ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ഹീറോയായത് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് ആണ്. 2007 ലോകകപ്പില്‍ ഹോളണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഏകദിനത്തിലെ ഈ ചരിത്ര സംഭവം.

തിരുവനന്തപുരം: തലക്കെട്ട് വായിച്ച് തെറ്റിദ്ധരിക്കേണ്ട. ഒരു മത്സരത്തിലെ കാര്യമല്ല പറഞ്ഞത്. ഒരോവറിലെ ആ‍റു പന്തും സിക്സര്‍ പായിച്ചതും 60 ഓവര്‍ ബാറ്റ് ചെയ്തിട്ട് വെറും 36 റണ്‍സ് എടുത്തതും ഒരാളുമല്ല, പക്ഷേ ഈ രണ്ട് കാര്യങ്ങളെയും ബന്ധിപ്പിക്കുന്ന മറ്റൊന്നുണ്ട്. രണ്ടും സംഭവിച്ചത് ലോകകപ്പിലാണ്.

ഗിബ്സിന്‍റെ ആറാട്ട്

ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ഹീറോയായത് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് ആണ്. 2007 ലോകകപ്പില്‍ ഹോളണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഏകദിനത്തിലെ ഈ ചരിത്ര സംഭവം. ഹോളണ്ടിന്‍റെ വാന്‍ ബുങ്കെയാണ് ഗിബ്സിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. 40 പന്തില്‍ ഗിബ്സ് 72 റണ്‍സാണെടുത്തത്. മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 354 റണ്‍സിന്‍റെ വിജയലക്ഷ്യം കുറിച്ചു. മത്സരത്തില്‍ ഹോളണ്ട് 221 റണ്‍സിന് പരാജയപ്പെട്ടു.

ലോകകപ്പില്‍ ഗവാസ്കറുടെ ടെസ്റ്റ് കളി

മത്സരത്തില്‍ 60 ഓവറും( 1987 ലോകകപ്പ് മുതലാണ് മത്സരം 50 ഓവറാക്കിയത്) ബാറ്റ് ചെയ്ത് വെറും 36 റണ്‍സ് മാത്രം എടുത്തത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ സുനില്‍ ഗവാസ്കറാണ്. 1975 ജൂണ്‍ ഏഴിന് നടന്ന ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 174 പന്തുകള്‍ നേരിട്ട സുനില്‍ ഒരു ബൗണ്ടറിയുള്‍പ്പടെ 36 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് എടുത്തപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് 60 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ലോര്‍ഡ്സില്‍ നടന്ന ഈ മത്സരത്തില്‍ ഇന്ത്യ 202 റണ്‍സിന് പരാജയപ്പെട്ടു.

സുനില്‍ ഗവാസ്കറിന്‍റെ ഏകദിന കരിയറിലെ ഒരു സുപ്രധാന നേട്ടത്തിനും ലോകകപ്പ് വേദി സാക്ഷിയായിട്ടുണ്ട്. 1987ല്‍ ഒക്ടോബര്‍ 21ന് ന്യൂസിലാന്റിനെതിരെ നടന്ന മത്സരത്തിലാണ് ഗവാസ്കര്‍ തന്റെ ഏക ഏക്ദിന സെഞ്ച്വറി നേടിയത്. 88 പന്തുകള്‍ നേരിട്ട ഗവാസ്കര്‍ പുറത്താകാതെ 103 റണ്‍സ് എടുത്തു. ഈ മത്സരം മറ്റൊരു ചരിത്ര നിമിഷത്തിനും സാക്ഷിയായി.

ലോകകപ്പിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടത്തിന് ഇന്ത്യയുടെ ചേതന്‍ ശര്‍മയെ അര്‍ഹനാക്കിയത് ഈ മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഈ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 32.1 ഓവറില്‍ 224 റണ്‍സെടുത്തു. ഇന്ത്യ ഒമ്പത് വിക്കറ്റിന് മത്സരം ജയിച്ചു. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം രണ്ടുപേര്‍ക്കായിരുന്നു- ഗവാസ്കര്‍ക്കും ചേതന്‍ ശര്‍മ്മയ്ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക