പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ വാനമ്പാടി പുത്തന്‍ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ആശ്രമത്തില്‍ മനോരോഗ ചികിത്സയില്‍ കഴിയുന്ന മഹിയുടെ ഭാര്യ അര്‍ച്ചനയെ, അതായത് തംബുരുമോളുടെ യഥാര്‍ത്ഥ അച്ഛന്റെ ഭാര്യയെ പരിചരിക്കാന്‍ കുട്ടികള്‍ ആശ്രമത്തിലേക്ക് പോകുമോ ഇല്ലയോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്കാണ് ഇന്ന് അവസാനമായിരിക്കുന്നത്. തന്റെ മകളെ ആശ്രമത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്ന പത്മിനിയുടെ വാദത്തെ, ''നിന്റെ മാത്രം മകളല്ലല്ലോ തമ്പുരു, എന്റെകൂടെ മകളല്ലെ ''എന്ന അര്‍ത്ഥംവച്ച മറുചോദ്യത്തില്‍ മോഹന്‍ തകര്‍ത്തുകളയുമ്പോള്‍ പരസ്യമായിട്ടും രഹസ്യമാക്കിവച്ച സത്യം പുറത്തുവരുന്നതെന്നാണെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആശ്രമത്തിലേക്ക് തംബുരുമോള്‍ പോകാതിരിക്കാന്‍ പത്മിനിയും ഡാഡിയും മെനഞ്ഞ പദ്ധതികളെല്ലാം തകരുന്നതാണ് ശ്രീമംഗലത്ത് കാണാന്‍ കഴിയുന്നത്. പത്മിനി ആശ്രമത്തിലെത്തി സ്വാമിയുടെ കാലില്‍ സാഷ്ടാംഗപ്രണാമം നടത്തിയതും ബാഗ്ലൂര്‍ ട്രിപ്പ് മെനഞ്ഞതും മോഹന്റെ അമ്മയുടെ സമക്ഷം പരാതിബോധിപ്പിച്ചതും എല്ലാം അവര്‍ക്കുതന്നെ വിനയായി വരികയാണ്. തടയാന്‍ മറ്റുമാര്‍ഗ്ഗങ്ങളെല്ലാം അവസാനിച്ച പത്മിനി തംബുരുവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് മോഹനും മക്കളും ആശ്രമത്തിലേക്ക് നീങ്ങുകയാണ്.

സമാധാനത്തിന്റയും സംഗീതത്തിന്റെയും ലോകമാണ് ആശ്രമത്തിലേതെന്ന് അനുമോള്‍ തംബുരുമോള്‍ക്ക് പറഞ്ഞുനല്‍കുമ്പോള്‍ കഴിഞ്ഞ കാലത്തേക്ക് അനുമോളുടെ കൂടെ പ്രേക്ഷകരും എത്തുകയാണ്. അനുമോള്‍ ആദ്യം ആശ്രമത്തിലെത്തിയത് അനുമോനായാണെന്നും പിന്നീടുള്ള ഒളിക്കാലത്ത് പെണ്‍കുട്ടിയായിത്തന്നെ ചെന്നകാര്യവും പറഞ്ഞപ്പോള്‍ തംബുരുമോള്‍ ആശ്രമത്തിലെത്താന്‍ അത്യുത്സാഹത്തിലാണ്. അതേസമയം ആശ്രമത്തില്‍ അര്‍ച്ചന മക്കള്‍ വരുന്നതും കാത്തിരിപ്പാണ്. തമ്പുരുമോള്‍ തന്റെ മരണപ്പെട്ടുപോയ ഐശ്വര്യമോളാണ് എന്നു കരുതിയാണ് അര്‍ച്ചനയുടെ കാത്തിരിപ്പ്. രണ്ടോ മൂന്നോ ദിവസം എന്നുപറഞ്ഞ് ആശ്രമത്തിലേക്ക് പോകുന്ന മക്കള്‍ എപ്പോള്‍ തിരികെയെത്തും എന്ന പത്മിനിയുടെ ആശങ്കയില്‍ കഴമ്പുണ്ടെന്നുവേണം കരുതാന്‍. മക്കള്‍ വന്നയുടനെ ഇവിടംവിട്ട് പോകണം എന്ന് അര്‍ച്ചന പറയുന്നതും മക്കള്‍ തിരികെയെത്തുന്ന സമയത്തെപ്പറ്റി പ്രേക്ഷകര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. 

അര്‍ച്ചനയുടെ അരികിലേക്ക് തിരികെയെത്തിയ മഹിയോട് ഇനി വിട്ടുപോകരുതെന്ന് അര്‍ച്ചന പറയുന്നതും സ്വാമി മഹിയെ കാണണം എന്നുപറയുന്നിടത്തുമാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. എന്തിനാകും സ്വാമി മഹിയെ കാണണം എന്നു പറഞ്ഞത്? കുട്ടികള്‍ ആശ്രമത്തിലെത്തിക്കഴിഞ്ഞാല്‍ എന്താകും അര്‍ച്ചനയുടെ അവസ്ഥ? രോഗം മാറുകയണോ അതോ തംമ്പുരുവിനെ തിരികെ വിടാതിരിക്കുമോ എന്നെല്ലാമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതറിയാന്‍ വരുംദിവസങ്ങള്‍ കാത്തിരിക്കുക തന്നെവേണം.