2027 ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറിലാര് എന്ന ചോദ്യത്തിന് ഉത്തരം തേടി ഇനി പോകേണ്ടതില്ല. കാരണം 2023 മുതല്‍ ആ റോള്‍ ഭംഗിയായി നിര്‍വിക്കുന്നുണ്ട് കെ എല്‍ രാഹുല്‍ 

ക്രൈസിസ് മാനേജര്‍ കെ എല്‍ രാഹുല്‍ തുടരും. ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം മോഹിച്ച് റിഷഭ് പന്ത് ഒരു തിരിച്ചുവരവ് സ്വപ്നം കാണേണ്ടതില്ല ഇനി.

രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയം നിറഞ്ഞത് മറ്റൊന്നും മോഹിച്ചായിരുന്നില്ല. അവര്‍ പ്രതീക്ഷിച്ചത് രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും ബാറ്റ് റണ്‍മഴ പെയ്യിപ്പിക്കുന്നത് തന്നെയായിരുന്നു. പക്ഷേ, രാജ്കോട്ടിലെ വിക്കറ്റ് സമീപകാലത്തെ ഏറ്റവും അപൂര്‍വമായൊരു കാഴ്ചയ്ക്ക് വഴിയൊരുക്കി. രോഹിതും കോഹ്ലിയും ഒരുമിച്ച് പരാജയപ്പെട്ടു. നായകനും ഉപനായകനും അധികമായുസുമുണ്ടായില്ല. പാതിവഴിയെത്തുമ്പോഴേക്കും മുൻനിര പൂര്‍ണമായും മടങ്ങി. ഗ്യാലറി വിടാൻ പോലും ആരാധകര്‍ ഒരുങ്ങിയിരുന്നു.

പക്ഷേ, അപ്പോഴേക്കും കെ എല്‍ രാഹുലിന്റെ ബാറ്റ് ക്രീസില്‍ നങ്കൂരമിട്ട് തുടങ്ങിയിരുന്നു. എന്നത്തേയും പോലെ, എല്ലാകാലത്തേയും പോലെ ക്രൈസിസ് മാനേജറുടെ വേഷം അയാള്‍ അണിയുകയായിരുന്നു. It was an innings of pure quality, perfection, timing and acceleration. A classic, typical KL Rahul Innings.

റണ്‍മലകള്‍ക്ക് പേരുകേട്ട രാജ്‌കോട്ടിലെ വിക്കറ്റില്‍ ഒന്നും എളുപ്പമായിരുന്നില്ല. രോഹിത്-ഗില്‍-കോഹ്‌ലി ത്രയത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചത് വിക്കറ്റിന്റെ വേഗതക്കുറവായിരുന്നു. എന്നാല്‍, രാഹുലിന്റെ ‍അത്തരമൊന്ന് സംഭവിച്ചില്ല. He batted with calculated precision. ആദ്യം നേരിട്ട 30 പന്തുകളില്‍ 18 റണ്‍സ് മാത്രം. സ്ട്രൈക്ക് റേറ്റ് അറുപത്. ഒരേയൊരു ബൗണ്ടറിയായിരുന്നു രാഹുലിന്റെ ബാറ്റില്‍ നിന്ന് അതുവരെ ഉണ്ടായത്. അപ്പോഴേക്കും ഇന്ത്യൻ ഇന്നിങ്സ് 35 ഓവറിന് അടുത്തെത്തിയിരുന്നു. ഇന്ത്യയുടെ സ്കോര്‍ 150 റണ്‍സ് താണ്ടിയ നേരം.

ഇതിന് ശേഷമാണ് രാഹുലിന്റെ ഇന്നിങ്സിന്റെ രണ്ടാം ഘട്ടം സംഭവിക്കുന്നത്. 52-ാം പന്തില്‍ രാഹുല്‍ തന്റെ അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തി. 30 പന്തുകള്‍ക്ക് ശേഷം നേരിട്ട 30 പന്തുകള്‍, അപ്പോഴേക്കും രാഹുലിന്റെ സ്കോര്‍ 63 റണ്‍സാണ്. ഈ ഘട്ടത്തിലെ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് ആറുപതില്‍ നിന്ന് 150ലേക്ക് ഉയര്‍ന്നു. ഇന്ത്യൻ സ്കോര്‍ 200 കടന്നു. മറുവശത്ത് രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരടങ്ങുന്ന ലോവര്‍ ഓര്‍ഡര്‍ മടങ്ങുമ്പോഴായിരുന്നു രാഹുലിന്റെ ചെറുത്തുനില്‍പ്പ്, അതും റണ്‍റേറ്റ് പിന്നിലേക്ക് പോകാതെ തന്നെ.

49-ാം ഓവറിലെ അവസാന പന്തില്‍ കെയില്‍ ജാമിസണിനെ ലോങ് ഓഫിന് മുകളിലൂടെ ബൗണ്ടറി വര കടത്തിയാണ് എട്ടാം ഏകദിന സെഞ്ചുറി രാഹുല്‍ കുറിക്കുന്നത്. അതും 87-ാം പന്തില്‍. അവസാന എട്ട് ഓവറിലെ 32 പന്തുകളും നേരിട്ടത് രാഹുലായിരുന്നു. 49 റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. സ്ട്രൈക്ക് റേറ്റ് 152 ആണ്. 118-4 എന്ന നിലയില്‍ നിന്ന് 284 എന്ന സ്കോറിലേക്ക് രാഹുല്‍ എത്തിച്ചു. കിവി ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ നേടിയത് 92 പന്തില്‍ 112 റണ്‍സ്. 11 ഫോറും ഒരു സിക്സുമായിരുന്നു ബൗണ്ടറികളുടെ എണ്ണം.

ജാമിസണിനേയും ഫോക്സിനേയും ലക്ഷ്യമിട്ട് ബാറ്റ് വീശിയ രാഹുലിന്റെ കണ്‍ട്രോള്‍ പേഴ്സന്റേജ് 91 ശതമാനമായിരുന്നു. 40 സിംഗിളുകളും 11 ഡബിള്‍സും. തോല്‍വിയില്‍ അവസാനിച്ചെങ്കിലും കണക്കുകള്‍ പറയും രാഹുലിന്റെ ഇന്നിങ്സ് എത്രത്തോളം മികച്ചതായിരുന്നുവെന്ന്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യ ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറിലാര് എന്ന ചോദ്യത്തിന് ഉത്തരം തേടി ഇനി പോകേണ്ടതില്ല. കാരണം 2023 മുതല്‍ ആ റോള്‍ ഭംഗിയായി നിര്‍വഹിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്, അതും സ്ഥിരതയോടെ.

ഏകദിന കരിയറില്‍ രാഹുലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുണ്ടായിരിക്കുന്നത് അഞ്ചാം നമ്പറില്‍ തന്നെയാണ്. 33 ഇന്നിങ്സുകളില്‍ നിന്ന് 1477 റണ്‍സ്. മൂന്ന് സെഞ്ചുറിയും 10 അര്‍ദ്ധ സെഞ്ചുറികളും. ശരാശരി 64, സ്ട്രൈക്ക് റേറ്റ് നൂറിലും എത്തി നില്‍ക്കുന്നു. പത്ത് തവണയാണ് പുറത്താകാതെ ക്രീസ് വിട്ടത്. കോഹ്ലിയുടെ അസാധാരണ സ്ഥിരതയെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ മറുവശത്ത് രാഹുലിന്റെ ഇന്നിങ്സുകളും ഒട്ടും പിന്നിലല്ല.

2025ന് ശേഷം വിവിധ പൊസിഷനില്‍ ക്രീസിലെത്തിയ രാഹുല്‍ 52 ശരാശരിയിലും 107 സ്ട്രൈക്ക് റേറ്റിലും 367 റണ്‍സാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. ഓസ്ട്രേലിയൻ പര്യടനം മുതല്‍ പരിശോധിച്ചാല്‍ സ്കോറുകള്‍ 38, 11, 60, 66 നോട്ടൗട്ട്, 29 നോട്ടൗട്ട്, 112 നോട്ടൗട്ട് എന്നിങ്ങനെയാണ്. പരാജയപ്പെടുന്നത് വിരളമായി മാത്രം. 2027 ഏകദിന ലോകകപ്പില്‍ ഓള്‍ റൗണ്ടര്‍മാരായ അക്സര്‍ പട്ടേലിനും വാഷിങ്ടണ്‍ സുന്ദറിനുമല്ല രാഹുലിന് മുകളില്‍ ബാറ്റിങ് ലൈനപ്പില്‍ സ്ഥാനം നല്‍കേണ്ടത്. കാരണം, ഇന്നിങ്സില്‍ വലിയ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന് രാഹുല്‍ തെളിയിച്ചു കഴിഞ്ഞു.