Asianet News MalayalamAsianet News Malayalam

ടൈമര്‍ ക്ലോക്ക്, ഫ്രീ ഹിറ്റ്; ടെസ്റ്റ് ക്രിക്കറ്റില്‍ അടിമുടി മാറ്റം നിര്‍ദേശിച്ച് എംസിസി

ഒരു ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ ടൈമര്‍ ക്ലോക്കില്‍ 45 സെക്കന്‍ഡ് മുതല്‍ കൗണ്ട് ഡൗണ്‍ തുടങ്ങും. ഇത് പൂജ്യത്തിലെത്തുന്നതിന് മുമ്പ് അടുത്ത ഓവര്‍ തുടങ്ങിയിരിക്കണം.

Timer clocks, free hits in Tests Suggestions by MCC committee
Author
London, First Published Mar 13, 2019, 1:52 PM IST

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സമൂല മാറ്റങ്ങള്‍ നിര്‍ദേശിച്ച് ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന സമിതിയായ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി കുറയുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദേശങ്ങളുമായി എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി രംഗത്തെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ സമയം പാഴാക്കുന്നത് തടയാന്‍ ടൈമര്‍ ക്ലോക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരു പ്രധാന നിര്‍ദേശം. പരിമിത ഓവര്‍ ക്രിക്കറ്റിലെന്നപോലെ ടെസ്റ്റിലും നോ ബോളുകള്‍ക്ക് ഫ്രീ ഹിറ്റ് അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരേതരം പന്ത് തന്നെ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

ഒരു ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ ടൈമര്‍ ക്ലോക്കില്‍ 45 സെക്കന്‍ഡ് മുതല്‍ കൗണ്ട് ഡൗണ്‍ തുടങ്ങും. ഇത് പൂജ്യത്തിലെത്തുന്നതിന് മുമ്പ് അടുത്ത ഓവര്‍ തുടങ്ങിയിരിക്കണം. പുതിയ ബാറ്റ്സ്മാനാണ് സ്ട്രൈക്കിലെങ്കില്‍ ഇത് 60 സെക്കന്‍ഡും പുതിയ ബൗളറാണ് പന്തെറിയാനെത്തുന്നതെങ്കില്‍ 80 സെക്കന്‍ഡും ആയി ഉയര്‍ത്തും. 45 സെക്കന്‍ഡ് പൂര്‍ത്തിയാവും മുമ്പ് ഏത് ടീമാണോ തയാറാവാത്തത് അവര്‍ക്ക് ആദ്യം താക്കീത് നല്‍കും. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴയായി വിധിക്കും. ബാറ്റ്സ്മാനോ ഫീല്‍ഡിംഗ് ടീമോ സമയം പാഴാക്കുന്ന് തടയാനാണിത്.

വിക്കറ്റ് വീഴുമ്പോഴും ഇതേരീതിയില്‍ ടൈമര്‍ സംവിധാനം ഉപയോഗിക്കും. ഇത് ഡ്രസ്സിംഗ് റൂമില്‍ നിന്ന് പിച്ചിലേക്കുള്ള ദൂരം അനുസരിച്ച് ഓരോ ഗ്രൗണ്ടിനും വ്യത്യസ്തമായിരിക്കും. ഡ്രിങ്ക്സ് ബ്രേക്ക് സമയത്തും സമാനമായ രീതിയില്‍ ടൈമര്‍ സംവിധാനം ഉപയോഗിക്കും.  ഡിആര്‍എസ് തീരുമാനങ്ങളില്‍ ബാറ്റ്സ്മാന്‍ ഔട്ട് അല്ലെന്ന് ടിവി പ്രൊഡക്ഷന്‍ ടീമിന് മനസിലായാല്‍ റീപ്ലേകള്‍ കാണാന്‍ നില്‍ക്കാതെ അതേസമയം തന്നെ ടിവി അമ്പയറെ ഇക്കാര്യം അറിയിക്കണം. സമയനഷ്ടം കുറക്കാനാണിത്.

എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ ഇന്‍സൈഡ് എഡ്ജ് പോലുള്ളവ വ്യക്തമാണെങ്കില്‍ ആ സമയം തന്നെ ഇക്കാര്യം ടിവി അമ്പയറെ അറിയിക്കണം.നോ ബോളുകള്‍ക്ക് ഫ്രീ ഹിറ്റ് ഏര്‍പ്പെടുണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഫ്രീ ഹിറ്റ് ഏര്‍പ്പെടുത്തുന്നത് ടെസ്റ്റിനെ ആകര്‍ഷകമാക്കില്ലെങ്കിലും ബൗളര്‍മാര്‍ നോ ബോളുകള്‍ എറിയുന്നത് കുറക്കാന്‍ സഹായകരമാകുമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍.

ഏത് രാജ്യത്ത് നടക്കുന്ന ടെസ്റ്റിലും ഒരേനിലവാരത്തിലുളള പന്തുകള്ഡ ഉപയോഗിക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ഇന്ത്യയില്‍ എസ്‌ജി പന്തുകളും ഇംഗ്ലണ്ടില്‍ ഡ്യൂക് പന്തുകളും ഓസ്ട്രേലിയയില്‍ കൂക്കബുര പന്തുകളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇവയുടെ നിലവാരം വ്യത്യസ്തമാണ്. എംസിസി അടുത്തിടെ നടത്തിയ സര്‍വെയില്‍ 86 ശതമാനം പേരും ടെസ്റ്റ് ക്രിക്കറ്റ് ആണ് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റെന്ന് വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios