ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം പിഎസ്എല്‍ കറാച്ചിയില്‍ തന്നെ നടക്കുമെന്ന് ഉമര്‍ അക്മല്‍
ലാഹോര്‍: ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ താരങ്ങളുടെ സാന്നിധ്യമില്ലാതായിട്ട് വര്‍ഷങ്ങളായി. എന്നാലും പാക്കിസ്ഥാന്‍ കളിക്കാരുടെ മനസില്‍ ഇപ്പോഴും ഐപിഎല്‍ തന്നെയാണെന്ന് ഉമര്‍ അക്മലിന്റെ ഈ വീഡിയോ കണ്ടാല്‍ ആരും പറയും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ ഉമര്‍ അക്മല്‍ ലീഗിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത വീഡിയോയിലാണ് അബദ്ധം പിണഞ്ഞത്.
ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കറാച്ചിയെന്നും ഇവിടുത്തെ ആരാധകര്‍ എത്രമാത്രം പിന്തുണക്കുന്നുവോ അത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവുമെന്നും പറയുന്ന ഉമര്‍ അക്മല്‍ ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം പിഎസ്എല്‍ കറാച്ചിയില്‍ തന്നെ നടക്കുമെന്നും ഉമര്‍ വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ പിഎസ്എല്‍ ഫൈനലിന് വേദിയായശേഷം കറാച്ചിയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ നടന്നിരുന്നില്ല. ഈ സീസണിലും കറാച്ചിയില്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ത്യ-പാക്കിസ്ഥാര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലാഹോറിന് മുകളില്‍ വ്യോമ നിയന്ത്രണം വന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ കറാച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലാഹോറില്‍ ലഭിച്ച ആരാധക പിന്തുണക്ക് ഉമര്‍ അക്മല്‍ നന്ദി അറിയിച്ചത്.
