ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായ കസ്തൂരിമാൻ അവസാനിക്കുന്നു. ഇനി ക്ലൈമാക്സിലേക്കുള്ള 12 എപ്പിസോഡുകൾ കൂടിയാണ് പരമ്പരയ്ക്ക് ബാക്കിയുള്ളതെന്നു കാണിച്ചുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു. കാവ്യ, ജീവ എന്നീ പ്രധാന കഥാപാത്രങ്ങളായി റബേക്ക സന്തോഷ്, ശ്രീറാം രാമചന്ദ്രൻ എന്നിവരാണ് കസ്തൂരിമാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ ജീവയും കാവ്യയും 'ജീവ്യ' എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പുതിയ കഥാഗതിയിൽ പിരിഞ്ഞു ജീവിക്കുന്ന കഥാപാത്രങ്ങളായ ജീവയും കാവ്യയും ഒന്നിക്കാനൊരുങ്ങുകയാണ്. നിരവധി പ്രതിസന്ധികൾ ഇവർക്കു മുന്നിലുണ്ട്. ഇരുവരും അത് എങ്ങനെ തരണം ചെയ്യുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  ആവേശാന്ത്യത്തിലേക്ക് കടക്കുന്ന പരമ്പരയിൽ കാവ്യയുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അച്ഛമ്മയുടെ കടന്നുവരവും തുടർന്നുള്ള തുറന്നുപറച്ചിലുമാണ് നടക്കുന്നത്. രഹസ്യം കാവ്യയും വെളിപ്പെടുത്തുമ്പോൾ, കാലങ്ങളായി കാത്തുവച്ച രഹസ്യങ്ങൾക്കൊപ്പം പുതിയ ജീവിത സാഹചര്യങ്ങൾ കൂടി തുറന്നുവരുമെന്ന് പ്രേക്ഷകർ കരുതുന്നു.

റബേക്ക സന്തോഷ്, ശ്രീരാം രാമചന്ദ്രൻ എന്നിവർക്ക് പരമ്പരയിലൂടെ നിരവധി ആരാധകരുണ്ട്. ശ്രദ്ധേയമായ ഓൺ സ്ക്രീൻ രസതന്ത്രമാണ് ഇരുവരെയും ശ്രദ്ധേയരാക്കിയത്. അതേസമയം യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥ റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരൻ. ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് വിവരം.