ഗാസയില്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ അന്താരാഷ്ട്ര കായികവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് സ്പെയിൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്

അമേരിക്കൻ ഐക്യനാടുകള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഇസ്രയേല്‍ യോഗ്യത നേടിയാല്‍ സ്പെയിൻ ടൂർണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമോ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ് കായികലോകത്തെ പ്രധാന ചർച്ചകളിലൊന്നായി സ്പെയിനേയും ഇസ്രയേലിനേയും മാറ്റിയത്. ഗാസയില്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നിടത്തോളം കാലം ഇസ്രയേലിനെ അന്താരാഷ്ട്ര കായികവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഒരു അന്താരാഷ്ട്ര വേദിയും ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു പെ‍‍ഡ്രൊ സാഞ്ചസിന്റെ ആഹ്വാനം. യുക്രൈനില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ റഷ്യക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഇസ്രയേലിന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്നായിരുന്നു സാഞ്ചസിന്റെ ആവശ്യം.

ഇസ്രയേലിന്റെ സാധ്യതകള്‍

യുവേഫയുടെ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയിലാണ് ഇസ്രയേല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നോ‍ര്‍വെ, ഇറ്റലി, എസ്റ്റോണിയ, മോള്‍ഡോവ എന്നീ രാജ്യങ്ങളാണ് ഇസ്രയേലിനൊപ്പം ഗ്രൂപ്പിലുള്ളത്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി നോര്‍വേയ്ക്കും ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇസ്രയേലുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നവ‍ര്‍ക്ക് ലോകകപ്പിന് നേരിട്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ യോഗ്യത നേടാനുമാണ് അവസരമുള്ളത്. യോഗ്യത നേടാനുള്ള സാധ്യത ഇനിയും ഇസ്രയേലിന് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് 2026 ലോകകപ്പിലെ ഫേവറൈറ്റുകളായ സ്പെയിൻ കടുത്ത തീരുമാനമെടുക്കണമെന്ന ആവശ്യം ലോക കായിക സംഘടനകള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

സ്പെയിനിന് ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാകുമോയെന്ന ചോദ്യത്തിന് സ്പാനിഷ് പ്രധാനമന്ത്രിയുടെ വാചകം മാത്രമല്ല ചൂണ്ടിക്കാണിക്കാനുള്ളത്. ഇസ്രയേല്‍ യോഗ്യത നേടിയാല്‍ അടുത്ത ലോകകപ്പ് ബഹിഷ്കരിക്കുന്നതിനായി സ്പാനിഷ് ഭരണകൂടത്തിന് വോട്ട് ചെയ്യാമെന്ന് സ്പാനിഷ് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് വക്താവ് പാറ്റ്സി ലോപസും വ്യക്തമാക്കി. ഇസ്രയേലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ഉചിതമായ സമയത്ത് പരിഗണിക്കുമെന്നുമായിരുന്നു ലോപസിന്റെ പക്ഷം.

റഷ്യയ്ക്ക് സംഭവിച്ചത്

ഇതിന് മുൻപ് ലോകകായിക സംഘടനകള്‍ അധിനിവേശത്തിന്റെ പേരില്‍ ഒരു രാജ്യത്തെ പൂര്‍ണമായും നിരോധിക്കുന്നത് 2022ലാണ്. റഷ്യയും ബെലാറസുമായിരുന്നു നടപടികള്‍ക്ക് വിധേയമായത്. ബെലാറസിന്റെ സഹായത്തോടെ യുക്രൈനില്‍ റഷ്യ സൈനിക അധിനിവേശം നടത്തിയപ്പോഴായിരുന്നു ഇത്. യുക്രൈനിലെ ബാധിക്കപ്പെട്ട സമൂഹത്തിനൊപ്പമാണ് ഫുട്ബോള്‍ ലോകമെന്ന് പ്രഖ്യാപിച്ചായിരുന്നു ഫിഫയും യുവേഫയും സംയുക്ത പ്രസ്താവനയിലൂടെ റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനാല്‍ 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാൻ റഷ്യക്ക് സാധിച്ചില്ല. ദേശീയ ടീമിന് മാത്രമായിരുന്നി, രാജ്യത്തെ ക്ലബ്ബുകള്‍ക്കും വിലക്ക് ഏ‍ര്‍പ്പെടുത്തിയിരുന്നു. ഫുട്ബോളിലെ നടപടി റഗ്ബിയിലും ആവര്‍ത്തിച്ചു. റഷ്യക്കും ബെലാറസിനും 2023 ലോകകപ്പ് നഷ്ടമായി.

അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ റഷ്യയുടേയും ബെലാറസിന്റേയും ഫെഡറേഷനുകളെ സസ്പെൻഡ് ചെയ്തു. എന്നാല്‍ താരങ്ങള്‍ക്ക് രാജ്യങ്ങളെ പ്രതിനിധീകരിക്കാതെ വ്യക്തിഗതമായി പങ്കെടുക്കാനുള്ള ഇളവ് നല്‍കിയായിരുന്നു നടപടി. റഷ്യൻ ഗ്രാൻഡ് പ്രിക്സുമായുള്ള കരാര്‍ ഫോര്‍മുല വണ്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്സിലേക്ക് എത്തിയാലും സമാനമായിരുന്നു നടപടികള്‍. അത്ലീറ്റുകള്‍ക്ക് മാത്രമായിരുന്നില്ല റഷ്യയില്‍ നിന്നുള്ള സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. 2022 പാരലിമ്പിക്ക്സ് റഷ്യ, ബെലാറസ് രാജ്യങ്ങളിലെ താരങ്ങള്‍ക്ക് നഷ്ടമായി. രാജ്യത്തെ പ്രതിനിധീകരിക്കാതെ പങ്കെടുക്കാമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും പിന്നീട് കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്താൻ അന്താരാഷ്ട്ര പാരലിമ്പിക്ക് കമ്മിറ്റി നിര്‍ബന്ധിതമാകുകയായിരുന്നു. എന്നാല്‍, 2024 പാരീസ് ഒളിമ്പിക്സില്‍ താരങ്ങള്‍ക്ക് വ്യക്തിഗതമായി മത്സരിക്കാൻ അനുമതി നല്‍കി.

ബേസ്ബോള്‍, ബാസ്ക്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ചെസ്, സൈക്ക്ളിങ്, ജിംനാസ്റ്റിക്ക്സ്, ഹോക്കി തുടങ്ങി ഒട്ടുമിക്ക കായിക ഇനങ്ങളിലും പലവിധത്തിലുള്ള വിലക്കുകളും കര്‍ശനമായ നടപടികള്‍ക്കും റഷ്യക്കും ബെലറാസിനും വിധേയരാകേണ്ടതായി വന്നിരുന്നു. ഇത് ഇസ്രയേലിന്റെ കാര്യത്തില്‍ സംഭവിക്കുമോയെന്നതാണ് നോക്കിക്കാണേണ്ടത്. ഇസ്രയേലിനെതിരെ പലസ്തീന് അനുകൂലമായി പല കായിക വേദികളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എഫ്1 ഇതിഹാസം ലൂയിസ് ഹാമില്‍ട്ടണും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ആരാധക‍രും ഉള്‍പ്പെടെ പ്രമുഖ താരങ്ങളും ടീമുകളും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ വേദിയിലും ഫ്രീ പലസ്തീൻ മുദ്രാവാക്യവുമായി ആരാധകര്‍ എത്തിയിരുന്നു.