ജനപ്രിയ പരമ്പര വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. അച്ഛന്‍ മകളെ തിരിച്ചറിയാന്‍ പോകുകയാണെന്നതാണ് കഥാഗതി. ഇത്രകാലം മകള്‍ തന്റെ മീശയ്ക്കുതാഴെ ഉണ്ടായിരുന്നിട്ടും തിരിച്ചറിയാത്തതായിരുന്നു പ്രേക്ഷകരുടെ സങ്കടം. എന്നാല്‍ അച്ഛന്‍ മകളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഇനിയെന്താകും പരമ്പരയുടെ ഗതി എന്നതാണ് പുതിയ ആകാംക്ഷ. എന്നിരുന്നാലും മോഹന്‍ അനുവിനെ ഇതുവരേയ്ക്കും തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ അനു തന്നെയാകണമേ തന്റെ മകള്‍ എന്ന പ്രാര്‍ത്ഥനയിലാണ് മോഹന്‍.

മകളെ അന്വേഷിച്ചിറങ്ങുന്ന മോഹന്‍ കാണുന്നതും, കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ അനുതന്നെയാണ് തന്റെ മകള്‍ എന്നതുതന്നെയാണ്. അന്വേഷിക്കുമ്പോള്‍ . അനുവിനെ അറിയാവുന്നവരെല്ലാം പറയുന്നത്, അനുവിന്റെ പാട്ടിനെക്കുറിച്ചാണ്. അതുതന്നെയാണ് മോഹന്, അനുതന്നെയല്ലയോ തന്റെ മകള്‍ എന്ന് സംശയിക്കാനുള്ള പ്രഥമ കാരണവും. അതേസമയം അച്ഛന്‍ തിരികെയെത്തുമ്പോള്‍ തന്നെ മോളെ എന്ന് വിളിക്കുന്നതും കാത്തിരിക്കുകയാണ് അനുമോള്‍. അച്ഛന്‍ തന്നെ തിരിച്ചറിയുന്ന ആ ഒരു നിമിഷത്തിന് പ്രേക്ഷകരെക്കാളും കൊതിച്ചിരിക്കുന്നത് അനു തന്നെയാണല്ലോ.

അതേസമയം ശ്രീമംഗലത്ത് മേനോനെ ദേവകിയമ്മ വലിച്ച് കീറുകയാണ്. മേനോനെ തനിക്ക് കാണണമെന്ന് ദേവകിയമ്മ പറയുന്നതുകേട്ട പത്മിനി എന്താണ് കാര്യമെന്നറിയാന്‍ ദേവകിയമ്മയുടെ അടുത്ത് പോയെങ്കിലും, അമ്മ ഒന്നും വിട്ടുപറയുന്നില്ല. മേനോന്‍ അങ്ങോട്ടേക്ക് എത്തുന്ന നിമിഷംതന്നെ ദേവകിയമ്മ മേനോന്റെ മനസ്സിലുള്ള കാര്യങ്ങള്‍വരെ ഒരു മെന്റലിസ്‌റ്റെന്നപോലെ ചോദിക്കുകയാണ്. ദേവകിയമ്മയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മേനോന്‍ പതറുന്നുണ്ടെങ്കിലും, മേനോന്‍ എല്ലാം തന്റെ മകളുടെ നന്മയ്ക്കായാണ് ചെയ്യുന്നതെന്നാണ് വാദിക്കുന്നത്.

മോഹന്റെ ജാതകം നോക്കിയ ദേവകിയമ്മ കാണുന്നത് തന്റെ മകന് ഒരേയൊരു സന്താനഭാഗ്യമേയുള്ളൂവെന്നാണ്. എന്നാല്‍ മോഹന്‍ അനുവിന്റെ കാര്യം പറഞ്ഞതോടെ, തംബുരുവിന്റെ പിതൃത്വം ദേവകിയമ്മ സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോഹന്‍ ഏറ്റവും അടുത്ത ഭാഗത്തില്‍ത്തന്നെ മകളെ കണ്ടെത്തുമെന്നാണ് കരുതേണ്ടത്.

അച്ഛനും മകളും തമ്മില്‍ തിരിച്ചറിയുന്ന നിമിഷത്തിനായി വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കാം.