ഷഹീന്‍ അഫ്രിദി ബുംറയുടെ കുഞ്ഞിന് സമ്മാനം നല്‍കിയത് മുതല്‍ വിഭജനകാലത്ത് സികെ നായിഡു പാക് താരം ഫസല്‍ മഹമ്മൂദിനെ രക്ഷിച്ചതുവരെയുള്ള ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ ഈ മത്സരങ്ങളുടെ മറ്റൊരു മുഖം കാണിക്കുന്നു.
കായിക രംഗത്ത് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം വരുമ്പോഴെല്ലാം കായിക പ്രേമികള്‍ ഓര്‍ക്കുന്നത് വൈരത്തെ കുറിച്ചാണ്. ക്രിക്കറ്റിന് ഇരു രാജ്യങ്ങളിലും ജനപ്രീതി ഉള്ളതുകൊണ്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് ഈ കായിക ഇനത്തിലാണെന്ന് മാത്രം. എന്നാല്‍ ഇന്ത്യ-പാക് മത്സരങ്ങളില്‍ സൗഹൃദങ്ങളുടെ കഥ കൂടിയുണ്ട്. ഏറ്റവും ഹൃദ്യമായ ഒന്ന് 2023 ഏഷ്യ കപ്പിനിടെയായിരുന്നു. 2023 സെപ്തംബറിലായിരുന്നു ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറയ്ക്കും അവതരാകയായ സഞ്ജനയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഏഷ്യ കപ്പിനിടെ ബുമ്രയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ പാക് താരം ഷഹീന്‍ ഷാ അഫ്രിദി കൈമാറി. ദൈവം കുഞ്ഞിനെ എന്നും സന്തോഷത്തോടെ ഇരുത്താന്‍ ഇടവരട്ടെയെന്നായിരുന്നു ഷഹീന്റെ ആശംസാവാക്കുകള്‍.
2022 വനിത ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരശേഷവും ഇതുപോലൊരു നിമിഷമുണ്ടായി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം തിരിച്ചുവന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു അത്. ബിസ്മയ്‌ക്കൊപ്പം അന്ന് കുഞ്ഞുമുണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഡ്രെസിങ് റൂമിന് മുന്നില്‍ കണ്ടത് ഇന്ത്യന്‍ താരങ്ങളെല്ലാം ആ കുഞ്ഞിനൊപ്പം സമയം ചിലവിടുന്നതായിരുന്നു. ചിത്രങ്ങളും പകര്‍ത്തിയായിരുന്നു മടക്കം. ആരാധകരെന്നും ആകാംഷയോടെ ഉറ്റു നോക്കുന്ന ഓണ്‍ ഫീല്‍ഡ് ബാറ്റിലുകളിലൊന്നാണ് വിരാട് കോലിയും മുഹമ്മദ് ആമിറും തമ്മിലുള്ളത്. 2016 ഏഷ്യ കപ്പിനിടെ ആമിര്‍ കോലിയോട് ഒരു ബാറ്റ് ആവശ്യപ്പെട്ടിരുന്നു. കോലി അത് മറന്നെന്നായിരുന്നു ആമിര്‍ കരുതിയത്. എന്നാല്‍, 2016 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് നടന്ന പരിശീലനത്തിനിടെ ആമിറിന് കോലി ബാറ്റ് സമ്മാനിച്ചു. മത്സരത്തിലെ ആമിറിന്റെ പ്രകടനത്തെ കോലി പിന്നീട് പുകഴ്ത്തുകയും ചെയ്തിരുന്നു.

2020ന് ശേഷം മോശം ഫോമില്‍ തുടര്‍ന്ന കോലിക്ക് ട്വീറ്റിലൂടെ ബാബര്‍ അസം പിന്തുണയര്‍പ്പിച്ച സംഭവം. 2022 ഏഷ്യ കപ്പിനിടെ കോഹ്ലി ഫോമിലേക്ക് തിരികെയത്താന്‍ തങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഷഹീന്‍ അഫ്രിദി പറഞ്ഞ നിമിഷം. റിഷഭ് പന്തിന് വാഹനാപകടമുണ്ടായപ്പോള്‍ പാക് താരങ്ങളെല്ലാം പ്രാര്‍ത്ഥന നേര്‍ന്നിരുന്നു. പാക് മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന് ഇംഗ്ലീഷ് പ്രാവീണ്യമില്ലെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ പരിഹാസം ഒഴുകിയപ്പോള്‍ പിന്തുണയുമായി എത്തിയത് വിരേന്ദര്‍ സേവാഗായിരുന്നു.
വിഭജനത്തിന് മുമ്പ് ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടീം എന്നായിരുന്നു ഇന്നത്തെ പാക്കിസ്ഥാനും ഇന്ത്യയുമൊക്കെ ഒന്നിച്ച സംഘം അറിയപ്പെട്ടിരുന്നത്. 1947 ചരിത്രത്തിലെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് കളമൊരുങ്ങുന്നത്. നേരിടേണ്ടത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ സംഘത്തെ. അന്നത്തെ ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടീമിലേക്ക് നീലക്കണ്ണുകളുള്ള ഒരു ലാഹോറുകാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. പേസറായിരുന്ന ഫസല്‍ മഹമ്മൂദ്. അന്നത്തെ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ പ്രധാനിയായിരുന്നു ഫസല്‍. പൂനയിലായിരുന്നു ക്യാമ്പ്. വിഭജനത്തിന്റെ ചൂട് തെരുവുകളില്‍ അലയടിച്ച സമയം. നിയന്ത്രണവിധയമല്ലാത്ത സാഹചര്യങ്ങളായതിനാല്‍ ക്യാമ്പ് പിരിച്ചുവിടാന്‍ തീരുമാനമുണ്ടായി. ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞ ആ ദിവസത്തില്‍ ലാഹോറിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഫസല്‍.

തെരുവിലെ അനിഷ്ടസംഭവങ്ങള്‍ ട്രെയിനിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്. വൈകാതെ അത് ഫസലിന്റെ നേര്‍ക്കും എത്തുകയായിരുന്നു. ഈ നിമിഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസങ്ങളിലൊരാളായ സികെ നായിഡുവിന്റെ ഇടപെടലുണ്ടാകുന്നത്. നായിഡു അന്ന് ഫസലിനൊപ്പം ട്രെയിനിലുണ്ടായിരുന്നു. അക്രമികള്‍ ഫസലിന് നേരെ തിരിഞ്ഞപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന ബാറ്റെടുത്തായിരുന്നു നായിഡും രക്ഷാകവചമൊരുക്കിയത്. ദുര്‍ഘടമായ സാഹചര്യത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ഫസല്‍ ജന്മനാട്ടിലെത്തുന്നത്. നായിഡുവിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ഫസല്‍ എന്താകുമായിരുന്നെന്ന് അറിയില്ല. ഡസ്‌ക്ക് ടു ഡോണ്‍ എന്ന തന്റെ ഓട്ടോബയോഗ്രഫിയില്‍ ഫസല്‍ തന്നെ വെളിപ്പെടുത്തിയതാണിത്.
വിഭജനത്തിന് മുറിവുകള്‍ ഉണങ്ങിയശേഷം, ഫസല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖമായി മാറി. 1952ല്‍, പിന്നീട് തന്റെ ഉപദേശകനും സുഹൃത്തുമായ ലാല അമര്‍നാഥിനെതിരെ കളിക്കേണ്ടി വന്നു ഫസലിന്, പാകിസ്ഥാനുവേണ്ടി. പാകിസ്ഥാന്റെ ആദ്യ ടെസ്റ്റ് പരമ്പര. എതിരാളികളായി ഇന്ത്യയും. പരമ്പര ഇന്ത്യ നേടിയെങ്കിലും അത് ഇരുസംഘങ്ങളുടേയും പോരാട്ടവീര്യം കണ്ട നാളുകള്‍ക്കൂടിയായിരുന്നു.



