ബുമ്രയെ പലകുറി നേരിട്ട് പരിചയമുള്ളവര്‍ പോലും തയാറാകാത്ത ഒന്നിന് ഒരുങ്ങിയായിരുന്നു ആ പതിനഞ്ചുകാരൻ പയ്യൻ ക്രീസില്‍ നിലയുറപ്പിച്ച് നിന്നത്
കഴിഞ്ഞ സീസണിലെ കളം ഒരുങ്ങിയതായിരുന്നു, അന്ന് ദീപക് ചഹറിന്റെ പന്തുകള്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ ക്ലാഷ് നിക്ഷേധിച്ചു. പക്ഷേ, മഴയൊഴിഞ്ഞ ഗുവാഹത്തിയുടെ ആകാശത്തിന് കീഴില്‍ അത്ഭുതബാലന് മുന്നിലേക്ക് അയാള്‍ എത്തി.
ഭയപ്പെടുത്തുന്ന ഒരു റണ്ണപ്പുമായല്ല അയാള്‍ ബാറ്റര്‍മാര്‍ക്ക് നേരെ പാഞ്ഞടുക്കുന്നത്. എന്നാല്‍ നിമിഷനേരംകൊണ്ട് അവസാനിക്കുന്ന ആ നടത്തത്തിനൊടുവില്‍ കൈകളില്‍ നിന്ന് തൊടുക്കുന്ന പന്തിന് ആ ശേഷിയുണ്ട്. കാലം തെളിയിച്ചതും, ഇതിഹാസങ്ങള്‍പ്പോലും അനുഭവിച്ചതുമാണത്. അതുകൊണ്ട് തന്നെയായിരുന്നു ഈ ഫേസ് ഓഫിനായി ഗ്യാലറികള്‍ കൊതിച്ചതും. The Wonder Kid vs The GOAT Himselft. Vaibhav Suryavanshi vs Jasprit Bumrah.
തലമുറയുടെ ബൗളറാണ്, വൈഭവിന്റെ ജീവിതകാലത്തിന്റെ അത്രയും പരചയസമ്പത്തിന്റെ ഭാരമുണ്ട് അയാളെറിയുന്ന ഓരോ പന്തിനും. പക്ഷേ, ബുമ്രയെ പലകുറി നേരിട്ട് പരിചയമുള്ളവര്‍ പോലും തയാറാകാത്ത ഒന്നിന് ഒരുങ്ങിയായിരുന്നു ആ പതിനഞ്ചുകാരൻ പയ്യൻ ക്രീസില്‍ നിലയുറപ്പിച്ച് നിന്നത്. മുന്നില്‍ വരുന്ന പേരിനെ താൻ ഭയക്കുന്നില്ല, ആരെറിഞ്ഞാലും പന്ത് ശിക്ഷിക്കപ്പെടും. അതായിരുന്നു സന്ദേശം.
വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി തുടങ്ങി മൈതാനങ്ങളെല്ലാം വെട്ടിപ്പിടിച്ചവനെ ഒരു പയ്യൻ വെല്ലുവിളിക്കുന്നു. മിഡില് ലെഗ് സ്റ്റമ്പുകളെ ലക്ഷ്യമാക്കിയൊരു സ്ലോട്ട് ബോള്‍. മിഡ് ഓണിന് മുകളിലൂടെ സഞ്ചരിച്ച പന്ത് രാജസ്ഥാൻ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലേക്ക് പെയ്തിറങ്ങി, 88 മീറ്റര്‍. ചിരിച്ചുകൊണ്ട് തിരിഞ്ഞുനടക്കുക മാത്രമായിരുന്നു ബുമ്ര ആ നിമിഷം ചെയ്തത്.
ബുമ്രയുടെ ഏറ്റവും മികച്ച പന്തായിരുന്നോ അത്. ഒരിക്കലുമല്ലെന്ന് പറയേണ്ടി വരും. സ്ലോട്ട് ബോള്‍, വേഗത മണിക്കൂറില്‍ 131 കിലോ മീറ്റര്‍ മാത്രവും. തൊട്ടടുത്ത പന്തില്‍ ബുമ്ര തിരുത്തി വന്നു. ലെങ്തില്‍ കൃത്യത, പേസ് ഓഫ് ഡെലിവെറി. വൈഭവിന് തന്റെ കൈകളെ സ്വതന്ത്രമാക്കാനുള്ള അനുമതി നിഷേധിച്ചു, സിംഗിള്‍.
ഒരുപന്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും. ഇക്കുറി വൈഭവിന്റെ നെഞ്ചിനെ ലക്ഷ്യമാക്കിയാണ് ബുമ്രയുടെ ഷോര്‍ട്ട് ബോള്‍ എത്തിയത്. ആദ്യ പന്തുപോലെ മോശമായിരുന്നില്ല, ഇറ്റ് വാസ് എ ഗുഡ് ബോള്‍. പുള്‍ ഷോട്ടുകള്‍ അനായാസം വഴങ്ങുന്ന കൈവേഗമുണ്ട് വൈഭവിന്. ഇത്തരം ബാറ്റര്‍മാരുടെ പ്രത്യേകത അതിവേഗം ലെങ്ത് പിക്ക് ചെയ്യാൻ കഴിയുമെന്നതാണ്. രോഹിത് ശര്‍മ പുള്‍ ഷോട്ട് പുറത്തെടുക്കുമ്പോള്‍ അയാള്‍ക്കല്‍പ്പം അധികസമയം ലഭിക്കുന്നതുപോലെ തോന്നാറില്ലെ. അതുപോലെ.
ബുമ്രയുടെ ഷോര്‍ട്ട് ബോളില്‍ ഒരു ടോപ് ക്വാളിറ്റി പുള്‍ ഷോട്ട് ആ ബാറ്റില്‍ നിന്ന് പിറന്നു. ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ 79 മീറ്റര്‍ അകലെ, ബുമ്ര ഒരിക്കല്‍ക്കൂടി ചിരിച്ചുതന്നെ മടങ്ങി. പിന്നീട് രണ്ട് ഡോട്ട് ബോളുകളെറിഞ്ഞ് ബുമ്ര ആശ്വാസം കണ്ടെത്തിയെങ്കിലും ആ പോരില്‍ വിജയിച്ചത് വൈഭവ് തന്നെയായിരുന്നു. അഞ്ച് പന്തില്‍ ബുമ്രയ്ക്ക് എതിരെ 13 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 260.
ഇവിടം കൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍. ബുമ്രയ്ക്ക് ശേഷം വൈഭവിന്റെ സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ ട്രെൻ ബോള്‍ട്ടാണ്. കഴിഞ്ഞ പതിറ്റാണ്ട് എടുത്താല്‍ ലോകത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളര്‍മാരിലൊരാള്‍. ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും ബോള്‍ട്ടിനെ നേരിടുക എളുപ്പമുള്ള ഒന്നല്ല. കഥ മാറുന്നില്ല, ലെഗ് സ്റ്റമ്പിലേക്ക് എത്തിയ ആ ഫുള്‍ ബോള്‍ ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ഉയര്‍ന്ന് പൊങ്ങി സെക്കൻഡ് ടയറില്‍.
ബോള്‍ട്ടിനെതിരെ രണ്ട് പന്തില്‍ ഏഴ് റണ്‍സ്. മുംബൈയുടെ ഏറ്റവും മികച്ച രണ്ട് ബൗളര്‍മാര്‍ക്കെതിരെ ഏഴ് പന്തില്‍ വൈഭവ് നേടിയത് 20 റണ്‍സ്. അത്ഭുതബാലനെന്ന് വിളിക്കുന്നതിനോട് അല്‍പ്പമെങ്കിലും അകന്ന് നിന്നവര്‍ക്ക് കൂടിയുള്ള ഉത്തരമായിരുന്നു ഗുവാഹത്തി. ടൈമിങ്, ക്ലാസ്, ബ്രൂട്ടല്‍. സച്ചിനോടും ലാറയോടും എന്തിന് ബ്രാഡ്‌മാന്റെ സ്ട്രോക്ക്പ്ലേയോട് പോലും വൈഭവിനെ ഉപമിക്കുന്നത് വെറുതയല്ല എന്ന് തോന്നിക്കും തരമായിരുന്നു ബാറ്റിങ്.
ബുമ്രയ്ക്കും ബോള്‍ട്ടിനും നല്‍കിയതിന്റെ ബാക്കി ശാര്‍ദൂലിനായിരുന്നു ലഭിച്ചത്. രണ്ട് സിക്‌സിനും ഒരു ഫോറിനുമൊടുവില്‍ വൈഭവ് കീഴടങ്ങി. 14 പന്തില്‍ 39 റണ്‍സ്. ഒരു ഫോറും അഞ്ച് സിക്സും. സ്ട്രൈക്ക് റേറ്റ് 278ലാണ് ഇന്നിങ്സ് അവസാനിക്കുന്നത്. സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയുടെ സൂചകമാണോ, അല്ല, ഇന്നിന്റെയാണ്. അവിശ്വസനീയം, അസാധാരണം, അമാനുഷികം, വൈഭവ് സൂര്യവംശി.


