ഈഡനിൽ അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലും എങ്ങനെ റണ്‍സ് കണ്ടെത്തണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാകുകയായിരുന്നു പ്രിയാൻഷിന്റേയും പ്രഭ്‌സിമ്രന്റേയും ഇന്നിങ്സുകള്‍

രസംകൊല്ലിയായി ഒരു മഴ, അതിന് മുൻപ് ഈഡൻ ഗാര്‍ഡൻസില്‍ രണ്ട് ഇന്നിങ്സുകള്‍ പെയ്തിറങ്ങി. ഈഡനിലെ മൈതാനം തൊട്ടുവണങ്ങി പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രൻ സിങ്ങും ഒരിക്കല്‍ക്കൂടി ചുവടുവെച്ചിറങ്ങിയപ്പോള്‍ കൂറ്റനടികളാകാം ഒരുപക്ഷേ കാണികള്‍ പ്രതീക്ഷിച്ചിത്. പക്ഷേ, കാത്തിരുന്നത് ഡ്രൈവുകളും, ലേറ്റ് കട്ടുകളും, സ്വിച്ച് ഹിറ്റുകളുമെല്ലാം ചേര്‍ന്ന് ക്രിക്കറ്റിന്റെ സൗന്ദര്യം നിറച്ച ബാറ്റിങ് വിരുന്ന്. 

ബാറ്റര്‍മാരോട് ഒരല്‍പ്പം പ്രീതിയുള്ള വിക്കറ്റാണ് ഈഡനിലേത്. ഇന്നലെ, വിക്കറ്റ് സ്റ്റിക്കിയായിരുന്നു. പന്ത് ബാറ്റിലേക്ക് അത്ര എളുപ്പത്തിലെത്തുന്നില്ലായിരുന്നു. പ്രിയാൻഷിന്റേയും പ്രഭ്‌സിമ്രന്റേയും ശൈലി തങ്ങളുടെ ആര്‍ക്കിലെത്തുന്ന പന്തുകള്‍ ഉയര്‍ത്തിയടിച്ച് ബൗണ്ടറി കടത്തുക എന്നതാണ്. പ്രത്യേകിച്ചും പ്രിയാൻഷിന്റെ കാര്യത്തില്‍. ഇതിന് വിപരീതമായിട്ടാണ് ഇരുവരും ഇന്നലെ ബാറ്റ് വീശിയത്.

റിക്കി പോണ്ടിങ്ങിന്റെ തലയായിരുന്നു പിന്നില്‍. ഇരുബാറ്റര്‍മാരോടും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കണമെന്നുള്ള നിര്‍ദേശം പോണ്ടിങ് നല്‍കി. പവര്‍പ്ലേയിലെ ആദ്യ നാല് ഓവര്‍ വരെ ഇരുവരും കൂറ്റനടികള്‍ക്ക് ശ്രമിച്ചില്ല എന്നതാണ് കാര്യം. പ്രിയാൻഷിന്റെ ആദ്യ നാല് ഫോറുകളില്‍ മൂന്നും കവറിലൂടെയുള്ള പ്ലേസ്‌മെന്റായിരുന്നു. 

കോലിയെ പോലെ ലോ റിസ്ക്ക് ആൻഡ് മാക്സിമം റണ്‍സ് ശൈലി. തന്റെ ശക്തികേന്ദ്രമായ ലെഗ്‌സൈഡ് വീട്ട് ഓഫ് സൈഡിലേക്ക് ഇറങ്ങി കളിച്ചു പ്രിയാൻഷ്. പവര്‍പ്ലേയില്‍ മാത്രം വൈഭവിനും സക്കരിയക്കുമെതിരെ ആറ് ബൗണ്ടറികള്‍ റിസ്കില്ലാതെ പ്രിയാൻഷ് തന്റെ പേരില്‍ ചേര്‍ത്തു. പേസര്‍മാരെ നേരിട്ടതിനേക്കാള്‍ കയ്യടക്കത്തോടെയായിരുന്നു സ്പിന്ന‍ര്‍മാരെ പ്രിയാൻഷ് സ്വീകരിച്ചത്.

സീസണില്‍ ഇതുവരെ പുറത്തെടുക്കാത്ത പക്വത കണ്ടു അവിടെ. വരുണ്‍ ചക്രവര്‍ത്തിക്കും സുനില്‍ നരെയ്‌നുമെതിരെ ആദ്യ ഏഴ് പന്തില്‍ നേടിയത് മൂന്ന് റണ്‍സ് മാത്രമായിരുന്നു. പിന്നീട് വരുണിനെ മിഡ് വിക്കറ്റിനും നരെയ്‌നെതിരെ ക്രീസ് വിട്ടിറങ്ങി ലോങ് ഓണിനും മുകളിലൂടെയും സിക്സറുകള്‍ കണ്ടെത്തുന്നു. ഹര്‍ഷിതിന്റെ വൈഡ് യോര്‍ക്കര്‍ കോരിയെടുത്ത് ഡീപ് പോയിന്റിലൂടെ ബൗണ്ടറി വര കടത്തി.

35 പന്തില്‍ 69 റണ്‍സുമായി മടങ്ങുമ്പോള്‍ പഞ്ചാബ് സമ്പൂര്‍ണ ആധിപത്യത്തിലേക്ക് എത്തിയിരുന്നു. പേസര്‍മാര്‍ക്കെതിരെ 20 പന്തില്‍ 50 റണ്‍സ്, സ്പിന്നിനെതിരെ 15 പന്തില്‍ 19 റണ്‍സുമായിരുന്നു പ്രിയാൻഷ് നേടിയത്.

മറവശത്ത് പ്രിയാൻഷിന് സ്പേസ് കൊടുത്ത് സെക്കൻഡ് ഹീറോ റോളിലാണ് പ്രഭ്‌സിമ്രൻ തുടങ്ങിയത്. പവര്‍പ്ലേ ഓവറുകളിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെല്ലാം ഒഴിവാക്കിയുള്ള സേഫ് ബാറ്റിങ്. 32 പന്തില്‍ നിന്ന് 34 റണ്‍സുമായി ഒരു ഘട്ടത്തില്‍ താരത്തെ ക്രീസില്‍ കണ്ടിരുന്നു. പിന്നീട് നേരിട്ട 16 പന്തില്‍ പ്രഭ്‌സിമ്രൻ തന്റെ കരുതല്‍ ഉപേക്ഷിച്ച് കളം നിറയുകയായിരുന്നു. 

സക്കരിയക്കെതിരെ 13-ാം ഓവറില്‍ ഷോര്‍ട്ട് തേഡിനും പോയിന്റിനും ഇടയിലൂടെ നേടിയ ബൗണ്ടറി ലങ്കൻ ഇതിഹാസം അ‍ര്‍ജുന രണതുംഗയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അത്ര അനായാസമായിരുന്നു പ്രഭ്‌സിമ്രന്റെ ഹാൻഡ് ഐ കോര്‍ഡിനേഷൻ. 14-ാം ഓവറില്‍ വരുണിന്റെ മിസ്റ്ററി ഹിസ്റ്ററിയാക്കിക്കൊണ്ട് നാല് ബൗണ്ടറികള്‍. അതിലൊന്ന് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പറന്നപ്പോള്‍ റിങ്കു സിങ് കാഴ്ചക്കാരനായി ബൗണ്ടറി വരയ്ക്ക് അരികില്‍ നിന്നു.

പ്രിയാൻഷില്‍ നിന്ന് നേര്‍വിപരീതമായിരുന്നു പ്രഭ്‌സിമ്രൻ. സ്പിന്നിനെ കൂടുതല്‍ ആക്രമിച്ചു കളിച്ചു. 22 പന്തില്‍ 41 റണ്‍സ് സ്പിന്നര്‍മാര്‍ക്കെതിരെ നേടി. സ്ലോഗ്, റീവേഴ്‌സ് സ്വീപ്പുകള്‍, സ്വിച്ച് ഹിറ്റുകള്‍...അങ്ങനെ പ്രഭ്‌സിമ്രൻ നരയ്‌നേയും വരുണിനേയും അപ്രസക്തമാക്കി. പ്രത്യേകിച്ചും ടേണ്‍ അവര്‍ക്ക് ലഭിച്ചിരുന്ന സാഹചര്യത്തില്‍. 

120 റണ്‍സായിരുന്നു ഇരുവരും കൂട്ടുകെട്ടിലൂടെ പടുത്തുയര്‍ത്തിയത്. ആദ്യ പത്ത് ഓവറുകളിലെ ഇരുവരുടേയും ആക്രമണ ഷോട്ടുകളുടെ എണ്ണം 38 ശതമാനം മാത്രമായിരുന്നു. സാധരണ ഇത് 50ന് മുകളിലായിരുന്നു. ഈഡനിലെ വിക്കറ്റില്‍ അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലും എങ്ങനെ റണ്‍സ് കണ്ടെത്തണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാകുകയായിരുന്നു പ്രിയാൻഷിന്റേയും പ്രഭ്‌സിമ്രന്റേയും ഇന്നിങ്സുകള്‍.