സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍. ഇവരാറും ചേരുന്നതാണ് ഇന്ത്യയുടെ മധ്യനിരയും പിൻനിരയും. ഇവര്‍ക്കാർക്കും 130ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്ല
ഏഷ്യ കപ്പില്‍ ഒരു പോറല്‍ പോലുമില്ലാതെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. പരീക്ഷണങ്ങള്‍ നിരവധിയായിരുന്നു. പക്ഷേ, ഇതുവരെയും തെളിയാതെ നില്‍ക്കുന്ന ഒന്നുണ്ട്. ഏറ്റവും നിര്‍ണായകമായത്. ഇന്ത്യൻ ബാറ്റിങ് ലൈനപ്പിലെ മധ്യനിര. പ്രതിഭകളാല്‍ സമ്പന്നമായ ഇടം.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ബാറ്റിങ് നിരയെടുക്കുക. ആ പട്ടികയില്‍ ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ ഉയരം മറ്റാരേക്കാള്‍ ഇരട്ടിയാണ്. ഇന്ത്യ ടൂര്‍ണമെന്റില്‍ ആകെ നേടിയത് 721 റണ്‍സാണ്. ഇതില്‍ 248 റണ്‍സും പിറന്നത് അഭിഷേകിന്റെ ബാറ്റില്‍ നിന്നാണ്, 34 ശതമാനം. സൂര്യകുമാറിന്റെ സംഘത്തിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ അഭിഷേകിന്റെ ഒപ്പണിങ് പങ്കാളിയും ഉപനായകനുമായ ശുഭ്മാൻ ഗില്ലാണ്. 111 റണ്‍സ്. ഇരുവരുടേയും ആകെ സംഭാവന ചേര്‍ത്തുവെച്ചാല്‍ ഇന്ത്യയുടെ ആകെ റണ്‍സിന്റെ പകുതിയോളം വരും. ഓപ്പണര്‍മാര്‍ക്ക് അപ്പുറം തളരുന്ന ബാറ്റിങ് നിര.
മെല്ലെ മെല്ല മധ്യനിര
മധ്യ ഓവറുകളിലെ ഇന്ത്യയുടെ ടൂർണമെന്റിലെ പ്രകടനം നോക്കാം. അതായത് ആറ് മുതല്‍ 15 ഓവർ വരെയുള്ള സ്കോറിങ്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 62 റണ്‍സിന് ഒരു വിക്കറ്റ്. ഒമാനെതിരെ 80 റണ്‍സിന് നാല് വിക്കറ്റ്. പാക്കിസ്ഥാനെതിരായ സൂപ്പർ ഫോറില്‍ 71 റണ്‍സിന് മൂന്ന് വിക്കറ്റ്. ബെംഗ്ലാദേശിനെതിരെ 60 റണ്‍സിന് അഞ്ച് വിക്കറ്റ്. ഒമാനെതിരായ മത്സരത്തില്‍ മാത്രമാണ് ശരാശരി ഒരു ഓവറില്‍ എട്ട് റണ്‍സിന് മുകളില്‍ സ്കോർ ചെയ്യാൻ കഴിഞ്ഞത്. ടൂർണമെന്റില്‍ ഈ ഘട്ടത്തിലെ ഇന്ത്യയുടെ ശരാശരി 7.58 ആണ്.
2021 മുതലുള്ള കണക്കുകളെടുത്താല്‍ ട്വന്റി 20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും മികച്ച റണ്‍റേറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമാണ് ഇന്ത്യ. 9.1 ആണ് ഇന്ത്യയുടെ ശരാശരി റണ്‍റേറ്റ്. ഇതിന്റെ കാരണം മധ്യ ഓവറുകളില്‍ ഇന്ത്യ ആഗ്രസീവ് ക്രിക്കറ്റ് തുടരുന്നുവെന്നതായിരുന്നു. പക്ഷേ, ഏഷ്യ കപ്പില്‍ അഭിഷേകിന്റെ വിക്കറ്റിനപ്പുറം ഇന്ത്യക്ക് അത്തരമൊരു ശൈലി കാര്യമായി തുടരാൻ കഴിയുന്നില്ല. പ്രത്യേകിച്ചും ടൂർണമെന്റിലെ മറ്റ് ശക്തികളായ പാക്കിസ്ഥാൻ, ബെംഗ്ലാദേശ് പോലുള്ള ടീമുകള്‍ക്കെതിരെ.
സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍. ഇവരാറും ചേരുന്നതാണ് ഇന്ത്യയുടെ മധ്യനിരയും പിൻനിരയും. സൂര്യയുടെ നേട്ടം നാല് കളികളില്‍ നിന്ന് 59 റണ്‍സ്. തിലക് 95 റണ്‍സ്. സഞ്ജു രണ്ട് ഇന്നിങ്സില്‍ നിന്ന് 69. ഹാര്‍ദിക്ക് മൂന്ന് ഇന്നിങ്സുകളിലായി 46. അക്സര്‍ രണ്ട് ഇന്നിങ്സില്‍ നിന്ന് 36. ദുബെ മൂന്ന് ഇന്നിങ്സില്‍ നിന്ന് 17. മേല്‍പ്പറഞ്ഞ ഒരു ബാറ്റര്‍ക്ക് പോലും 130ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്ല. അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 206ഉം, ഗില്ലിന്റേത് 156ഉം ആണ് സ്ട്രൈക്ക് റേറ്റെന്നതും പരിഗണിക്കേണ്ടതുണ്ട്. പവര്‍പ്ലേയ്ക്ക് അപ്പുറവും ഇരുവരുടേയും സ്ട്രൈക്ക് റേറ്റ് ഇതിനൊപ്പമാണ്.
ബെംഗ്ലാദേശിനോട് കിതച്ചു
ബെംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിലായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ വലിയ തോതില്‍ പരീക്ഷിക്കപ്പെട്ടത്. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച ശിവം ദുബെ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്താണ് പുറത്താകുന്നത്. 37 പന്തില്‍ 75 റണ്‍സുമായി ബെംഗ്ലാദേശ് ബൗളര്‍മാരെ തല്ലിച്ചതച്ച അഭിഷേക് റണ്ണൗട്ടായി മടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ 8.5 ഓവര്‍ ബാക്കിയുണ്ടായിരുന്നു. അപ്പോള്‍ സ്കോര്‍ 112 ലെത്തിയിരുന്നു.
ദുബായിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ ഓള്‍ഡ് ബോളില്‍ ബൗണ്ടറി കണ്ടത്തുന്നതില്‍ അടിമുടി കിതയ്ക്കുന്ന ഇന്ത്യൻ ബാറ്റര്‍മാര്‍. സൂര്യകുമാര്‍ 11 പന്തില്‍ അഞ്ച് റണ്‍സ്, സ്ട്രൈക്ക് റേറ്റ് 45.45. തിലക് ഏഴ് പന്തില്‍ അഞ്ച് റണ്‍സ്, സ്ട്രൈക്ക് റേറ്റ് 71.43. അക്സര്‍ പട്ടേല്‍ 15 പന്തില്‍ പത്ത് റണ്‍സ്, സ്ട്രൈക്ക് റേറ്റ് 66. വേറിട്ട് നിന്നത് ഹാര്‍ദിക്ക് മാത്രമായിരുന്നു. 29 പന്തില്‍ വലം കയ്യൻ ബാറ്റര്‍ 38 റണ്‍സാണ് സ്വന്തമാക്കിയത്.
അഭിഷേകിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ നേരിട്ടത് 53 പന്തുകളാണ്, സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് കേവലം 56 റണ്‍സ്. 180 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മത്സരത്തിലാണ് 168 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഒരു വലിയ സ്കോർ പിന്തുടർന്ന് ജയിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുകയും അഭിഷേക് തിളങ്ങാതിരിക്കുകയും ചെയ്താല്‍ ഇന്ത്യൻ ബാറ്റിങ് നിര പരീക്ഷിക്കപ്പെടും.


