ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ടാവും അതിലെ കഥാപാത്രങ്ങൾ. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. എന്നാൽ ഇനി മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പിന്നീട് പലപ്പോഴും സുചിത്ര വ്യക്തമാക്കിയിരുന്നു.  

ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് പത്മിനിയെന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടിയെന്നുമൊക്കെ സുചിത്ര പറഞ്ഞിരുന്നു. പത്മിനിയെ അവതരിപ്പിക്കാന്‍ തനിക്ക് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് കഥാപാത്രത്തിന്‍റെ പ്രാധാന്യവും തിരിച്ചറിഞ്ഞതെന്നും സുചിത്ര പറഞ്ഞിരുന്നു. നേരത്തെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്ര ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ പോസ്റ്റിലൂടെയും ഇക്കാര്യമാണ് സുചിത്ര പറയുന്നത്.

നേരത്തെ തന്നെ സുചിത്ര പരിചയപ്പെടുത്തിയിരുന്ന നൃത്താധ്യാപികയ്ക്കൊപ്പം നൃത്തം അഭ്യസിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. 'നൃത്തം ശാരീരികവും മാനസികവുമായ വ്യായാമമാണ്. ഒരിക്കൽ  ശരീരം ചലിച്ചു തുടങ്ങിയാൽ അത് നിങ്ങൾക്ക് മനസിലാകും'- എന്നും താരം കുറിക്കുന്നു.