ലോകകപ്പിന് മുന്നോടിയായി ഓരോ ടീമിന്റേയും ക്യാപ്റ്റന്മാരോട് ഇന്ത്യൻ ടീമില്‍ അവര്‍ ഉറ്റുനോക്കുന്ന താരമാരെന്ന ചോദ്യത്തിന് എലീസെ ഹീലി മുതലുള്ളവര്‍ക്ക് ഒരു ഉത്തരം മാത്രമായിരുന്നു പറയാനുണ്ടായത്. സ്മൃതി മന്ദന.

ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെ ഒരു സൗരയുഥം പോലെ കണക്കാക്കിയാല്‍ ഇവിടെ സൂര്യന്റെ പദവി അലങ്കരിക്കുക സ്മൃതി മന്ദനയായിരിക്കും. സൂര്യനെ ആശ്രയിച്ച് സഞ്ചരിക്കുന്ന, അല്ലെങ്കില്‍ അതിജീവിക്കുന്ന മറ്റ് ഗ്രഹങ്ങളെപ്പോലെയാണ് ബാറ്റിങ് നിരയിലെ അവശേഷിക്കുന്ന പേരുകള്‍. പക്ഷേ, അത്തരമൊരു ആശ്രയിച്ചുള്ള മുന്നോട്ട് പോക്കുകൊണ്ട് ഒരു ടീമിന് ഒരു ടൂര്‍ണമെന്റ് വിജയിക്കാൻ കഴിയുമോ? ലോര്‍ഡ്‌സില്‍ എട്ട് വർഷം മുൻപ് ഒൻപത് റണ്‍സിന് നഷ്ടമായ ആ സ്വപ്നനിമിഷം തേടി സ്വന്തം മണ്ണില്‍ ഇറങ്ങുമ്പോള്‍ സ്മൃതി മന്ദനയ്ക്ക് ചുറ്റും കറങ്ങാൻ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ആകില്ല. അതിനപ്പുറത്തേക്ക് ഒരു ഇന്ത്യൻ ടീമുണ്ടോയെന്ന് ചോദിച്ചാല്‍, സമീപകാല മത്സരങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഉത്തരം ഉണ്ട് എന്ന് തന്നെയാണ്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് ജീവൻ വെക്കുന്നതിന് പിന്നിലും ഈ കാരണമാണ്.

ലോകകപ്പിന് മുന്നോടിയായി ഓരോ ടീമിന്റേയും ക്യാപ്റ്റന്മാരോട് ഇന്ത്യൻ ടീമില്‍ അവര്‍ ഉറ്റുനോക്കുന്ന താരമാരെന്ന ചോദ്യത്തിന് എലീസെ ഹീലി മുതലുള്ളവര്‍ക്ക് ഒരു ഉത്തരം മാത്രമായിരുന്നു പറയാനുണ്ടായത്. സ്മൃതി മന്ദന. സ്മൃതിയുടെ വിക്കറ്റാണ് നിര്‍ണായകമാകുകയെന്ന് ഓരേ സ്വരത്തില്‍ അവര്‍ പറഞ്ഞുവെച്ചു. ലോകക്രിക്കറ്റ് പരിശോധിച്ചാല്‍ ഇന്ത്യൻ താരത്തോളം സ്ഥിരതയുള്ള ഒരാള്‍ ഇന്നില്ല. ലോക ഒന്നാം നമ്പർ ബാറ്ററുകൂടിയായ സ്മൃതി ഈ വർഷം 14 ഏകദിനങ്ങളില്‍ നിന്ന് 926 റണ്‍സാണ് നേടിയത്, നാല് ശതകവും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും. 115 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട് ഈ എലഗൻസും ക്ലാസും ചേര്‍ന്ന റണ്ണൊഴുക്കില്‍. എന്നാല്‍, സ്മൃതിയെ വീഴ്‌ത്തിയാല്‍ ഒരുപടി മുന്നിലെത്താമെന്ന ക്യാപ്റ്റന്മാരുടെ ധാരണ തെറ്റാണെന്ന് പറയേണ്ടി വരും.

2025 ലോകകപ്പ് ലക്ഷ്യമിടുമ്പോള്‍ മികച്ച ഒരു ബാറ്റിങ് നിര പടുത്തുയര്‍ത്തുക എന്നതായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. ഏഴാം നമ്പര്‍ വരെ നീളുന്ന പട്ടിക വേണം. അതിനായി പരീക്ഷണങ്ങളുണ്ടായി, പലര്‍ക്കും ടീമിലെ ഇടം നഷ്ടമായി. ഷഫാലി വര്‍മയുടെ പടിയിറക്കം, പ്രതിക റാവലിന്റെ അരങ്ങേറ്റം, ഹര്‍ളീൻ ഡിയോളിന്റെ മൂന്നാം നമ്പറിലേക്കുള്ള വരവ്, ടോപ് ഓര്‍ഡര്‍ ബാറ്ററായ ജെമീമ റോഡ്രിഗസിന്റെ മധ്യനിരയിലേക്കുള്ള ചുവടുമാറ്റം, റിച്ച ഘോഷിന് മുകളിലെത്തുന്ന ദീപ്തി ശർമ...എന്നിവയെല്ലാം കൃത്യമായ കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. ഒടുവില്‍ ഇന്ത്യ അത് സാധ്യമാക്കിയെന്ന് പറയാം.

സ്മൃതിക്കപ്പുറമുള്ള ഇന്ത്യ

സ്മൃതിക്കപ്പുറമുള്ള ഇന്ത്യൻ താരങ്ങളുടെ 2025ലെ പരിശോധിക്കുമ്പോഴാണ് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതായി കാണാനാകുന്നത്. സ്മൃതിയുടെ ഓപ്പണിങ് പങ്കാളി പ്രതിക 14 മത്സരങ്ങളില്‍ നിന്ന് 668 റണ്‍സ്, ശരാശരി 51.38. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ ശതകങ്ങളും. ജെമിമ 11 ഇന്നിങ്സുകളിലായി 479 റണ്‍സ്, രണ്ട് സെഞ്ച്വറി ഒരു അര്‍ദ്ധ സെഞ്ച്വറി. ശരാശരി 47 ആണെങ്കില്‍ സ്ട്രൈക്ക് റേറ്റ് 107. ഹർളിൻ 34 ശരാശരിയില്‍ 444 റണ്‍സ്. ഹര്‍മൻ 38.44 ശരാശരിയില്‍ 346 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 103. ദീപ്തി ശർമയാകട്ടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്, ഈ വര്‍ഷം 76 ശരാശരിയില്‍ 103 സ്ട്രൈക്ക് റേറ്റോടെ അഞ്ചിലും അതിന് താഴെയുമെത്തി 381 റണ്‍സ് നേടി. ഫിനിഷര്‍ റോളുവഹിക്കുന്ന റിച്ചയാകട്ടെ 130 സ്ട്രൈക്ക് റേറ്റിലാണ് 297 റണ്‍സ് ഈ വർഷം കുറിച്ചത്.

2024 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്മൃതിയെക്കൂടാതെ, പ്രതിക, ജെമീമ, ഹര്‍ളീൻ, ഹര്‍മൻ, ദീപ്തി എന്നിവര്‍ 500 റണ്‍സിലധികം നേടി. ജെമീമ, ദീപ്തി, ഹര്‍മൻ എന്നിവര്‍ ബാറ്റ് വീശുന്നത് ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിലുമാണ്.

ഓസ്ട്രേലിയ്ക്കെതിരെ ഒരു സൂചന

ഈ മാറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഓസ്ട്രേലിയക്കെതിരെ ഈ മാസം നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം. 413 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരവെ ഇന്ത്യ പുറത്തെടുത്ത പോരാട്ടം. ഇന്ത്യ തകര്‍ന്നടിയുമെന്ന് കരുതിയപ്പോള്‍ 50 പന്തില്‍ സെഞ്ച്വറിയുമായി സ്മൃതി നയിച്ചു. എന്നാല്‍ സ്മൃതി മാത്രമായിരുന്നില്ല, ഹർമന്റേയും ദീപ്തിയുടെയും അര്‍ദ്ധ സെഞ്ച്വറി, സ്നേ റാണയുടെ ചെറുത്തുനില്‍പ്പ് എന്നിവ ഇന്ത്യയെ ലക്ഷ്യത്തിന് അടുത്തേക്ക് അടുപ്പിച്ചു. സ്മൃതിയും ഹർമനും മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 216 എത്തിയെയുള്ളായിരുന്നു, തോല്‍വി വഴങ്ങിയത് 43 റണ്‍സിനും. ഇന്ത്യയുടെ വനിത ക്രിക്കറ്റില്‍ വലിയൊരു ഷിഫ്റ്റുണ്ടായതിന്റെ സൂചനയായിരുന്നു ഈ മത്സരം.

സ്മൃതിയുടെ വിക്കറ്റ് വീണതിന് ശേഷമുള്ള ഇന്ത്യയുടെ ബാറ്റിങ് ശരാശരി 2024 സെപ്തംബറിന് ശേഷം 30 കടന്നതായും സ്ട്രൈക്ക് റേറ്റ് 90ന് മുകളിലാണെന്നതും കാണേണ്ടതുണ്ട്. കേവലം ഒറ്റയാള്‍ പട്ടാളമല്ല ഇന്ത്യയുടെ ബാറ്റിങ് നിരയെന്ന് വ്യക്തമാക്കുന്നതാണ് മറ്റ് താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനം. ഇത് ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ സാധ്യതകളെ ഉയര്‍ത്തുകയും ചെയ്യും. ഇനി ലോകകപ്പ് വേദികളില്‍ ഇത് പ്രാവ‍ര്‍ത്തികമാക്കുക മാത്രമാണ് മുന്നിലുള്ള കടമ്പ.