സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ‘ബൊമ്മി‘യെന്നാണ് അപര്‍ണ പറഞ്ഞത്. ഇപ്പോഴിതാ ബൊമ്മിയാകാൻ അപർണ നടത്തിയ പരിശീലനങ്ങളുടെ വീഡിയോ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

സൂരറൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങളും വീഡിയോയിൽ അപർണ പങ്കുവച്ചു. അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വീഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ലഭിച്ചിരുന്നു.

ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് അപർണ അടക്കമുള്ള അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചത്. ആമസോൺ പ്രൈമിലൂടെയാണ് പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ഞാൻ ചെയ്‍ത രംഗങ്ങള്‍ ഏതെങ്കിലും സംവിധായികയെ സന്തോഷിപ്പിച്ചുണ്ടെങ്കില്‍ സൂര്യ സർ ആയിരുന്നു ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഒപ്പം അഭിനയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ആളാണ്. അങ്ങനെയാണ് എനിക്ക് മികച്ചതായി ചെയ്യാൻ കഴിഞ്ഞത്. മധുര ഭാഷയിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സഹതാരങ്ങളോടുള്ള സൂര്യ സാറിന്റെ പെരുമാറ്റം പ്രചോദനമാണ് എന്നാണ് അപര്‍ണ ബാലമുരളി നേരത്തെ പറഞ്ഞത്.