ബ്രസല്‍സ്: കൊടിയ വേദനയുമായി  രണ്ടുവര്‍ഷം മറീകെ ജീവിച്ചു. ഒടുവില്‍ മരണം അവരെ അനുഗ്രഹിച്ചു. പറഞ്ഞു വരുന്നത്,  ബല്‍ജിയത്തിനു വേണ്ടി ലണ്ടന്‍ പാരാലിമ്പിക്‌സ് ഹാന്‍ഡ് ബൈക്ക് വിഭാഗത്തില്‍ സ്വര്‍ണം നേടിയ മറീകെ വെര്‍വൂര്‍ത്തിനെക്കുറിച്ചാണ്. നാല്‍പ്പതാം വയസില്‍  അവര്‍ ദയാവധത്തിന് വിധേയയായി. ലണ്ടന്‍ പാരാ ഒളിമ്പിക്‌സില്‍ ഹാന്‍ഡ് ബൈക്ക് വിഭാഗത്തില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണവും 100 മീറ്ററില്‍ വെങ്കലവും നേടിയ താരമാണ് മറീകെ വെര്‍വൂര്‍ത്ത്.  

മരണം മുഖാമുഖം നില്‍ക്കുമ്പോഴും അവര്‍ പുഞ്ചിരിച്ചു. അവസാന നിമിഷവും ആഘോഷമാക്കും വിധം ഒരു ഗ്ലാസ് ഷാംപെയ്ന്‍ കുടിച്ചുകൊണ്ട് സന്തോഷത്തോടെ  ഭൂമിയോട് വിടപറഞ്ഞു. ദിവസം തോറും മസിലുകള്‍ ശോഷിക്കുന്ന മസില്‍ അട്രോപ്പി എന്ന രോഗത്തെ തുടര്‍ന്ന് അസഹനീയമായ വേദന അനുഭവിക്കുകയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അവര്‍. 

കാണുന്ന ഏവരുടെയും നെഞ്ചു പിടയും. കൊടിയ വേദനയ്ക്കിടയിലും മറ്റുള്ളവരെ ചിരിപ്പിക്കാനായിരുന്നു മറീകെയ്ക്ക് ഇഷ്ടം. അവരെ ചികില്‍സിക്കുന്ന ഡോക്ടര്‍ വിം ടീസ്റ്റല്‍മാന്‍ ദയാവധത്തിന് അവര്‍ക്കു വേണ്ടി ബെല്‍ജിയം സര്‍ക്കാരിന് അപേക്ഷ നല്‍കുകയും കഴിഞ്ഞ ദിവസം അതു അംഗീകരിക്കുകയുമായിരുന്നു. മറ്റ് മൂന്ന് ഡോക്ടര്‍മാരും ഇതേ നിര്‍ദേശം വച്ചിരുന്നു.

മരണത്തെ വരിച്ചുകൊള്ളൂ എന്ന് ഡോക്ടര്‍ തന്നെ മറീകെയോട് ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട് അവര്‍ ചിരിച്ചു. നന്ദിയോടെ കൈകള്‍ കൂപ്പി. വേദനയുടെ ലോകത്ത് നിന്ന് മറീകെ വിടപറഞ്ഞത് വിജയവേദിയില്‍ വിജയം ആഘോഷിക്കുന്ന ആഹ്ലാദത്തോടെയായിരുന്നു. കൂട്ടുകാരെയും ബന്ധുക്കളെയും പ്രിയ വളര്‍ത്തു നായയെയും ഈ നേരം അവര്‍ കൂടെ കൂട്ടുകയും ചെയ്തു ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്ക് അവര്‍ യാത്രയായി. 

മരണത്തെ എനിക്ക് പേടിയില്ല. ഒരു ശസ്ത്രക്രിയക്കു കിടക്കുന്ന പോലെ കിടക്കും. ഒരിക്കലും കണ്ണ് തുറക്കാത്ത ഉറക്കം. 2008 മുതല്‍ ദയാവധം നിലവിലുള്ള രാജ്യമാണ് ബെല്‍ജിയം. അതുകൊണ്ടു തന്നെ അവര്‍ക്ക് മരണം സ്വയം വരിക്കാനായി. 90 ശതമാനം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്.