നാലാം ദിനത്തിലെ റിഷഭിന്റെ ഇന്നിങ്സിന് പ്രധാന്യം കൂടുതലായിരുന്നു

ഒരിക്കല്‍ ഇംഗ്ലണ്ട് ബാറ്റ‍ര്‍ ബെൻ ഡക്കറ്റ് ഒരു പ്രസ്താവന നടത്തി. യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് ശൈലി ബാസ്ബോളിനാല്‍ സ്വാധീനിക്കപ്പെട്ടതാണ് എന്ന്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യൻ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഡക്കറ്റിന്റെ പരാമര്‍ശം. അന്നത്തെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്ക്ക് അതിനോട് അത്ര യോജിപ്പുണ്ടായിരുന്നില്ല. ഡക്കറ്റിന് ഹിറ്റ്മാൻ നല്‍കിയത് മറുപടിയായിരുന്നില്ല, പകരം ചോദ്യമായിരുന്നു. Haven’t they heard of a batsman called Rishabh Pant? - റിഷഭ് പന്ത് എന്നൊരു ബാറ്ററെക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ടോ...

രോഹിതിന്റെ ആ ചോദ്യത്തിന്റെ ഉത്തരം എന്താണ് എന്ന് ഹെഡിങ്ലിയിലെ ഹോട്ട് സീറ്റിലിരുന്ന് ഡക്കറ്റ് വീക്ഷിച്ചു. ഒന്നല്ല, രണ്ട് തവണ. അതും നാല് ദിവസത്തിനിടയില്‍.

ലീഡ്‌സിലേക്ക് റിഷഭ് പന്തെന്ന ഇടം കയ്യൻ ബാറ്റര്‍ എത്തുമ്പോള്‍ അയാള്‍ ആത്മവിശ്വാസത്തിന്റെ വരമ്പിനപ്പുറമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ കാണിയുടെ റോളില്‍. ശരാശരിക്ക് താഴെ നിന്ന ബോര്‍ഡ‍ര്‍-ഗവാസ്ക്കര്‍ ട്രോഫിയുടേയും മോശം ഐപിഎല്ലിന്റേയും ഭാരം ചുമലിൽ. ആദ്യ ഇന്നിങ്സില്‍ തന്നെ ആ ഭാരം ഇറക്കിവെക്കാൻ റിഷഭിനു സാധിച്ചു.

എന്നാല്‍, നാലാം ദിനത്തിലെ റിഷഭിന്റെ ഇന്നിങ്സിന് പ്രധാന്യം കൂടുതലായിരുന്നു, കാരണം മത്സരത്തിന്റെ സാഹചര്യവും കാലവസ്ഥയും സമ്മര്‍ദവും ഇംഗ്ലണ്ട് പേസര്‍മാരുടെ കൃത്യതയുമെല്ലാം പന്തിന്റെ ശൈലിക്ക് അനുയോജ്യമായിരുന്നില്ല. ഏഴാം പന്തില്‍ തന്നെ നായകനെ നഷ്ടമായി 92-3 എന്ന നിലയില്‍ ഇന്ത്യ. ഒരു തകര്‍ച്ചയുടെ ധ്വനി എവിടെയൊക്കെയൊ അലയടിക്കുന്നുണ്ടായിരുന്നു, കാരണം ഭൂതകാലത്തില്‍ അത്തരം ഓര്‍മകള്‍ മാത്രമാണുള്ളത്.

ഒന്നാം ഇന്നിങ്സില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ മികച്ച ബോളറെ, അവരുടെ നായകനെ, ക്രീസുവിട്ടിറങ്ങി തലയ്ക്ക് മുകളിലൂടെ പായിച്ചായിരുന്നു തുടക്കം. ഇത് ആവര്‍ത്തിക്കുക തന്നെയായിരുന്നു റിഷഭിന്റെ പദ്ധതി. പക്ഷേ, ക്രിസ് വോക്ക്‌സിന്റെ പന്തില്‍ സമാനശ്രമം നടത്തിയെങ്കിലും പിഴച്ചു, പന്ത് സ്ലിപ് കോ‍ര്‍ഡന് മുകളിലൂടെ ബൗണ്ടറിയിലേക്ക്. പ്രതീക്ഷിച്ച ഫെര്‍ഫെക്റ്റ് സ്റ്റാര്‍ട്ടായിരുന്നില്ല, പന്തും വിക്കറ്റും റിഷഭിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചെന്ന് പറയാം.

അവിടെ നിന്ന് അല്‍പ്പം വ്യത്യസ്തനായി റിഷഭ്. പിന്നീട് നേരിട്ട 14 പന്തില്‍ 11 എണ്ണവും ഡോട്ട് ബോള്‍. പന്ത് ബൗണ്ടറി വര തൊടുന്നതിന്റെ ദൈര്‍ഘ്യം നീണ്ടുകൊണ്ടിരുന്നു, സ്ലോട്ട് ബോളുകള്‍ പോലും പ്രതിരോധിക്കുന്ന റിഷഭ്. കാഴ്‌സ് എറിഞ്ഞ 35-ാം ഓവറില്‍ പിഴവുകള്‍ സംഭവിച്ചപ്പോള്‍ രാഹുലെത്തി. പന്ത് ശ്രദ്ധിക്കാൻ നി‍ര്‍ദേശിച്ചു, റിഷഭിന്റെ മറുപടി ഞാൻ പന്ത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്, വെറുതെ സ്ലോഗ് ചെയ്യുക അല്ല എന്നായിരുന്നു.

ആദ്യ സെഷനില്‍ റിഷഭിന്റെ ബാറ്റില്‍ നിന്ന് പിറന്ന നാല് ബൗണ്ടറികളും മിഡില്‍ ചെയ്തായിരുന്നില്ല. ഹെഡിങ്‌ലിയില്‍ ഏറ്റവും കുറവ് റണ്‍സ് പിറന്ന സെഷനായി അത് മാറുകയും ചെയ്തു. റിഷഭ് 59 പന്തില്‍ 31. രണ്ടാം സെഷനില്‍ തന്റെ തനതുശൈലിയിലേക്ക് ചുവടുവെക്കുന്ന പന്ത്. ഇതിന് കാരണമായത് ഇംഗ്ലണ്ട് നായകന്റെ ഡിഫൻസീവ് സമീപനവും. അതും സ്ലിപ്പ് ഫീല്‍ഡര്‍മാരെ ഉള്‍പ്പെടെ പിൻവലിച്ചുകൊണ്ടുള്ള ഫീല്‍ഡ്.

രണ്ടാം സെഷനില്‍ ടങ്ങിന്റെ വ്യത്യസ്ത ഓവറുകളില്‍ തന്നെ രണ്ട് തവണ റിഷഭ് പന്ത് എഡ്ജ് ചെയ്തു. ഫസ്റ്റ് സ്ലിപ്പിലൂടെയും സെക്കൻഡ് സ്ലിപ്പിലൂടെയുമായിരുന്നു പന്ത് ബൗണ്ടറിയിലെത്തിയത്. തന്റെ ക്യാപ് ഉപയോഗിച്ച് മുഖം മറയ്ക്കുക മാത്രമായിരുന്നു സ്റ്റോക്ക്‌സിന് നിര്‍വാഹമുണ്ടായിരുന്നത്. ഈ രണ്ട് ഷോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ടിപ്പിക്കല്‍ റിഷഭ് ഇന്നിങ്സായിരുന്നു പിന്നീട്.

റിഷഭിന്റെ ലൂസ് ഷോട്ടുകള്‍ക്കായി ബൗണ്ടറിയില്‍ വലവിരിച്ച ഇംഗ്ലണ്ട് നായകനെ വെല്ലുവിളിച്ചുകൊണ്ട് ഷോയിബ് ബഷീറിന്റെ ഓവറില്‍ രണ്ട് തവണ പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയിലെത്തി. റിഷഭിന്റെ ബാറ്റ് സ്പീഡും ടൈമിങ്ങും ഒത്തിണങ്ങിയത് ബഷീറിനെതിരെ തന്നെ 64-ാം ഓവറില്‍ കവറിലൂടെ നേടിയ ബൗണ്ടറിയായിരുന്നു.

മണിക്കൂറില്‍ 77 കിലോമീറ്റര്‍ മാത്രം വേഗതയിലായിരുന്നു പന്ത്. റിഷഭിന്റെ കവര്‍ പഞ്ച് തടയാനായി തന്നെ രണ്ട് ഇൻഫീല്‌‍ഡേഴ്‌സ്. ഇരുവരും തമ്മിലുള്ള ദൂരം 13 മീറ്റര്‍. എന്നാല്‍, റിഷഭ് ഇരുവര്‍ക്കും ഇടയിലൂടെ അനായാസം നാല് റണ്‍സ് നേടിയെടുത്തു.

പിന്നീട് സെഞ്ച്വറിയിലേക്കുള്ള യാത്ര, 90 കളില്‍ ഏഴ് തവണ പുറത്തായ റിഷഭില്‍ നിന്നൊരു പിഴവിനായി ഇംഗ്ലണ്ട്. താൻ നിരന്തരം ശിക്ഷിച്ച ബഷീറിനേയും റൂട്ടിനേയും സ്റ്റോക്ക്‌സ് നല്‍കിയിട്ടും സമ്യമനം വിട്ടില്ല. 95ല്‍ നിന്ന് 100ലേക്ക് എത്താൻ ഇടം കയ്യൻ ബാറ്റര്‍ക്ക് 22 പന്തുകളാവശ്യമായി വന്നു. ഒടുവില്‍ ഹെഡിങ്‌ലിയെ സാക്ഷിയാക്കി കരിയറിലെ എട്ടാം ടെസ്റ്റ് ശതകം.

മെല്‍ബണില്‍ സ്റ്റുപിഡ്...സ്റ്റുപിഡ്...സ്റ്റുപിഡെന്ന് വിളിച്ച് അധിക്ഷേപിച്ച സുനില്‍ ഗവാസ്കര്‍ ഗ്യാലറിയില്‍ നിന്ന് റിഷഭിന്റെ സമര്‍സാള്‍ട്ടിനായി കൊതിച്ചു. പിന്നീടാകാമെന്ന് മറുപടി. ചരിത്രത്തിലേക്ക് ഒരു ഇന്നിങ്സ്, നേട്ടങ്ങളുടെ നീണ്ട പട്ടിക.

ഇംഗ്ലീഷ് മണ്ണില്‍ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റര്‍. രണ്ട് ഇന്നിങ്സിലും മൂന്നക്കം പിന്നിടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പ‍ര്‍. ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള വിക്കറ്റ്‍ കീപ്പര്‍മാരില്‍ മൂന്നാമത്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റര്‍മാരില്‍ സച്ചിൻ തെൻഡുല്‍ക്കര്‍ക്കൊപ്പം. റിഷഭിന്റെ നാലാം ശതകമാണിത്. മുന്നില്‍ രാഹുല്‍ ദ്രാവിഡ് മാത്രം. ഒൻപത് സിക്സുകളാണ് ഹെഡിങ്‌ലിയില്‍ റിഷഭിന്റെ ബാറ്റില്‍ നിന്ന് വന്നത്, അതും റെക്കോര്‍ഡാണ്.