാര്യയായ 'അര്‍ച്ചന' എന്ന കഥാപാത്രത്തെ പരമ്പര ഇഷ്ടപ്പെടുന്ന ആരുംതന്നെ മറന്നുകാണില്ല. ഗുരുവായൂര്‍ സ്വദേശിയായ അനുശ്രീ ചെമ്പകശ്ശേരിയാണ് പരമ്പരയില്‍ അര്‍ച്ചനയായെത്തിയത്. വാനമ്പാടിയിലെ പ്രതിനായികാ കഥാപാത്രമായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രി പരമ്പരയിലെത്തിയത്. മിനിസ്ക്രീനിലൂടെയും ടിക് ടോക്കിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ അനുശ്രി ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പാട്ടുമായെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിച്ച അനുശ്രീ അവരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയത്. പുറപ്പാട് എന്ന മലയാളം ചിത്രത്തിലെ 'അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍' എന്നുതുടങ്ങുന്ന മനോഹരമായ ഗാനമാണ് അനുശ്രി ആരാധകര്‍ക്കായി പാടിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു പാട്ടെന്നു പറഞ്ഞാണ് അനു പാടാന്‍ തുടങ്ങുന്നത്.