അബ്രാർ തുടങ്ങിയ സെലിബ്രേഷൻ പോര് രണ്ടാം ഇന്നിങ്സില്‍ ഹസരങ്ക ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ആവേശത്തിലേക്ക് എത്തിയത്. ഏഷ്യ കപ്പിലെ നിർണായക ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് സംഭവം

നമ്മളെ ചൊറിഞ്ഞാല്‍, നമ്മള്‍ കയറി മാന്തും. മോഹൻലാല്‍ പറഞ്ഞ ഈ ഡയലോഗ് മൈതാനത്ത് പ്രാവര്‍ത്തികമാകുകയായിരുന്നു ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക. മറുകരയില്‍ പാക്കിസ്ഥാന്റെ ലെഗ് സ്പിന്നര്‍ അബ്രാ‍ര്‍ അഹമ്മദ്. അബ്രാര്‍ ഒന്നുകൊടുത്തു, രണ്ട് വാങ്ങി. അങ്ങനെ പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ നടന്ന ഒരു സെലിബ്രേഷൻ വാ‍ര്‍.

അബ്രാറിന്റെ അടി

ഏഷ്യ കപ്പിലെ ശ്രീലങ്ക - പാക്കിസ്ഥാൻ മത്സരം. ഫൈനലിലേക്ക് എത്താൻ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്, തോറ്റാല്‍ പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോഹത്തുടക്കമുണ്ടായില്ല. ഷഹിൻ കൊടുങ്കാറ്റില്‍ ആടിയുലയുകയായിരുന്നു ശ്രീലങ്കൻ ബാറ്റിങ് നിര. 13-ാം ഓവറിലാണ് അബ്രാര്‍-ഹസരങ്ക പോരിന്റെ ആരംഭം. ശ്രീലങ്ക 80-5 എന്ന നിലയില്‍ പരുങ്ങലിലാണ്. സ്ട്രൈക്കില്‍ ഹസരങ്ക. ബൗളര്‍ അബ്രാര്‍.

ഹസരങ്കയ്ക്കായി അബ്രാര്‍ കാത്തുവെച്ചതൊരു ഗൂഗ്ലിയായിരുന്നു. സ്ലോഗ് സ്വീപ്പിലൂടെ ഹസരങ്കയുടെ ബൗണ്ടറിക്കായുള്ള ശ്രമം അവിടെ പാളുകയാണ്, ക്ലീൻ ബൗള്‍ഡ്. മത്സരത്തിലെ ഒരു ടേണിങ് പോയിന്റുകൂടിയായിരുന്നു അത്. ഹസരങ്ക-കമിന്ദു കൂട്ടുകെട്ട് അബ്രാര്‍ പൊളിച്ചു. പിന്നാലെ, ഹസരങ്കയ്ക്ക് ഒരു സെന്റോഫ് നല്‍കി അബ്രാര്‍. അതും ഹസരങ്ക വിക്കറ്റ് നേടുമ്പോള്‍ പുറത്തെടുക്കുന്ന അതേ സെലിബ്രേഷൻ ഉപയോഗിച്ചുകൊണ്ട്.

ഹസരങ്കയുടെ റിവഞ്ച്

ഇനി റിവഞ്ച് മോഡ്. അ‍ടിക്ക് തിരിച്ചടിയായിരുന്നില്ല, ഇരട്ടപ്രഹരമായിരുന്നു. ആദ്യം തീക്ഷണയെറിഞ്ഞ ആറാം ഓവറില്‍. ലെഗ് സ്റ്റമ്പ് ലൈനിലെത്തി ഫുള്‍ ലെങ്ത് ഡെലിവെറി ചുവടുമാറി മിഡ് ഓഫിലൂടെ പായിക്കാൻ ഫഖര്‍ സമാന്റെ ശ്രമം. എന്നാല്‍ പ്രതീക്ഷിച്ച എലവേഷനുണ്ടാക്കാൻ ഫഖറിനായില്ല. മിഡ് ഓഫില്‍ നിലയുറപ്പിച്ചിരുന്നത് ഹസരങ്കയായിരുന്നു. വലതുവശത്ത് ശരീരം മുഴുവൻ എടുത്തെറിഞ്ഞ് ആ പന്ത് വലം കയ്യിലൊതുക്കി ഹസരങ്ക. ഒരു എക്സപ്ഷണല്‍ ക്യാച്ച്.

ക്യാച്ച് പൂര്‍ത്തിയാക്കി വിക്കറ്റിന് അരികിലേക്കെത്തി ഹസരങ്ക. ഫഖറിന് ഹസരങ്കയുടെ വക സെന്റോഫ്, അതും അബ്രാര്‍ സ്റ്റൈലില്‍. റിവഞ്ച് ഒന്നാം പതിപ്പ്. അപ്പോള്‍ സ്ക്രീനില്‍ അബ്രാറിന്റെ മുഖം തെളിഞ്ഞു. ഭാവവ്യത്യാസമില്ലാതെ ഡഗൗട്ടിലിരിക്കുന്ന അബ്രാര്‍. പക്ഷേ, അതിന് മാറ്റം വരുത്താൻ ഹസരങ്ക തന്നെ പന്തെടുത്തു. ഏഴാം ഓവറിലെ നാലാം പന്ത്, പാക്കിസ്ഥാൻ യുവതാരം സയിം ആയുബാണ് സ്ട്രൈക്കില്‍.

ഗുഡ് ലെങ്തിലൊരു ഗൂഗ്ലി. പന്ത് കുത്തിത്തിരിയുമെന്ന് പ്രതീക്ഷിച്ച സയിമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ക്ലീൻ ബൗള്‍ഡ്. വിക്കറ്റുറപ്പിച്ച നിമിഷം അബ്രാര്‍ മോഡില്‍ ഹസരങ്കയുടെ രണ്ടാം ഘട്ട ആഘോഷം. വീണ്ടും അബ്രാറിന്റെ മുഖം സ്ക്രീനില്‍. ഇത്തവണ, താടിക്ക് കയ്യും കൊടുത്ത് നിരാശനായിരിക്കുന്ന അബ്രാറിനെയാണ് ഷെയ്ഖ് സായദ് സ്റ്റേഡിയത്തിലെ ഡഗൗട്ടിലും വലിയ സ്ക്രീനിലും കണ്ടത്.

തന്റെ അടുത്ത ഓവറില്‍ പാക് നായകൻ സല്‍മാൻ അഗയെ വിക്കറ്റിന് മുന്നിലും കുടുക്കി ഹസരങ്ക ഒരിക്കല്‍ക്കൂടി അബ്രാറിനെ നിരാശ രുചിപ്പിച്ചു. പക്ഷേ, ശ്രീലങ്ക ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യവും ഹസരങ്കയുടെ പ്രകടനത്തിനും പക്കിസ്ഥാനെ വിജയത്തില്‍ നിന്ന് അകറ്റാൻ പോന്നതായിരുന്നില്ല. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ സൂപ്പര്‍ ഫോറിലെ ആദ്യ ജയം പാക്കിസ്ഥാൻ നേടിയെടുത്തു. ശ്രീലങ്ക പുറത്ത്.

പക്ഷെ, കളത്തിലെ റിവഞ്ച് അതിന് പുറത്തേക്ക് എത്തിക്കാൻ ഹസരങ്കയും അബ്രാറും തയാറായില്ല. മത്സരശേഷം നടന്ന ഹസ്തദാനത്തിനിടെ ഇരുവരും സംസാരിക്കുകയും മൈതാനത്ത് നടന്ന കാര്യങ്ങളില്‍ പരിഭവങ്ങളില്ലെന്ന് പരസ്പരം വ്യക്തമാക്കുകയും ചെയ്തു. ഇരുവരും ആസ്ലേഷിച്ച ശേഷമാണ് സ്റ്റേഡിയം വിട്ടതും.