സഞ്ജുവിന്റെ ഈ രണ്ടു പ്രകടനങ്ങള്‍ നേരില്‍ക്കണ്ടതിനാലാണ് മോശം ഫോമിലുള്ള ഋഷഭ് പന്തിന് പകരക്കാരായി സഞ്ജുവും ഇഷാന്‍ കിഷനുമടക്കം ഉള്ളവര്‍ പരിഗണനയിലുണ്ടെന്ന് എംഎസ്കെ പ്രസാദ് പറഞ്ഞുവെച്ചത്.

തിരുവനന്തപുരം: സ‍ഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും അവസരമൊരുക്കിയത് ഈ സീസണിലെ മികച്ച രണ്ട് ഇന്നിംഗ്സുകള്‍. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരം മഴമൂലം 20 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയപ്പോള്‍ ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി 48 പന്തില്‍ 91 റണ്‍സടിച്ചാണ് സഞ്ജു ഈ സീസണില്‍ തന്റെ വരവറിയിച്ചത്.

സഞ്ജുവിന്റെ ഇന്നിംഗ്സ് കാണാന്‍ അന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദും ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നു. ഇതിന് പിന്നാലെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു ബംഗലൂരുവില്‍ ഗോവക്കെതിരെ ഇരട്ട സെഞ്ചുറി നേടി വീണ്ടും ശ്രദ്ധാകേന്ദ്രമായി.

വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ മുന്‍നിരയിലൊന്നും സഞ്ജുവില്ല. എട്ട് മത്സരങ്ങളില്‍ ആകെ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും അടക്കം 58.57 ശരാശരിയില്‍ 410 റണ്‍സാണ് സഞ്ജു ഇത്തവണ നേടിയത്. കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ വിഷ്ണു വിനോദ് എട്ട് കളികളില്‍ 508 റണ്‍സുമായി റണ്‍വേട്ടയില്‍ സഞ്ജുവിനെക്കാള്‍ മുന്നിലാണ്. റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളതാകട്ടെ കര്‍ണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലും മുംബൈയുടെ കൗമരാ വിസ്മയം യശസ്വി ജയ്‌സ്വാളും ഒക്കെയാണ്.

എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വഴിതുറന്നത് ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് ഇന്നിംഗ്സുകളും അത് നേടിയ രീതിയുമായിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവുമധികം പ്രഹരശേഷിയുള്ള ബാറ്റ്സ്മാന്‍ ആണ് സഞ്ജു. 125 ആണ് സഞ്ജുവിന്റെ പ്രഹരശേഷി. 124.46 പ്രഹരശേഷിയുള്ള ദിനേശ് കാര്‍ത്തിക്ക് രണ്ടാം സ്ഥാനത്താണ്.

ഈ രണ്ട് ഇന്നിംഗ്സുകളും മുഖ്യ സെലക്ടറുടെ കണ്‍മുന്നിലായിരുന്നുവെന്നതും ഋഷഭ് പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തിയതും സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറക്കാന്‍ കാരണമായി. വിജയ് ഹസാരെ ട്രോഫിയില്‍ ഇഷാന്‍ കിഷന് വലിയ ഇന്നിംഗ്സുകളൊന്നും പുറത്തെടുക്കാന്‍ കഴിയാതിരുന്നതും സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കി.