ലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയകാലം കൊണ്ട് വിഷ്ണു ആരാധകരുടെ മനസിൽ ഇടംനേടി. അടുത്തിടെയാണ് താൻ അച്ഛനായ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ മകന്‍റെ പേര് എന്താണെന്ന് അറിയിക്കുകയാണ് വിഷ്ണു. 

മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണു ഇക്കാര്യം അറിയിച്ചത്. "ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു" എന്നായിരുന്നു കുഞ്ഞ് ജനിച്ചപ്പോൾ വിഷ്ണു കുറിച്ചത്.

ഫെബ്രുവരി മാസത്തിലായിരുന്നു വിഷ്ണുവിന്‍റെയും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുടെയും വിവാഹം. 2003ല്‍ പുറത്തെത്തിയ 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ പുറത്തെത്തിയ നാദിര്‍ഷ ചിത്രം 'അമര്‍ അക്ബര്‍ അന്തോണി'യുടെ സഹ തിരക്കഥാകൃത്ത് ആയിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളും ഇവരുടെ തിരക്കഥയില്‍ പുറത്തെത്തി. നിരവധി ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുമുണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍.