Asianet News MalayalamAsianet News Malayalam

വാംഖഡെയില്‍ അവസാനം കണ്ട സച്ചിന്‍...; വിടവാങ്ങല്‍ മത്സരത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ട് ഇന്ന് ആറു വര്‍ഷം. സച്ചിന്റെ അവസാന ടെസ്റ്റ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത സി കെ രാജേഷ്‌കുമാര്‍ ആ അനുഭവങ്ങളിലൂടെ.
 

This Day 2013 Sachin Tendulkar Played His Last Test
Author
Mumbai, First Published Nov 16, 2019, 6:57 PM IST

നാം അനുഭവിച്ച സച്ചിനിസം അവസാനിച്ചിട്ട് ആറു വര്‍ഷമായിരിക്കുന്നു. എങ്കിലും ഇപ്പോഴും നമ്മുടെ കാതുകളില്‍ ആ ശബ്ദം, സച്ചിന്‍..സച്ചിന്‍..എന്ന വിളി മുഴങ്ങുകയാണ്. അതിനിപ്പോഴും ശബ്ദം കുറഞ്ഞിട്ടില്ല, കൂടുതല്‍ ഈണത്തില്‍ നാമതു കേള്‍ക്കുന്നു, ആസ്വദിക്കുന്നു. സച്ചിന്‍ ക്രീസിലില്ലാത്ത കാലം ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക്ക് നല്‍കുന്ന ശൂന്യത എത്രവലുതാണെന്ന് നാം കഴിഞ്ഞ ആറു വര്‍ഷമായി അനുഭവിക്കുകയാണ്. കാലമെത്ര കഴിഞ്ഞാലും ആ ശൂന്യത അനുഭവിച്ചേ തീരൂ. ഏതു സൂര്യനും അസ്തമയം എന്നൊന്നുണ്ട് എന്ന സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആരംഭിക്കാം. 2013 നവംബര്‍ 14നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവസാനം കളിച്ച ടെസ്റ്റിന്റെ ആദ്യദിനം. എതിരാളി ഡാരന്‍ സമി നയിച്ച വെസ്റ്റ് ഇന്‍ഡീസ്. വേദി മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിയം. ആ ടെസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുപമ ഭാഗ്യം എനിക്കുണ്ടായി. ആ മുഹൂര്‍ത്തങ്ങളിലൂടെ.

This Day 2013 Sachin Tendulkar Played His Last Test

2013 നവംബര്‍ 13

കളിയെഴുത്തിന്റെ ആഘോഷങ്ങള്‍ക്ക് വസന്തം തീര്‍ത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന മഹാപ്രതിഭയുടെ അവസാന ടെസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലഭിച്ച അനുപമ ഭാഗ്യം ശരിക്കും ആസ്വദിക്കുകയായിരുന്നു. മുംബൈയിലെ ചെങ്കുറിചാലിച്ച മറൈന്‍ ഡ്രൈവിലെ  ഒരു സായാഹ്നത്തില്‍ അവിടെയെത്തി. തെരുവോരങ്ങള്‍ എല്ലാം സച്ചിന്‍മയം. വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കമാനങ്ങള്‍ തുടങ്ങി സച്ചിന്‍കാഴ്ചകളുടെ വര്‍ണലോകം. അവിടുത്തെ കാഴ്ചകള്‍ പലതും വിചിത്രങ്ങളും താത്പര്യജനകവുമായിരുന്നു. സച്ചിന്റെ അവസാനമത്സരമല്ലേ സൗജന്യമായി ഓടാം എന്നു തീരുമാനിച്ച ടാക്‌സി ഡ്രൈവര്‍മാരെ കാണാമായിരുന്നു. ഹോട്ടലുകളില്‍ പ്രത്യേക വിലക്കിഴിവ്. അതിനിടെ ചില മലയാളി ഹോട്ടലുകളിലുമെത്തി. 200 രൂപയ്ക്കു മേല്‍ തുകയ്ക്ക് ഭക്ഷണം കഴിച്ചാല്‍ 20 ശതമാനം വരെ വിലക്കുറവ്. അങ്ങനെ സച്ചിന്‍ എന്ന ബിംബത്തെ എങ്ങനെയൊക്കെ ആഘോഷിക്കാമോ അങ്ങനെയൊക്കെ അവര്‍ ആഘോഷിച്ചു.

എന്നാല്‍, രണ്ടുദിവസത്തിനപ്പുറം സച്ചിന്‍ ക്രീസിലുണ്ടാകില്ല എന്ന യാഥാര്‍ഥ്യം പലര്‍ക്കും അംഗീകരിക്കാനാവുമായിരുന്നില്ല. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലത്തില്‍ സമാനതകളില്ലാത്ത പ്രതിഭയുടെ കൊടിയിറക്കത്തിന് കേളികൊട്ടായി.  

അന്നേദിവസത്തെ പരിശീലനത്തിനായി സച്ചിനും സംഘവും വാംഖഡെയിലെത്തി. ഏതാണ്ട് രണ്ടര മണിക്കൂര്‍ സ്റ്റേഡിയത്തില്‍ ചെലവഴിച്ച സച്ചിനൊപ്പം മകന്‍ അര്‍ജുനും ഉണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ മംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മൈതാനത്തെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാനെത്തി.  അദേഹം സച്ചിനുമായി വളരെനേരം സംസാരിച്ചു. അവസാനവട്ട പരിശീലനത്തില്‍ സച്ചിനു പന്തെറിയാനുള്ള സൗഭാഗ്യം ഉണ്ടായത് ഭുവനേശ്വര്‍ കുമാറിനും ഇഷാന്ത് ശര്‍മയ്ക്കും അമിത് മിശ്രയ്ക്കുമാണ്. അവസാന ടെസ്റ്റാണ് എന്നതുകൊണ്ട് അലസത ആയിക്കളയാമെന്ന ചിന്തയിലായിരുന്നില്ല സച്ചിന്‍. ഓരോ പന്തും സസൂക്ഷ്മം നിരീക്ഷിച്ചു നേരിടുന്ന സച്ചിന്‍ അവിടെ തികഞ്ഞ പ്രഫഷണലായി.

പരിശീലനത്തിന്റെ ചെറിയ ഇടവേളയില്‍ സച്ചിന്‍ മാധ്യമങ്ങളോടു സംസാരിച്ചു. തനിക്കുതന്ന എല്ലാ പിന്തുണയ്ക്കും സച്ചിന്‍ നന്ദി പറഞ്ഞു. അവസാന ടെസ്റ്റിലും തനിക്കും ഇന്ത്യക്കും എല്ലാ പിന്തുണയും നല്‍കണമെന്ന് സച്ചിന്‍ തന്റെ ചെറിയ അഭിമുഖത്തില്‍ പറഞ്ഞു. പോകുംവഴി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും മറന്നില്ല. കളിയെഴുത്തിലൂടെയും കളി പറച്ചിലിലൂടെയും സച്ചിനെ ആഘോഷിച്ച പത്രപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടായിരുന്നു പിന്നീട്. വളരെ താത്പര്യത്തോടെ സച്ചിന്‍ ഏതാണ്ട് 10 മിനിറ്റോളം ചെലവഴിച്ചു, ഫോട്ടോയ്ക്കു പോസ് ചെയ്തു. രാജ്യത്തിനകത്തുനിന്നുള്ള നൂറുകണക്കിന് ജേര്‍ണലിസ്റ്റുകള്‍ മുംബൈ വാങ്കഡെയിലെത്തിയിരുന്നു.

2013 നവംബര്‍ 14

This Day 2013 Sachin Tendulkar Played His Last Test

ഒടുവില്‍ ആ ദിവസമെത്തി. 2013 നവംബര്‍ 14. കളിയരങ്ങില്‍ ആട്ടവിളക്ക് അണയുകയാണ്. ഇന്നേക്ക് അഞ്ചു ദിവസത്തിനപ്പുറം ക്രിക്കറ്റിലെ സൂര്യപ്രഭ അസ്തമിക്കും. കാലം വാഴ്ത്തിയ 24 വര്‍ഷങ്ങളുടെ കഥകളിലെ കൊട്ടിക്കയറ്റങ്ങള്‍ കലാശത്തിനു വഴിമാറുകയാണ്. ലോകം കണ്ട എക്കാലത്തെയും വലിയ ക്രിക്കറ്റ് പ്രതീകം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ മത്സരം ആഘോഷമാക്കാന്‍ മുംബൈ തയാറെടുത്തുകഴിഞ്ഞു. ഇന്ത്യ, വിന്‍ഡീസിനെ നേരിടുന്നു. രാജവീഥികളുടെ നടയോരങ്ങളില്‍ സംസാരവും ചിന്തയും സച്ചിനെക്കുറിച്ചാണ്. എവിടെയും സച്ചിന്‍ മാത്രം. അവരുടെ ആഘോഷങ്ങളിലായിരുന്നു സച്ചിന്‍ ഇതുവരെയെങ്കില്‍ അവരുടെ ദു:ഖങ്ങളിലായിരിക്കും ഇനിമുതല്‍ സച്ചിന്‍. കളിക്കളത്തില്‍ ഇനി സച്ചിനില്ലല്ലോ എന്ന വിഷമത്തിനിടയിലും അവര്‍ സച്ചിന് ഉചിതമായ യാത്രയയപ്പ് നല്‍കാനൊരുങ്ങിക്കഴിഞ്ഞു. ചരിത്രരേഖകളില്‍ അടയാളപ്പെടുത്തുന്ന സച്ചിന്റെ അവസാന മത്സരം കാണാന്‍ സച്ചിന്റെ അമ്മ രജ്നിയും സ്റ്റേഡിയത്തിലെത്തി.

24 വര്‍ഷം 199 ടെസ്റ്റുകള്‍, 328 ഇന്നിംഗ്സുകള്‍, 18426 റണ്‍സ്, 51 സെഞ്ചുറികള്‍... 16 വര്‍ഷവും 205 ദിവസവും പ്രായമുള്ളപ്പോള്‍ തുടങ്ങിയ സച്ചിന്റെ സമ്മോഹനമായ കരിയര്‍ 40 വയസും 204 ദിവസവും പിന്നിടുന്ന വേളയില്‍ അവസാനിക്കുകയാണ്. ഡോണ്‍ ബ്രാഡ്‌മാനെപ്പോലെ അവസാന ടെസ്റ്റില്‍ റണ്‍സൊന്നുമില്ലാതെ മടങ്ങേണ്ട അവസ്ഥ സച്ചിനുണ്ടാകരുതേ എന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മറിച്ച് ഗ്രെഗ് ചാപ്പല്‍ കരിയര്‍ അവസാനിപ്പിച്ചതുപോലെ സെഞ്ചുറിയുമായി വേണം സച്ചിന്‍ കരിയര്‍ അവസാനിപ്പിക്കുന്നത് എന്നതാണ് അവരുടെ സ്വപ്നം. 

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. സച്ചിന്റെ കൈയില്‍നിന്നു വാങ്ങിയ പന്തുമായി ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് തുടങ്ങി. ഇന്ത്യ, വിന്‍ഡിസിനെ 182 റണ്‍സിനു പുറത്താക്കി. ഇന്ത്യന്‍ സ്‌കോര്‍ 77ല്‍ നില്‍ക്കേ, മുരളി വിജയ്‌യും ശിഖര്‍ ധവാനും മടങ്ങി. ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ ആദ്യമായി ആര്‍പ്പുവിളിക്കുന്ന കാണികളെയും അന്നു കണ്ടു. സച്ചിന്‍ ക്രീസിലെത്താന്‍ സമയമായിരിക്കുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.33ന് സച്ചിന്റെ വരവ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രീകോവിലില്‍ വിളക്കായി തിളങ്ങിയ താരകം രണ്ടു വര്‍ഷക്കാലത്തെ തേജസാര്‍ന്ന സഞ്ചാരം അവസാനിപ്പിക്കാനൊരുങ്ങി ക്രീസിലേക്ക്. സ്വന്തം കളിത്തട്ടില്‍ പൂര്‍ണവിരാമം സ്വയം തെരഞ്ഞെടുത്ത സച്ചിന്‍ ഇതാ കണ്‍മുന്നില്‍. വലിയ കരഘോഷങ്ങളോടെ സച്ചിനെ വരവേറ്റു. വിന്‍ഡീസ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സച്ചിനെ വരവേറ്റു. സ്‌റ്റേഡിയത്തിലെ ഒന്നടങ്കം കാണികളും എഴുന്നേറ്റുനിന്നു. മീഡിയ ബോക്‌സില്‍ മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ എഴുന്നേറ്റുനിന്നു സ്വീകരിച്ചു. ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് കണ്ണിമചിമ്മാതെ കാണൂ എന്ന വാചകം ഗാലറിയിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞു. പതിയെതാളം കണ്ടെത്തിയ സച്ചിന്‍ മികച്ച ഷോട്ടുകളുയര്‍ത്തി. ഇനി ക്രിക്കറ്റ് കളിക്കുന്നത് സാധാരണ മനുഷ്യര്‍ മാത്രമായിരിക്കുമെന്ന വാചകവും പ്രത്യക്ഷപ്പെട്ടു. ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 157 എന്ന നിലയിലായിരുന്നു. സച്ചിനു കൂട്ടായി പൂജാരയും.

രണ്ടാം ദിനം. ക്രിക്കറ്റിനു പുതിയ വ്യാകരണം ചമച്ച തങ്ങളുടെ പ്രിയ സച്ചിന്‍ അതാ വീണ്ടും മൈതാനമധ്യത്തിലേക്ക്. ആര്‍പ്പുവിളികളോടെ സച്ചിനെ വരവേറ്റു. മാതാനത്ത് ത്രിവര്‍ണം പാറി, കാണികളുടെ ഹൃദയത്തില്‍ ആവേശത്തിന്റെ പെരുമ്പറ, സച്ചിന്‍ ഇതാ തങ്ങളുടെ മുന്നില്‍ വീണ്ടും..തലേദിവസം നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ സച്ചിന്റെ ഓരോ ഷോട്ടുകള്‍ക്കും കാണികളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.

സച്ചിന്റെ ഓരോ ഷോട്ടിനുമുള്ള പ്രതികരണമായി അമ്മ രജ്നിയുടെ മുഖത്തുവിരിയുന്ന പ്രതികരണം വാത്സല്യത്തിന്റേതായി. അവര്‍ പുഞ്ചിരിച്ചു. അച്ചരേക്കര്‍ തന്റെ ശിഷ്യനെയോര്‍ത്ത് അഭിമാനിച്ചു. കണ്ണുനീര്‍ പൊഴിച്ചു. ഭാര്യ അഞ്ജലിയുടെ മുഖത്ത് ഓരോ നിമിഷവും ആകാംക്ഷയും സമ്മര്‍ദവും. സച്ചിന്റെ ബാറ്റില്‍ പന്തുകൊള്ളാതെ വരുമ്പോള്‍ ആ മുഖം വാടി. സച്ചിന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴും അഞ്ജലിയുടെ മുഖം പ്രസന്നമായിരുന്നില്ല. അവരുടെ അന്തരംഗം കൂടുതല്‍ കൊതിച്ചു. സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ ഉണ്ണാതെ ഉറങ്ങാതെ ഇരിക്കുന്ന അഞ്ജലിയെ നാമറിഞ്ഞിട്ടുണ്ട്. ഇവിടെയും അങ്ങനെ തന്നെ. സച്ചിന്റെ ബാറ്റിനൊപ്പം അവരുടെ മനസും ചിന്തയും പ്രാര്‍ഥനയുമുണ്ടായിരുന്നു. കാലം വരുതിവച്ച ഈ ദമ്പതിമാരുടെ മാതൃകാജീവിതത്തിന് ബിഗ് സല്യൂട്ട്. സച്ചിന്റെ വളര്‍ച്ചയില്‍ നിര്‍ണാക സ്വാധീനമായ അജിത് ടെന്‍ഡുല്‍ക്കര്‍ വികാരഭരിതനായി കാണപ്പെട്ടു.

ഒടുവില്‍...

This Day 2013 Sachin Tendulkar Played His Last Test

ആദ്യ മണിക്കൂറിന്റെ വേഗതാളത്തെ കവര്‍ന്നുകൊണ്ടെത്തിയ ഡ്രിംഗ്സ് ബ്രേക്ക് സച്ചിന്റെയും താളം തെറ്റിച്ചു. ഡിയോ നരെയ്നെറിഞ്ഞ പന്തില്‍ അപ്പര്‍ കട്ടിനുശ്രമിച്ച സച്ചിന്‍ പരാജയപ്പെട്ടു. ഫ്ളാറ്റര്‍ ഡെലിവറിയിലൊളിപ്പിച്ച ഭൂതം സച്ചിനെ കവര്‍ന്നെടുത്തു. പന്ത് ഒന്നാം സ്ലിപ്പില്‍ സമിയുടെ കൈകളിലമര്‍ന്നപ്പോള്‍ വാങ്കഡെയുടെ ദ്രുതതാളം ശോകമയമായി. എന്നാല്‍, വിന്‍ഡീസ് താരങ്ങള്‍ ഈ വിക്കറ്റ് ആഘോഷിച്ചില്ല. സമി ഒരു നിമിഷം കുനിഞ്ഞിരുന്നു. സച്ചിനെ ആദരിക്കുകയായിരുന്നു ഈ മാന്യനായ ക്രിക്കറ്റര്‍. ലോകത്തെ ബൗളര്‍മാരെല്ലാം ആഘോഷിച്ച ഈ വിക്കറ്റ് അവസാനം ആദരിക്കപ്പെട്ടു. കോടിക്കണക്കിന് ആരാധകരുടെ മനംകവരാന്‍ സമിയുടെ ഈ പ്രവര്‍ത്തി ഉപകരിച്ചു.

ക്രീസില്‍ സംഭവിച്ചത് എന്തെന്നറിയാതെ പലരും അമ്പരന്നു. പലരുടെയും ശ്വാസമടഞ്ഞു, അവര്‍ പരസ്പരം സംസാരിച്ചില്ല, എല്ലാം നിമിഷവേഗത്തില്‍ കഴിഞ്ഞു. തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ മാത്രമാണ് സച്ചിന്റെ അമ്മ കരഞ്ഞിട്ടുള്ളത്. ആ മാതൃഹൃദയം പിന്നീട് ആദ്യമായി നൊമ്പരപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വീല്‍ ചെയറിലിരുന്ന് അവര്‍ മുകളിലേക്കു നോക്കി. ഒരുനിമിഷം കണ്ണടച്ചു. ആദ്യമായി സച്ചിന്റെ കളി നേരിട്ടു കണ്ട അവര്‍ക്ക് സ്വന്തം പുത്രന്‍ നല്‍കിയ സമ്മാനങ്ങള്‍ ആത്മാവിനെ തൊടുന്നവയായിരുന്നു. ക്രിക്കറ്റിന്റെ സാങ്കേതികതകള്‍ വഴക്കമില്ലാത്ത ആ അമ്മ സ്വപുത്രനെ ഓര്‍ത്ത് അഭിമാനിച്ചു. ഭാര്യ അഞ്ജലി ആദ്യം മുഖംകുനിച്ചു. ഭര്‍ത്താവിന്റെ നേട്ടങ്ങളില്‍ താങ്ങായും തണലായും നിന്ന അവര്‍ എഴുന്നേറ്റുനിന്നു. സഹതാരം യുവ് രാജ് സിംഗ് കണ്ണുകള്‍ തുടയ്‌ക്കുന്നതു കാണാമായിരുന്നു.

സച്ചിന്‍ നടന്നുനീങ്ങുകയാണ് ആയിരക്കണക്കിന് ആരാധകരുടെ കണ്‍മുന്നിലൂടെ സച്ചിന്‍ പവലിയനിലേക്ക്. ഒരു നിമിഷത്തെ നിശ്ബ്ദതയ്ക്കുശേഷം ആരാധകര്‍ ഒന്നടങ്കം എണീറ്റുനിന്നു തലകുമ്പിട്ടു . ഇന്ത്യയുടെ ക്രിക്കറ്റ് പാരമ്പര്യത്തിനു പൊന്നാഭരണമണിയിച്ച ഇതിഹാസ താരത്തിന് നമോവാകമേകി. പലരുടെയും ഉപബോധമനസില്‍ ഒരു പക്ഷേ, ഇതു സച്ചിന്റെ അവസാന ഇന്നിംഗ്സായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു. കാരണം ഇന്ത്യ വലിയ ലീഡിലേക്കാണു നീങ്ങുന്നത്. വാങ്കഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു എല്ലാവരും എഴുന്നേറ്റുനിന്ന് സച്ചിനെ കൈയടിച്ചു മടക്കിയയച്ചു. മൈതാനത്തുനിന്ന് ഡ്രസിംഗ് റൂമിലേക്കുള്ള പടികള്‍ കയറും മുമ്പ് സച്ചിന്‍ ബാറ്റുയര്‍ത്തി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സച്ചിന്‍ ബാറ്റില്‍ കൊളുത്തിയ ത്രിവര്‍ണ ജ്വാല ആവേശമായി കാണികളിവലേക്കമര്‍ന്നു. അവര്‍ ആര്‍പ്പുവിളിച്ചു. സച്ചിന്‍...സച്ചിന്‍...വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മറ്റൊരുനാമവും കേള്‍ക്കാതെയായി.

2013 നവംബര്‍ 16

This Day 2013 Sachin Tendulkar Played His Last Test

ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പയില്‍ ഇന്ത്യ അനായാസ വിജയത്തിലേക്കെന്ന സൂചന നല്‍കിയശേഷമാണ് അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചത്. അതുകൊണ്ടുതന്നെ വാങ്കഡെ സ്റ്റേഡിയത്തില്‍ അതിരാവിലെതന്നെ ആയിരക്കണക്കിന് ആരാധകര്‍ എത്തിയിരുന്നു. മത്സരത്തിനായി സച്ചിനെ ഒരിക്കല്‍ക്കൂടി മുന്നില്‍നിര്‍ത്തി ഇന്ത്യ ഇറങ്ങി. ലഞ്ചിനു പിരിയും മുമ്പ് ഇന്ത്യന്‍ ടീമിന് അധികമായി അനുവദിച്ച 15 മിനിറ്റിനുള്ളില്‍ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. ഇന്ത്യ ജയിച്ചു. ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സച്ചിന്‍ ഇരു കൈകളുമുയര്‍ത്തി ടീമംഗങ്ങളുടെ അരികിലേക്കോടി വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.

11:47.58

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ച നിമിഷമായിരുന്നു അത്. ലോകത്തിനു പ്രകാശം പകരുന്ന സൂര്യന്‍ മറയാന്‍ സമയമേറെ ബാക്കിയുണ്ടായിരുന്നു. എന്നാല്‍, ക്രിക്കറ്റിനു പ്രകാശമേകിയ സൂര്യന്‍ ഉച്ചയ്ക്കു മുമ്പ് അസ്തമിച്ചു. ഇന്ത്യന്‍ സമയം 11.47 ആയപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തന്റെ അവസാന അന്താരാഷ്ട്രമത്സരം പൂര്‍ത്തിയാക്കി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം നേടിയശേഷം. ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഗബ്രിയേലിന്റെ വിക്കറ്റ് മുഹമ്മദ് ഷമി പറിച്ച നിമിഷം. സച്ചിന്‍ ഓടിച്ചെന്ന് സ്റ്റംപിലൊരെണ്ണം കൈക്കലാക്കി. പിന്നീട് ടീമംഗങ്ങള്‍ സച്ചിനെ വാരിപ്പുണര്‍ന്നു. വിന്‍ഡീസ് ടീമംഗങ്ങള്‍ ഓരോരുത്തരായി സച്ചിനെ അഭിനന്ദിച്ചു. എല്ലാവര്‍ക്കും ഷേക് ഹാന്‍ഡ് നല്‍കി. ഇതിനിടെ സച്ചിന്‍ മനസിലാക്കുകയായിരുന്നു. 22 വാരയ്ക്കിടയില്‍ ബാറ്റുമായോടി താന്‍ വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളത്രയും തനിക്ക് നഷ്ടമാവുകയായിരുന്നുവെന്ന്. 

ക്രീസിലെ തൊട്ടുവണങ്ങി മൈതാനമധ്യത്തുനിന്ന് പവലിയനിലേക്കു പോകും വഴി ആ കുറിയ മനുഷ്യന്റെ മുഖം കുനിഞ്ഞിരുന്നു. കണ്ണുനീര്‍ തുടയ്ക്കാന്‍ പാടുപെടുന്ന സച്ചിനെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ കണ്ടു. ക്രിക്കറ്റിന്റെ ജീവതാളം ഇടറിയനിമിഷമായിരുന്നു അത്. സ്റ്റേഡിയം ഒന്നടങ്കം വിലപിച്ചു. എല്ലാവരും എണീറ്റു നിന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. പ്രസിഡന്റ്സ് ബോക്സില്‍ ഇരുന്ന അഞ്ജലിയും മകള്‍ സാറയും വീര്‍പ്പടക്കിനിന്നു.  സഹോദരന്‍ അജിത് തെണ്ടുല്‍ക്കറുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം, എങ്കിലും തന്റെ സച്ചുവിന്റെ ബാറ്റിംഗ് ഇനി വിശാലമായ മൈതാനത്ത് ഇല്ലല്ലോ എന്ന സത്യം അജിത്തിനെ നൊമ്പരപ്പെടുത്തി. സച്ചിന്‍ വിരമിക്കുന്ന മുഹൂര്‍ത്തം കാണാന്‍ അമ്മ ഇന്നലെ ഗാലറിയിലെത്തിയില്ല. മൈതാനത്തിന്റെ വടക്കുഭാഗത്തു നില്‍ക്കുകയായിരുന്ന എല്‍ ശിവരാമകൃഷ്ണനും വിവിഎസ് ലക്ഷ്മണും തങ്ങളുടെ വികാരമടക്കാനാകാതെ വിതുമ്പി. രവി ശാസ്ത്രി കൂളിംഗ് ഗ്ലാസുകൊണ്ട് തന്റെ മുഖം മറച്ചു. സച്ചിനെ എഴുത്തിന്റെ ആഘോഷമാക്കി മാറ്റിയ മാധ്യമപ്രവര്‍ത്തകരും ഒന്നടങ്കം എണീറ്റുനിന്ന് സച്ചിനെ അഭിനന്ദിച്ചു.

കാലത്തെ സാക്ഷിയാക്കി എണ്ണിത്തിട്ടപ്പെടുത്തിയ റെക്കോഡുകള്‍ക്കും കയറിയ റണ്‍മലകള്‍ക്കുമപ്പുറം എണ്ണമറ്റ ഇന്നിംഗ്സുകളുടെ സൗകുമാര്യത ആരാധകരുടെ മനസില്‍ ഒളിപ്പിച്ചാണ് ഇതിഹാസം നടന്നു നീങ്ങിയത്. കെട്ടഴിച്ച കളികളുടെ ആവേശവും ഊര്‍ജവും കളിക്കപ്പുറത്തെ തലങ്ങളിലേക്കും  പടര്‍ത്തിയ സച്ചിന്‍ കെട്ടിയാടിയ വേഷങ്ങളത്രയും അഴിച്ചുവച്ചു.

ലാസ്റ്റ് ലാപ്, വിട

This Day 2013 Sachin Tendulkar Played His Last Test

സച്ചിനിസം ഇനിയില്ല എന്നതോര്‍ത്ത് പലരുടെയും ശ്വാസമടഞ്ഞു, അവര്‍ പരസ്‌പരം സംസാരിച്ചില്ല, എല്ലാം നിമിഷവേഗത്തില്‍ കഴിഞ്ഞു. ഡ്രസിംഗ് റൂമിലെ സച്ചിന്‍  തന്റെ കസേരയിലിരുന്ന് വിങ്ങിപ്പൊട്ടി. ആ മുഹൂര്‍ത്തത്തിന്റെ തീവ്രത മനസിലാക്കിയവരാരും അദ്ദേഹത്തിനടുത്തേക്ക് പോയില്ല. ഈ നിമിഷം ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറ സച്ചിനരികിലെത്തി. തന്റെയും വെസ്റ്റീന്‍ഡീസ് ടീമിന്റെയും ആദരം പകര്‍ന്നു നല്‍കാനായിരുന്നു ലാറയെത്തിയത്. തലകുമ്പിട്ടിരുന്ന സച്ചിന്‍ എഴുന്നേറ്റു. പ്രിയ കൂട്ടുകാരനെ പുണര്‍ന്നു. പിന്നീട് അല്പസമയത്തെ നിശ്ബ്ദത. പിന്നെ എല്ലാം പതിവുപോലെ. സച്ചിന്‍ ചിരിച്ചു. ലാറയോടു കുശലം പറഞ്ഞു. കാലിപ്സോ സംഗീതോപകരണമാണ് ലാറ സച്ചിനു സമ്മാനമായി നല്‍കിയത്. ലാറയ്ക്കൊപ്പം ക്രിസ്‌ ഗെയ്‌ലും ഡാരന്‍ ബ്രാവോയും ചന്ദര്‍പോളുമുണ്ടായിരുന്നു. എല്ലാവരും സച്ചിനൊപ്പം നിന്നു ഫോട്ടോയെടുത്തു.

അപ്പോഴേക്കും പ്രസന്റേഷന്‍ സെറിമണിക്കുള്ള വിളിയെത്തി. മുഖം തുടച്ച് സച്ചിന്‍ മൈതാന മധ്യത്തേക്ക് ഒരിക്കല്‍ക്കൂടി, ഫൈനല്‍ ലാപ്പ്. ഒപ്പം ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയും. സച്ചിന്റെ ഏറ്റവും വലിയ ആരാധകന്‍ സുധീര്‍കുമാറിനും മൈതാനത്തേക്കു പ്രവേശനമനുവദിച്ചു. ഓരോരുത്തരായി മൈതാനത്തേക്കു പ്രവേശിച്ചു. തനിക്ക് ഇനിയും വേഷമാടാനുണ്ടെന്ന തിരിച്ചറിവില്‍ സച്ചിന്‍ വീണ്ടും മന്ദഹസിച്ചു. മാന്‍ ഓഫ് ദ മാച്ച് പ്രഗ്യാന്‍ ഓജയ്ക്കും സിരീസ് രോഹിത് ശര്‍മ്മയ്‌ക്കും നല്‍കുന്ന ചടങ്ങായിരന്നു ആദ്യം. പിന്നീട് സച്ചിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉപഹാരം ശരദ് പവാര്‍ സമ്മാനിച്ചു. വിന്‍ഡീസ് നായകന്‍ ഡാരന്‍ സമിയും പിന്നാലെ ഇന്ത്യന്‍ നായകന്‍ ധോണിയുമെത്തി. എല്ലാവരും സച്ചിനുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചു, ആശംസകള്‍ നേര്‍ന്നു. ഒടുവില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. സച്ചിന്‍ മൈക് പോയിന്റില്‍. അവതാരകന്‍ രവി ശാസ്ത്രി ചോദ്യങ്ങളൊന്നും ചോദിക്കാതെ മൈക്ക് നേരെ സച്ചിനു കൈമാറി. കാണികള്‍ സച്ചിന്‍... സച്ചിന്‍ എന്നാര്‍ത്തുവിളിച്ചു. നിങ്ങള്‍ ശബ്ദമുണ്ടാക്കാതെ, ഞാന്‍ സംസാരിക്കട്ടെ... ഇതു പറഞ്ഞതും സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. ഏതാണ്ട് 15 മിനിറ്റു നീണ്ടുനിന്ന പ്രസംഗം അതിലെല്ലാമുണ്ടായിരുന്നു. പിന്നിട്ട വഴികള്‍, ഓര്‍മകള്‍, കടപ്പാടുകള്‍ എല്ലാം. റണ്ണൊഴുകുംപോലെ ഓര്‍മകളുടെ ഇരമ്പം വന്നപ്പോള്‍ കണ്ഠമിടറി...

ആദ്യം തന്റെ അച്ഛനെക്കുറിച്ചു പറഞ്ഞു. എല്ലാക്കാര്യത്തിനും മാതൃകയായ പിതാവിനെക്കുറിച്ചു പറഞ്ഞപ്പോള്‍ സച്ചിന്റെ കണ്ഠമിടറി. പിന്നെ അമ്മ രജ്നിയെക്കുറിച്ച്. ഗുരുക്കന്മാരെക്കുറിച്ച്... അമ്മയെക്കുറിച്ച്...സ്വവസതിയിലിരുന്ന് ആ അമ്മ എല്ലാം കാണുകയായിരുന്നു. തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ മാത്രമാണ് സച്ചിന്റെ അമ്മ കരഞ്ഞിട്ടുള്ളത്. ആ മാതൃഹൃദയം പിന്നീട് ആദ്യമായി നൊമ്പരപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വീല്‍ ചെയറിലിരുന്ന് അവര്‍ മുകളിലേക്കു നോക്കി. ഒരുനിമിഷം കണ്ണടച്ചു. ആദ്യമായി സച്ചിന്റെ കളി നേരിട്ടു കണ്ട അവര്‍ക്ക് സ്വന്തം പുത്രന്‍ നല്‍കിയ സമ്മാനങ്ങള്‍ ആത്മാവിനെ തൊടുന്നവയായിരുന്നു. ക്രിക്കറ്റിന്റെ സാങ്കേതികതകള്‍ വഴക്കമില്ലാത്ത ആ അമ്മ സ്വപുത്രനെ ഓര്‍ത്ത് അഭിമാനിച്ചു.

പിന്നീട് ഭാര്യയെക്കുറിച്ച്.. അഞ്ജലി കരച്ചിലടക്കാന്‍ പാടുപെട്ടു. കണ്ണുനീര്‍ ധാരധാരയായി ഒഴുകിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ അവര്‍ക്കൊപ്പം വിലപിച്ചു. തന്റെ ഏറ്റവും വലിയ കൂട്ടുകെട്ട് അഞ്ജലിയുമായാണെന്നു സച്ചിന്‍ പറഞ്ഞു. സ്വന്തം ജോലി ഉപേക്ഷിച്ച് കുടുംബത്തെ നോക്കിയ അവര്‍ ഏതൊരാള്‍ക്കും മാതൃകയായി. സാറയും അര്‍ജുനും തന്റെ അച്ഛനെ ഓര്‍ത്ത് അഭിമാനിച്ചു. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് എളിമയുടെ ഭാഷയില്‍ ഉപദേശം നല്‍കാനും സച്ചിന്‍ മറന്നില്ല. ഇന്ത്യന്‍ ദേശീയതയുടെ മൂല്യം കാക്കണം എന്നു പറയുമ്പോള്‍ സച്ചിന്‍ നെഞ്ചുവിരിച്ചുനിന്നു. ടീമംഗങ്ങള്‍ സശ്രദ്ധം സച്ചിന്റെ വാക്കുകള്‍ ശ്രവിച്ചു. തന്നോടൊപ്പമെന്നുമുണ്ടായിരുന്ന സൗരവിനെയും രാഹുലിനെയും ലക്ഷ്മണിനെയും സച്ചിന്‍ പേരെടുത്തു നന്ദി പറഞ്ഞു. ഒടുവില്‍ എല്ലാമെല്ലാമായ ആരാധകരെക്കുറിച്ചും. വളരെ വികാരാധീനനായി പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സച്ചിന്റെ ഇറുകിയ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വാര്‍ന്നു. ഇന്ത്യയുടെ ഹൃദയം നിശ്ചലമായ വേളയായിരുന്നു അത്.

ഒരു ശരാശരി ഇന്ത്യക്കാരന്റെ ആത്മാഭിമാനം ലോകത്തിനുമുമ്പില്‍ രണ്ടരപ്പതിറ്റാണ്ടോളം സ്വന്തം തോളിലേറ്റിയ സച്ചിനെ  സഹകളിക്കാര്‍ തോളിലേറ്റി സ്റ്റേഡിയത്തെ വലംവയ്ക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് വാങ്കഡെ സാക്ഷിയായത്. നായകന്‍ ധോണിയും വിരാട് കോഹ്ലിയും ചേര്‍ന്നാണ് സച്ചിനെ തോളിലേറ്റിയത്. ദേശീയ പതാക സച്ചിന്‍ വീശിയപ്പോള്‍ കായിക ഇന്ത്യയുടെ ത്രിവര്‍ണാഭിമാനം ആകാശംമുട്ടെ വളരുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ ഓരോരുത്തും സച്ചിനെ തോളിലേറ്റാന്‍ മത്സരിച്ചു. ഒടുവില്‍ സമയം ഒരു മണിയോടടുത്തു.

സച്ചിനെയും തോളിലെടുത്തുകൊണ്ട് സ്റ്റേഡിയം വലംവച്ചുള്ള ഇന്ത്യന്‍ ടീമിന്റെ പ്രദക്ഷിണം അവസാനിച്ചു. എങ്കിലും സച്ചിന്റെ മനസില്‍ ഒരു ചടങ്ങുകൂടി ബാക്കിയുണ്ടായിരുന്നു. ഏറ്റവും വൈകാരികമായ ചടങ്ങ്. എല്ലാവരും പവലിയനിലേക്കും ഗാലറിയിലേക്കും മടങ്ങുന്ന വേളയില്‍ സച്ചിന്‍ ഒരിക്കല്‍ക്കൂടി ക്രീസിന്റെ മധ്യത്തിലേക്കു വന്നു. സച്ചിന്‍ മണ്ണില്‍ ഇരുകൈകളും തൊട്ടു നെഞ്ചില്‍വച്ചു, അവസാനമായി. പിന്നീട് ആകാശത്തേക്കു നോക്കി. തലകുമ്പിട്ടു... നട്ടുച്ച സൂര്യന്റെ കിരണങ്ങള്‍ സച്ചിന്‍ ധരിച്ച തൊപ്പിയില്‍ കുത്തി. ആ നിഴലില്‍ മുഖം വ്യക്തമായിരുന്നില്ല. സച്ചിന്‍ കരയുകയായിരുന്നു. തലകുനിച്ച് മടങ്ങുമ്പോള്‍ കൈകള്‍കൊണ്ട് മുഖം തുടച്ചു. സച്ചിന്‍ നടന്നു നീങ്ങി. അപ്പോള്‍ സമയചക്രം ഒരു മണിയിലെത്തിയിരുന്നു. എങ്കിലും ഗാലറിയില്‍ സച്ചിന്‍. സച്ചിന്‍ വിളി അവസാനിച്ചിരുന്നില്ല, അത് പക്ഷേ, ആവേശംകൊണ്ടായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ സച്ചിനെ വിളിച്ചു
കരയുകയായിരുന്നു അവര്‍.

This Day 2013 Sachin Tendulkar Played His Last Test

22 വാരയില്‍ ചോര ചിന്തിത്തുടങ്ങിയ ചുരുളന്‍ മുടിക്കാരന്റെ ഇതിഹാസ തുല്യ ഇന്നിംഗ്സിന് രണ്ടരപ്പതിറ്റാണ്ടിനപ്പുറം തിരശീല. ഫീല്‍ഡില്‍ സച്ചിന്റെ കുതിപ്പുകള്‍ക്കു തടയിടാന്‍ ഇനി ഒരു നായകനും കണക്കുകള്‍ കൂട്ടേണ്ട. സ്വേച്ഛയിലൂടെ സ്വകരിയറിനും പൂര്‍ണവിരാമം കുറിച്ചിരിക്കുകയാണ് സച്ചിന്‍. ഇനി ഒരാളെക്കുറിച്ചും അമ്മയോ മുത്തശിയോ ഇങ്ങനെ പറയത്തില്ല, ഇനി പോയിരുന്നു പഠിക്കെടാ സച്ചിന്‍ ഔട്ടായി എന്ന്. നന്ദി സച്ചിന്‍... നീ പകര്‍ന്ന ഊര്‍ജത്തിന് നീ തന്ന പുണ്യങ്ങള്‍ക്ക്. പൂക്കാലങ്ങള്‍ക്ക്. ഈ കാലത്ത് ജീവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയ ദൈവത്തിനും നന്ദി.

Follow Us:
Download App:
  • android
  • ios