കൊച്ചി: കായികമോഹങ്ങള്‍ ബാക്കിയാക്കി അഫീല്‍ ജോണ്‍സണ്‍ കണ്ണടച്ചത് തനിക്കേറ്റവും ഇഷ്ടപ്പെട്ട കായിക ഇനമായ ഫുട്ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ കിട്ടിയ വാര്‍ത്തയറിയാതെ. അത്‌ലറ്റിക്സ് പോലെയോ അതിനിക്കാളേറെയോ പ്രിയങ്കരമായിരുന്നു  അഫീലിന് ഫുട്ബോള്‍. ജില്ലാതലമത്സരങ്ങളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അഫീലിന് സംസ്ഥാന സ്കൂള്‍ ഗെയിംസിനുള്ള ടീമിലേക്ക് സെലക്ഷന്‍ കിട്ടിയതറിയുന്നതിന് മുമ്പാണ് ഹാമറിന്റെ രൂപത്തില്‍ മരണം തലയില്‍ പതിച്ചത്.  

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട് ലെവല്‍ പ്രോഗ്രാമിന്റെ ഭാഗമായി കളിക്കാരെ തെരഞ്ഞെടുക്കുന്ന സ്കോര്‍ ലൈന്‍ അക്കാദമി ഏതാനും മാസം മുമ്പ് അഫീല്‍ ഉള്‍പ്പെടെ രണ്ട് പേരെ അവരുടെ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. സ്കൂള്‍ ഗെയിംസിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം ഒക്ടോബര്‍ ഏഴിന് പൂജാ അവധി സമയത്ത് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.

ഇതിന് മുമ്പാണ് സ്കൂള്‍ മീറ്റില്‍ വളന്റിയറായി പങ്കെടുക്കുന്നതിനിടെ ഒക്ടോബല്‍ നാലിന് ഹാമര്‍ തലയില്‍ വീണ് അഫീലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നില്‍ക്കുകയായിരുന്ന അഫീലിന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.