പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ പതിനാലു വര്‍ഷം മുന്നേയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ അനുമോള്‍. ജനപ്രിയ പരമ്പരയായി മുന്നേറിയ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയെല്ലാംതന്നെ ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്.

പരമ്പരയിലെ കുട്ടിത്താരങ്ങളാണ് മലയാളികള്‍ക്കേവര്‍ക്കും പ്രിയപ്പെട്ടവരെന്ന് പറയാം. അതുകൊണ്ടുതന്നെ അവരുടെ ശരിക്കുള്ള പേരിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം അനുമോളെന്നും തംബുരുവെന്നും വിളിക്കാന്‍ തന്നെയാണ്. പരമ്പരയിലെ മറ്റേത് താരങ്ങളെക്കാളും ആരാധകരുള്ള താരങ്ങളാണ് അനുമോളെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണയും തംബുരുവായി വേഷമിടുന്ന സോനാ ജെലീനയും.

കഴിഞ്ഞ ദിവസമാണ് പതിനാലു വര്‍ഷം മുന്നേയുള്ള ചിത്രം എന്നുപറഞ്ഞ് ഗൗരി തന്റെ പഴയകാല ചിത്രം പങ്കുവച്ചത്. 'ഓഹ് എന്റെ മാലാഖ എത്ര ക്യൂട്ടാണ്' എന്നാണ് വാനമ്പാടി പരമ്പരയില്‍ ഗൗരിയുടെ അച്ഛനായെത്തിയ സായ്കിരണ്‍ കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫാന്‍സ്‌ പേജുകളും ആരാധകരുമുള്ള ഗൗരിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വാനമ്പാടിയിലെ മോഹനും അനുമോളും തംബുരുവുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. മൗനരാഗത്തിലെ കഥാപാത്രമായ 'കല്ല്യാണി'യുടെ പിറന്നാളിന് 'കിരണ്‍' നല്‍കുന്ന സര്‍പ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തിയത്. 'നീയെന്‍ സര്‍ഗ സൗന്ദര്യമേ' എന്ന ഗാനം ആലപിക്കുന്ന 'മോഹനും' 'അനുമോളും' ആരാധകരെ ആവേശത്തിലാക്കിയിരുന്നു.