ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. മധ്യനിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനമാണ് പ്രധാന ചര്‍ച്ചാവിഷയം.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് സെമി ഫൈനല്‍ ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രധാനമായും മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനമാണ് ടീമില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഓപ്പണറായി കളിച്ചിരുന്ന സഞ്ജു, മധ്യനിരയിലേക്ക് മാറിയപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ഓപ്പണര്‍മാരുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അഭിഷേക് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്. എന്നാല്‍ ആദ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടമാവുകയാണെങ്കില്‍ മാത്രം സഞ്ജുവിനെ മുന്‍ നിരയില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. നാലാം നമ്പറില്‍ തിലക് വര്‍മ. അഞ്ചാമനായി സഞ്ജു തന്നെ കളിക്കാനാണ് സാധ്യത. എന്നാല്‍ ടൈമിംഗ് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നുള്ളത് പ്രധാന പ്രശ്‌നമാണ്. ഒമാനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജു അര്‍ധ സെഞ്ചുറി നേടിയിരുന്നു.

എന്നാല്‍ പാകിസ്ഥാനെതിരെ സഞ്ജു കളിച്ചത് അഞ്ചാമനായിട്ടാണ്. ഒരു ബൗണ്ടറി നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും പിന്നീട് ആ താളം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചില്ല. സ്പിന്നിനെതിരേയും പേസിനെതിരേയും താരം നന്നായി ബുദ്ധിമുട്ടി. ഒടുവില്‍ 17 പന്തില്‍ 13 റണ്‍സെടുത്ത് ഹാരിസ് റൗഫിന്റെ പന്തില്‍ പുറത്തായി മടങ്ങി. സഞ്ജുവിന് പകരം ജിതേഷിനെ കൊണ്ടുവരണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് വിന്നിംഗ് കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ശ്രമിക്കുക.

സഞ്ജുവിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ക്രീസിലെത്തും. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തുടരും. സ്‌പെഷ്യലിസ്റ്റ് പേസറായി ജസ്പ്രിത് ബുമ്രയും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.


YouTube video player