പ്രിയ മേനോന്‍ എന്ന പേര് ടെലിവിഷന്‍ പ്രേമികള്‍ക്ക് അത്ര സുപരിചിതമല്ല. 'രുഗ്‍മിണി'യെന്നോ 'രുക്കു'വെന്നോ കേട്ടാല്‍ ഒരു മുഖമേ അവരുടെ മനസിലേക്ക് എത്തുകയുമുള്ളൂ. ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ നെഗറ്റീവ് ഷെയ്‍ഡുള്ള അമ്മ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. കൂടാതെ 'മൂന്നുമണി' എന്ന പരമ്പരയിലെ 'ജലജ' എന്ന നെഗറ്റീവ് കഥാപാത്രത്തേയും പ്രിയയാണ് ഗംഭീരമാക്കിയത്. വാനമ്പാടി പരമ്പര അവസാനിച്ചതോടെ പരമ്പരയുടെ ആരാധകര്‍ക്ക് മിസ് ചെയ്‍ത ഒരു സാന്നിധ്യം പ്രിയ ആയിരുന്നു. ഇപ്പോളിതാ തന്‍റെ മിനിസ്‌ക്രീന്‍ മടങ്ങിവരവിനെപ്പറ്റി സംസാരിക്കുകയാണ് അവര്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയ ഇക്കാര്യം പുറത്തുവിട്ടത്. 

അടുത്തായി സംപ്രേഷണം ആരംഭിക്കുന്ന 'സ്വന്തം സുജാത' എന്ന പരമ്പരയിലൂടെയാണ് പ്രിയ മേനോന്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം നന്നായി വഴങ്ങാത്ത 'മഹിളാമണി' എന്ന കഥാപാത്രമായാണ് പ്രിയ എത്തുന്നത്. 'ചെയ്യുന്ന കാര്യങ്ങളുമായി ലയിച്ചുചേരുക എന്നതാണ് എന്‍റെ ജീവിതരഹസ്യം എന്നുവേണം പറയാന്‍. എന്‍റെ പൂര്‍ണ്ണമായ മനസ്സോടെയും ആത്മാവോടെയും.. സൂര്യ ടിവിയിലൂടെ ഞാന്‍ ഉടനെ വരുന്നുണ്ട്. 'സ്വന്തം സുജാത' എന്ന പരമ്പരയില്‍, മുബൈ മലയാളിയായ, മുബൈയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന, ആഴത്തില്‍ വേരൂന്നിയ കഥാപാത്രം. ശരിക്കും മുബൈയില്‍ നിന്നുമെത്തി ഇവിടെ സെറ്റിലായ എല്ലാവരുടേയും രൂപമായ, ഹിന്ദി സംസാരിക്കുന്ന മണിമംഗലത്ത് മഹിളാമണിയമ്മ. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക", പ്രിയ മേനോന്‍റെ വാക്കുകള്‍.