ബൊഗോട്ടോ: കാര്‍ലോസ് വാല്‍ഡറമാ എന്ന പേര് കേള്‍ക്കുമ്പോഴേ ആരാധകരുടെ മനസില്‍ വരുന്ന ആദ്യ ചിത്രം തേനീച്ചക്കൂട് പോലെ സ്വര്‍ണത്തലമുടിയുമായി ഗ്രൗണ്ടില്‍ പാറിപറക്കുന്ന കളിക്കാരന്റേതായിരുന്നു. എന്നാല്‍ തലയിലെ പിരിയന്‍ മുടിയ്ക്ക് പകരം പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വാല്‍ഡറാമ.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാല്‍ഡറാമ തന്റെ പുതിയ ലുക്ക് അവതരിപ്പിച്ചത്. തന്റെ മകള്‍ തലയൊന്ന് ചീകാമെന്ന് പറഞ്ഞു, അതെന്തായാലും സംഗതി കലക്കി എന്ന അടിക്കുറിപ്പോടെ ഇട്ട ചിത്രം ആരാധകരും ഏറ്റെടുത്തു. വാല്‍ഡറാമയുടെ നീട്ടി വളര്‍ത്തിയ മുടിയെക്കുറിച്ച് ആരാധകര്‍ രണ്ടുതട്ടിലായെങ്കിലും സംഗതി ഒറിജിനല്‍ അല്ലെന്നാണ് അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട്. ഒരു ടെലിവിഷന്‍ പരസ്യത്തിന്റെ ചിത്രീകരണത്തിനായി നീണ്ട മുടിയുള്ള വിഗ് താരം തലയിലെടുത്ത് വെച്ചതാണ്. 2018ലെ ലോകകപ്പ് ഫുട്ബോള്‍ സമയത്ത് കൊളംബിയ ലോക കിരീടം നേടിയാല്‍ തല മൊട്ടയടിക്കുമെന്ന് വാല്‍ഡറാമ കമന്ററിക്കിടെ പറഞ്ഞിരുന്നു.

കൊളംബിയക്കായി മൂന്ന് ലോകകപ്പുകളില്‍ പന്ത് തട്ടിയ വാല്‍ഡറാമ നിരവധിതവണ ലാറ്റിനമേരിക്കയിലെ മികച്ച ഫുട്ബോളറായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിലും സ്പെയിനിലും ക്ലബ് ഫുട്ബോളിലും തിളങ്ങിയ വാല്‍ഡറാമ പിന്നീട് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് കളം മാറി. കരിയറിന്റെ തുടക്കം മുതല്‍ ചുരുണ്ട സ്വര്‍ണമുടിയുമായി പന്ത് തട്ടാനിറങ്ങിയ വാല്‍ഡറാമ കളിമികവിനൊപ്പം രൂപത്തിലും ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു.