ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവന്‍ മത്സരത്തോടെ ഇക്കാര്യത്തില്‍ ആരാധകര്‍ ഒരു തീരുമാനത്തില്‍ എത്തിക്കഴിഞ്ഞു.
മൊഹാലി: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണം എന്ന ചര്‍ച്ച ആരംഭിച്ചിട്ട് മാസങ്ങളായി. ഐപിഎല്‍ കാലത്ത് ഈ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവന്‍ മത്സരത്തോടെ ഇക്കാര്യത്തില്‍ ആരാധകര്‍ ഒരു തീരുമാനത്തില്‍ എത്തിക്കഴിഞ്ഞു.
ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് ആരാധകര്‍ നിര്‍ദേശിക്കുന്നു. 36 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 71 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. പവര്‍ പ്ലേയില്‍ 55 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. ഹര്‍ഭജന്‍ എറിഞ്ഞ 11-ാം ഓവറില്‍ ഇമ്രാന്‍ താഹിര്‍ പിടിച്ചാണ് രാഹുല്‍ പുറത്തായത്.
ലോകകപ്പില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറാണ് കെ എല്‍ രാഹുല്‍. എന്നാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് കൂടുതല്‍ സാധ്യത കല്‍പിക്കുമ്പോഴും രാഹുല്‍ അടക്കമുള്ളവര്‍ നാലാം നമ്പറില്‍ എത്താനുള്ള സാധ്യത ടീം പ്രഖ്യാപന വേളയില്‍ സെലക്ടര്‍മാര്‍ തള്ളിക്കളഞ്ഞിരുന്നില്ല. ഇതിനാല്‍ രാഹുല്‍ നാലാം നമ്പറില്‍ എത്തുമോ എന്ന ആകാംക്ഷ ലോകകപ്പിന് മുന്‍പ് ആരാധകരില്‍ ഇരട്ടിക്കുകയാണ്.
