പട്ടികയിലേക്ക് നോക്കുമ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകളുടേയും നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്, ഇതില്‍ ഏറ്റവും കുറവ് ചെന്നൈക്കും, 0.027

എന്റെ വിധി ഞാൻ തന്നെ തീരുമാനിക്കും എന്ന് പറയുന്നതുപോലൊരു അവസരമായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടാൻ ഇറങ്ങിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ലഭിച്ചത്. ആ ആത്മവിശ്വാസത്തിന്റെ കാരണം റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും പ്ലേ ഓഫിലേക്കുള്ള യാത്ര സുഖകരമാക്കാൻ മുംബൈ ഇന്ത്യൻസ് വഴിയൊരുക്കിയതാണ്. അതും പഞ്ചാബ് കിങ്സിന് അഞ്ചാം തോല്‍വി സമ്മാനിച്ചുകൊണ്ട്. പക്ഷേ, ഏകന സ്റ്റേഡിയത്തില്‍ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പൂരാനും ചേര്‍ന്ന് ചെന്നൈക്കൊരു വിരുന്നൊരുക്കി, എല്ലാ സാധ്യതകളും തുലാസിലാക്കും വിധമൊരു അത്താഴവിരുന്ന്. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ എത്രത്തോളമാണ്?

Add Asianetnews as a Preferred SourcegooglePreferred

ആദ്യ പോയിന്റ് പട്ടിക പരിശോധിക്കാം. 16 വീതം പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 14 പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാമത്. 13 പോയിന്റുമായി പഞ്ചാബ് നാലാമതും തൊട്ടുപിന്നില്‍ രാജസ്ഥാൻ റോയല്‍സും. ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. രാജസ്ഥാനൊപ്പം 12 പോയിന്റാണ് ചെന്നൈക്കുമുള്ളത്. പട്ടികയിലേക്ക് നോക്കുമ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകളുടേയും നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്, ഇതില്‍ ഏറ്റവും കുറവ് ചെന്നൈക്കും, 0.027.

ചെന്നൈയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ടോപ് ത്രിയിലുള്ള രണ്ട് ടീമുകളുമായാണ്. മേയ് 18ന് ഹൈദരാബാദിനും 21ന് ഗുജറാത്തിനും എതിരെയാണ് മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ 16 എന്ന സുരക്ഷിത സംഖ്യയിലേക്ക് എത്താൻ ചെന്നൈക്ക് കഴിയും. ഈ സാഹചര്യത്തില്‍ ചെന്നൈക്ക് അവസാന നാലില്‍ എത്തണമെങ്കില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ ബെംഗളൂരു വിജയിക്കണം. ഇതിനൊപ്പം രാജസ്ഥാനും പഞ്ചാബും അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമെ ജയിക്കാനും പാടുള്ളു.

ഇവി ഹൈദരാബാദിനോടോ അല്ലെങ്കില്‍ ഗുജറാത്തിനോടോ പരാജയപ്പെടുകയാണെങ്കില്‍ ചെന്നൈക്ക് 14 പോയിന്റില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കേണ്ടതായി വരും. ഈ പശ്ചാത്തലത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കുക മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും. ഹൈദരാബാദ് - ചെന്നൈ മത്സരമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമാകുക. ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. 14 പോയിന്റില്‍ ചെന്നൈ്ക്ക് പ്ലേ ഓഫിലെത്തണമെങ്കില്‍ പഞ്ചാബും രാജസ്ഥാനും അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും പരാജയപ്പെടണം. ഇതിനൊപ്പം ഡല്‍ഹിയുടേയും കൊല്‍ക്കത്തയുടേയും ജയപരാജയങ്ങള്‍ നിര്‍ണായകമാകും.

പഞ്ചാബും രാജസ്ഥാനും കഴിഞ്ഞാല്‍ ഡല്‍ഹിയും കൊല്‍ക്കത്തയുമാണ് 14 പോയിന്റിലെത്താൻ സാധ്യതയുള്ള ടീമുകള്‍. 10 പോയിന്റുള്ള ഡല്‍ഹിക്ക് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. അതില്‍ ഒന്നില്‍ പരാജയപ്പെടണം. ഒൻപത് പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതില്‍ ഒന്ന് ‍‍കൊല്‍ക്കത്തയും പരാജയപ്പെടണം. കൊല്‍ക്കത്തയുടെ അവസാന ലീഗ് മത്സരം ഡല്‍ഹിക്കെതിരെയാണ്. 14 പോയിന്റിലാണ് ചെന്നൈ അവസാനിക്കുന്നതെങ്കില്‍ എല്ലാ കണ്ണുകളും ആ മത്സരത്തിലേക്കായിരിക്കും.

ചെന്നൈയെ സംബന്ധിച്ച് അവസാന കിരീടം നേടുന്നത് 2023ലാണ്. ശേഷം നടന്ന രണ്ട് എഡിഷനുകളിലും ശരാശരിക്കും താഴെയായിരുന്നു പ്രകടനങ്ങള്‍. 2024ല്‍ അഞ്ചാം സ്ഥാനത്ത് എത്താനായെങ്കില്‍ കഴിഞ്ഞ സീസണില്‍ പത്താമതായിരുന്നു. ടീം ഒരു പരിവര്‍ത്തന ഘട്ടത്തില്‍ക്കൂടിയാണ്. മുതിര്‍ന്ന താരങ്ങളെല്ലാം മാറി പൂര്‍ണമായും പുതുതലമുറിയിലേക്ക് ബാറ്റേണ്‍ കൈമാറിയിരിക്കും. ടീമിന്റെ തലയായ എംഎസ് ധോണിയാകട്ടെ സീസണില്‍ ഒരു മത്സരം പോലും കളിച്ചിട്ടുമില്ല, പരിവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായി എന്ന് ഉറപ്പിക്കുന്നതാണ് ധോണിയുടെ അസാന്നിധ്യം.

അതുകൊണ്ട് സീസണില്‍ പ്ലേ ഓഫിലെത്തുക ചെന്നൈയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഘടകമാണ്. സഞ്ജു സാംസണിന്റെ വരവ് ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്, കളത്തിലും അത് പ്രതിഫലിക്കുന്നു. ഇതിനൊപ്പം എടുത്തുപറയേണ്ടത് റുതുരാജിന്റെ നായക കസേരയാണ്. അത് അടുത്ത സീസണിലും ഉറപ്പിക്കാൻ ചെന്നൈ കുറഞ്ഞത് പ്ലേ ഓഫിലെങ്കിലും എത്തിയേ മതിയാകു. പ്രത്യേകിച്ചും സഞ്ജുവിന്റെ സാന്നിധ്യത്തില്‍.