2022 ട്വന്റി 20 ലോകകപ്പിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഫോര്‍മാറ്റില്‍ തിളങ്ങാനായിട്ടില്ല. പ്രത്യേകിച്ചും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള മുൻനിര ടീമുകളോട്

ഇതുവരെ നടന്നത് ഒൻപത് ട്വന്റി 20 ലോകകപ്പുകള്‍. ഒരു തവണ ചാമ്പ്യന്മാര്‍, രണ്ട് വട്ടം ഫൈനലിസ്റ്റുകള്‍, മൂന്ന് പ്രാവശ്യം സെമി ഫൈനലില്‍. ഇത്രയും സ്ഥിരതയോടെ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ള പാക്കിസ്ഥാൻ ഇന്ന് ട്വന്റി 20 ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. 2022 ട്വന്റി 20 ലോകകപ്പിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഫോര്‍മാറ്റില്‍ തങ്ങളുടെ ഉയര്‍ച്ച നിലനിര്‍ത്താനായിട്ടില്ലെന്ന് മാത്രമല്ല ഇടിവ് സംഭവിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ വീഴ്ചകള്‍ക്ക് പിന്നിലെ കാരണമെന്താണ്.

വമ്പന്മാരോട് തോല്‍വി മാത്രം

2022 ട്വന്റി 20 ലോകകപ്പിന് ശേഷം പാക്കിസ്ഥാൻ കളിച്ചിട്ടുള്ള ട്വന്റി 20 പരമ്പരകളുടെ എണ്ണം 13 ആണ്. ഇതിന് പുറമെ 2023 ഏഷ്യൻ ഗെയിംസ്, 2024 ട്വന്റി 20 ലോകകപ്പ്, ഈ മാസം ആദ്യം നടന്ന ട്രൈ സീരീസ് എന്നിവയും ഉള്‍പ്പെടുന്നു. 13 പരമ്പരകളില്‍ ഏഴെണ്ണം ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടോപ് ടീമുകളോടായിരുന്നു. ഇതില്‍ ഒരു പരമ്പര പോലും നേടാൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല, ന്യൂസിലൻഡിനെതിരായ രണ്ട് പരമ്പരകള്‍ സമനിലയിലായത് മാത്രമാണ് നേട്ടം.

വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലൻഡ് എന്നീ ടീമുകളോടാണ് ജയിച്ച നാല് പരമ്പരകള്‍. അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും ഒരോ പരമ്പരകള്‍ നഷ്ടമാകുകയും ചെയ്തു. ടോപ് ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ പാക്കിസ്ഥാന്റെ ദുര്‍ബലതകള്‍ പൂര്‍ണമായും എടുത്തുകാട്ടപ്പെടുന്നു. പ്രധാനമായും മാറുന്ന ശൈലി അഡാപ്റ്റ് ചെയ്യാൻ പാക്കിസ്ഥാന് സാധിക്കുന്നില്ല എന്നത്. ഇംഗ്ലണ്ടും ഇന്ത്യയും ഓസ്ട്രേലിയയുമൊക്കെ ട്വന്റി 20യില്‍ സ്ഥിരതയോടെ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ടീമുകളാണ്. ഇതിനൊപ്പമോടാൻ പാക്കിസ്ഥാന് കഴിയുന്നില്ല.

2021 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും മികച്ച റണ്‍ റേറ്റില്‍ ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യയാണ്. 9.15 ആണ് ഇന്ത്യയുടെ ശരാശരി ഒരു മത്സരത്തിലെ റണ്‍റേറ്റ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന്റെ ഒൻപതും തൊട്ടുപിന്നിലുള്ള ഓസ്ട്രേലിയയുടേത് 8.94 ആണ്. ഈ പട്ടികയില്‍ അസോസിയേറ്റ് രാജ്യങ്ങളായ നേപ്പാളിനും കാനഡയ്ക്കും പിന്നിലായി 14-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ടീമിന്റെ ശരാശരി റണ്‍ റേറ്റ് 8.14 ആണ് നിലവില്‍. ഇപ്പോഴും വര്‍ഷങ്ങള്‍ക്ക് പിന്നിലെ ശൈലിയാണ് പാക്കിസ്ഥാൻ ട്വന്റി 20യില്‍ സ്വീകരിക്കുന്നത്.

പവർ ഹിറ്റർമാരില്ല, മധ്യ ഓവറുകളില്‍ കിതപ്പ്

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള ടീമുകള്‍ മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും കൂറ്റനടികള്‍ക്കൊണ്ട് എതിര്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കുമ്പോള്‍ പാക്കിസ്ഥാന് അത്തരമൊരു ശൈലി സ്വീകരിക്കാൻ കഴിയുന്നില്ല. മധ്യഓവറുകളില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന പവര്‍ ഹിറ്റര്‍മാരുടെ അഭാവമാണ് കാരണം. അഗ്രസീവ് ബ്രാൻഡ് ഓഫ് ക്രിക്കറ്റായിരിക്കും ഇനി പാക്കിസ്ഥാൻ കളിക്കുക എന്ന പുതിയ നായകൻ സല്‍മാൻ അഗ പറയുമ്പോഴും അത് കളത്തില്‍ പ്രകടമാകുന്നില്ല, ഉണ്ട്, പക്ഷേ താരതമ്യേനെ ശക്തരല്ലാത്തവര്‍ക്കെതിരെയാണെന്ന് മാത്രം.

ഇത്തവണത്തെ ഏഷ്യ കപ്പ് തന്നെ ഉദാഹരണമായി എടുക്കാനാകും. ഒമാനെതിരായ ആദ്യ മത്സരത്തില്‍ ആറ് മുതല്‍ 15 വരെയുള്ള ഓവറുകളില്‍ പാക്കിസ്ഥാൻ നേടിയത് 64 റണ്‍സാണ്. റണ്‍റേറ്റ് 7.11. ഇന്ത്യക്കെതിരായ മത്സരത്തില്‍ കേവലം 36 റണ്‍സ് മാത്രമാണ് മധ്യ ഓവറുകളില്‍ പാക്കിസ്ഥാൻ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത്. റണ്‍റേറ്റ് നാല് മാത്രം. ഇന്ത്യക്കെതിരെ നാല് വിക്കറ്റുകളും നഷ്ടമായി. 2024 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 48 റണ്‍സ്, കാനഡയ്ക്കെതിരെ 57 റണ്‍സ്, അയര്‍ലൻഡിനെതിരെ 41 റണ്‍സ് എന്നിങ്ങനെയാണ് മധ്യ ഓവറുകളിലെ പാക്കിസ്ഥാന്റെ നേട്ടം.

ടീം തിരഞ്ഞെടുപ്പാണ് മറ്റൊരു വെല്ലുവിളി. താരങ്ങള്‍ക്ക് ഒരു ലോങ് റണ്‍ കൊടുക്കാതെയുള്ള സമീപനം. ഇക്കാലയളവില്‍ ആറ് ക്യാപ്റ്റന്മാരെ പോലും പരീക്ഷിക്കാൻ പാക്കിസ്ഥാൻ തയാറായി. ബാബര്‍ അസം, ഷദാബ് ഖാൻ, ഖാസി അക്രം, ഷഹീൻ അഫ്രിദി, മുഹമ്മദ് റിസ്വാൻ, സല്‍മാൻ അഗ. 2024 ട്വന്റി 20 ലോകകപ്പ് ടീമില്‍ ഭാഗമായ ഫക്കര്‍ സമാനും ഷഹീൻ അഫ്രിദിയും മാത്രമാണ് നിലവില്‍ ട്വന്റി 20 ടീമില്‍ അംഗമായിട്ടുള്ളത്.

ഷഹീൻ അഫ്രിദി നയിക്കുന്ന പേസ് ബൗളിങ് നിരയില്‍ തന്നെ ദുര്‍ബലതകളുണ്ട്. നേരത്തെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഫിയര്‍ലസും അപകടകാരികളുമായ ബൗളിങ് നിര പാക്കിസ്ഥാന്റെയായിരുന്നു. എന്നാല്‍, ഇന്നത്തെ പേസ് നിരയില്‍ ഷഹീൻ അഫ്രിദിക്ക് അപ്പുറമൊരു പേര് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ കോളത്തില്‍ കാണാനാകില്ല. നസീം ഷാ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും താരത്തിന് നിരന്തരമായി സംഭവിക്കുന്ന പരുക്കുകള്‍ വില്ലനാവുകയാണ്. ക്വാളിറ്റി സ്പിന്നര്‍മാരുടെ അഭാവവും പ്രധാന വെല്ലുവിളികളിലൊന്നാണ്. അതുകൊണ്ട് തന്നെ കൃത്യമായൊരു ടീം കോമ്പിനേഷൻ ട്വന്റി 20യില്‍ കണ്ടെത്താനും പാക്കിസ്ഥാനാകുന്നില്ല.