2025-ന്റെ ആദ്യ പകുതിയിൽ വൻ പ്രതീക്ഷകളോടെ റിലീസ് ചെയ്ത പല തമിഴ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.
2025-ന്റെ ആദ്യ ആറു മാസങ്ങൾ ആകുമ്പോള്‍ തമിഴ് സിനിമാ ലോകം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചില ചിത്രങ്ങൾ തീയറ്ററില്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. 50-ലധികം ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും വെറും ആറ് ചിത്രങ്ങൾ മാത്രമാണ് വിജയം കണ്ടത്. ബാക്കിയെല്ലാം വന് തോല്‍വിയാണ് നേരിട്ടത്. 2025-ലെ ഏറ്റവും വലിയ അഞ്ച് കോളിവുഡ് ഫ്ലോപ്പ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. വണങ്കാന്‍
പൊങ്കൽ റിലീസായി എത്തിയ വണങ്കാന്‍ വലിയ പ്രതീക്ഷകൾക്കിടയിലാണ് തിയേറ്ററുകളിലെത്തിയത്. സൂര്യ ഉപേക്ഷിച്ച പ്രോജക്ട് പിന്നീട് അരുൺ വിജയ് ഏറ്റെടുത്ത് പൂർത്തിയാക്കി. ബാലയുടെ തിരിച്ചുവരവായി വാഴ്ത്തപ്പെട്ടതും ചിത്രത്തിന് ഹൈപ്പ് കൂട്ടി. എന്നാൽ, ദുർബലമായ തിരക്കഥയും ബാലയുടെ പഴയ ശൈലിയിൽ നിന്ന് മാറ്റമില്ലാത്ത സമീപനവും ചിത്രത്തെ തകർത്തു. റിലീസിന് പിന്നാലെ വണങ്കാൻ തിയേറ്ററുകളിൽ നിന്ന് അപ്രത്യക്ഷമായി.
2. വിടാമുയർച്ചി
അജിത് കുമാർ നായകനായ വിടാമുയർച്ചി 2025-ലെ അജിത്തിന്റെ ആദ്യ റിലീസായിരുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്ത് ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ തൃഷയായിരുന്നു നായിക. അസർബൈജാനിൽ പൂർണമായും ചിത്രീകരിച്ച ഈ ചിത്രം ഹോളിവുഡ് നിലവാരത്തിലായിരിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ മാത്രമാണ് ലഭിച്ചത്. മാസ് രംഗങ്ങളുടെ അഭാവവും മന്ദഗതിയിലുള്ള തിരക്കഥയും ചിത്രത്തെ തോൽവിയിലേക്ക് നയിച്ചു. നിർമ്മാതാക്കൾക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകൾ.
3. നിലവുക്ക് എന്മേൽ എന്തടി കോപം
ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്മേൽ എന്തടി കോപം ഫെബ്രുവരിയിൽ റിലീസ് ചെയ്തപ്പോൾ പ്രേമലുവിന്റെ വിജയം ആവർത്തിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ ചിത്രം കണ്ട പ്രേക്ഷകർ ധനുഷിന് ഞങ്ങളോട് എന്താണ് ദേഷ്യം? എന്ന് ചോദിക്കുന്ന തരത്തിൽ ദുർബലമായിരുന്നു ചിത്രം. 10 കോടി രൂപ പോലും തീയറ്ററില്‍ നേടാന്‍ ഈ ചിത്രത്തിനായില്ല. ഡ്രാഗൺ എന്ന ചിത്രത്തിന്റെ വിജയവും നിക്കിന്‍റെ തോല്‍വിക്ക് ആക്കം കൂട്ടി.
4. റെട്രോ
സൂര്യയുടെ കംബാക്ക് ചിത്രമായി പ്രചരിപ്പിക്കപ്പെട്ട റെട്രോ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു. നിർമ്മാതാവ് എന്ന നിലയിൽ സൂര്യയ്ക്ക് ലാഭം ലഭിച്ചെങ്കിലും, തിയേറ്റർ ഉടമകൾക്ക് നഷ്ടമാണ് ചിത്രം സമ്മാനിച്ചത്. കങ്കുവയുടെ തോൽവിയോളം വലുതല്ലെങ്കിലും, റെട്രോ ശരാശരി ചിത്രമായി മാത്രം ഒതുങ്ങി
5. തഗ് ലൈഫ്
2025-ലെ ഏറ്റവും പുതിയ ഫ്ലോപ്പ് ചിത്രമാണ് മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തഗ് ലൈഫ്. “ഇത് മണിരത്നം ചിത്രമോ?” എന്ന് പ്രേക്ഷകർ ചോദിക്കുന്ന തരത്തിൽ ദുർബലമായിരുന്നു ചിത്രം. 1000 കോടി വസൂലാക്കുമെന്ന പ്രചാരണങ്ങൾക്കിടയിൽ 100 കോടി പോലും കടക്കാൻ ചിത്രം ബുദ്ധിമുട്ടുന്നു. അമിതമായ പ്രൊമോഷനും ചിത്രത്തിന്റെ പരാജയത്തിന് കാരണമായി. സോഷ്യൽ മീഡിയയിൽ തഗ് ലൈഫ് വലിയ ട്രോളുകൾക്ക് വിധേയമാകുന്നു.
2025-ന്റെ ആദ്യ പകുതിയിൽ തമിഴ് സിനിമയ്ക്ക് വലിയ തിരിച്ചടികളാണ് ലഭിച്ചത്. വൻ താരനിരയും പ്രശസ്ത സംവിധായകരും ഉണ്ടായിട്ടും ഈ ചിത്രങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. ദുർബലമായ തിരക്കഥകളും അമിതമായ പ്രചാരണവുമാണ് ഈ തോൽവികൾക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ തമിഴ് സിനിമയ്ക്ക് തിരിച്ചുവരവ് സാധ്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.