റോളണ്ട് ഗ്യാരോസിലെ ക്ലാസിക്ക് ഫൈനല്‍ പൊലൊന്നിന് തന്നെയായിരുന്നു ആര്‍തര്‍ ആഷെയിലെ കോര്‍ട്ടിലും കളം ഒരുങ്ങിയതും പ്രതീക്ഷിച്ചതും

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഹാര്‍ഡ് കോര്‍ട്ടില്‍ രണ്ട് മണിക്കൂറും 42 മിനുറ്റും പിന്നിടുന്നു. മണിക്കൂറില്‍ 210 കിലോ മീറ്റര്‍ വേഗതയിലെത്തിയ കാര്‍ലോസ് അല്‍ക്കാരസിന്റെ സര്‍വ് സിന്നറിന്റെ ബാക്ക്ഹാൻഡ് ഡിഫൻസിനെ ഭേദിക്കുകയാണ്, എ പ്രിസൈസ് എയ്‌സ് ഫ്രം ദ സ്പാനിയാ‍ര്‍ഡ്. രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം. കളിമണ്ണിലെ അഞ്ചര മണിക്കൂര്‍ പോരാട്ടത്തിന്റെ പര്യവസാനത്തിലുണ്ടായ നിരാശ സിന്നറിന്റെ മുഖത്തുണ്ടായിരുന്നില്ല. ആശ്ചര്യം അല്‍ക്കാരസിനും. കാരണം, Alcaraz was something else Yesterday, something extraordinary!

ഹാർഡ് കോര്‍ട്ട് ഗ്രാൻഡ് സ്ലാമുകളില്‍ 27 തുടര്‍ വിജയങ്ങളുമായി എത്തുന്ന ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നര്‍. യുഎസ് ഓപ്പണില്‍ ഒരു സെറ്റ് പോലും ഡ്രോപ്പ് ചെയ്യാതെ കാര്‍ലോസ് അല്‍ക്കാരസ്. റോളണ്ട് ഗ്യാരോസിലെ ക്ലാസിക്ക് ഫൈനല്‍ പൊലൊന്നിന് തന്നെയായിരുന്നു ആര്‍തര്‍ ആഷെയിലെ കോര്‍ട്ടിലും കളം ഒരുങ്ങിയതും പ്രതീക്ഷിച്ചതും. പക്ഷേ, പുല്‍കോർട്ടില്‍ സിന്നറിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട അലസനായിരുന്നില്ല അല്‍ക്കാരസ്. മറിച്ച് സാങ്കേതികമായി തന്റെ ഗെയിമിനെ അപ്ഗ്രേഡ് ചെയ്ത, ഒരു നിയര്‍ പെര്‍ഫക്റ്റ് വേര്‍ഷൻ. സിന്നറിന് പോലും തടയാൻ കഴിയാത്ത ഒന്ന്.

വിംബിള്‍ഡണില്‍ അല്‍ക്കാരസിന് സംഭവിച്ചതെന്തായിരുന്നു? സര്‍വുകളിലും റിട്ടേണുകളിലും ഉണ്ടായ കൃത്യതയില്ലായ്മ, പ്രത്യേകിച്ചും ഫസ്റ്റ് സർവുകളില്‍. മറ്റൊന്ന് നിര്‍ണായക നിമിഷങ്ങള്‍ തനിക്ക് അനുകൂലമാക്കാൻ കഴിയാതെ പോയത്. 15 തവണയായിരുന്നു വിംബിള്‍ഡണില്‍ അല്‍ക്കാരസിന്റെ സര്‍വ് ബ്രേക്ക് ചെയ്യപ്പെട്ടത്. എന്നാല്‍, യുഎസ് ഓപ്പണിലേക്ക് എത്തിയപ്പോള്‍ ഫൈനല്‍ വരെ അല്‍ക്കാരസിന്റെ സര്‍വ് ബ്രേക്ക് ചെയ്യപ്പെട്ടത് രണ്ട് തവണ മാത്രമാണ്. ഒന്ന് സെമി ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിനെതിരെ, മറ്റൊന്ന് പ്രീ ക്വാർട്ടറിലും.

സര്‍വുകളില്‍ മാത്രമായിരുന്നില്ല, ബാക്ക് ഹാൻഡ്, ഫോര്‍ഹാൻഡ് റിട്ടേണുകളിലും കൂടൂതല്‍ കൃത്യത കൈവിരച്ചു അല്‍ക്കാരസ്. ഇതിനൊപ്പം ചേരുന്ന കോര്‍ട്ട് കവറിങ് വേഗത. സിന്നര്‍ ഒരു മനുഷ്യൻ മാത്രമാണ് തോന്നിച്ചുകളയുകയായിരുന്നു അല്‍ക്കാരസ്.

സിന്നറിന്റെ റിട്ടേണുകള്‍ എത്രത്തോളം അഗ്രസീവും പ്രിസൈസും പവർഫുള്ളുമാണെന്ന് പറഞ്ഞുവെക്കേണ്ടതില്ല. എന്നാല്‍, തന്റെ ഫസ്റ്റ് സർവുകളില്‍ നിന്നുള്ള പോയിന്റുകളില്‍ 83 ശതമാനവും സ്വന്തമാക്കാൻ അല്‍ക്കാരസിനായി. സെക്കൻഡ് സര്‍വുകളുടെ കാര്യത്തില്‍ ഇത് 57 ശതമാനമാണ്. സിന്നറിന്റെ സെക്കൻഡ് സര്‍വുകളില്‍ നിന്നുള്ള പോയിന്റുകളില്‍ 52 ശതമാനം നേടാനും അല്‍ക്കാരസിന് കഴിഞ്ഞു. ബാക്ക്‌ഹാൻഡിലും സ്ലൈസിലും ഡ്രോപ്പ് ഷോട്ടുകളിലും അല്‍ക്കാരസ് സിന്നറിന്റെ സാധ്യതകളെ നിഷ്പ്രഭമാക്കുകയായിരുന്നു.

ആദ്യ സെറ്റില്‍ സിന്നറിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് തുടങ്ങിയ അല്‍ക്കാരസ്. പിന്നീട് സര്‍വുകളിലും ബേസ്‌ലൈൻ എക്‌സ്‌ചേഞ്ചുകളിലുമെല്ലാം സിന്നറിനേക്കാള്‍ മുൻതൂക്കം നേടി. സിന്നറില്‍ നിന്ന് അണ്‍ഫോസ്‍ഡ് എററുകള്‍ സൃഷ്ടിക്കുകയായിരുന്നു അല്‍ക്കാരസ്. മൂന്ന് പോയിന്റ് മാത്രമാണ് സിന്നറിന് ആദ്യ സെറ്റില്‍ അല്‍ക്കാരസ് അനുവദിച്ചത്. എന്നാല്‍, ആദ്യ സെറ്റിലെ പിഴവുകള്‍ തിരുത്തിയ സിന്നറിനെയായിരുന്നു രണ്ടാം സെറ്റില്‍ കണ്ടത്, അല്‍ക്കാരസിന്റെ ഒഴുക്കിന് തടയിട്ട് നേടി. അഞ്ച് സെറ്റ് ക്ലാസിക്കിനുള്ള പ്ലാറ്റ്ഫോം അവിടെ സൃഷ്ടിക്കപ്പെട്ടു.

റിഥം നഷ്ടമാകുന്ന അല്‍ക്കാരസ് മത്സരം നഷ്ടപ്പെടുത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍, ആർതര്‍ ആഷെയില്‍ അതായിരുന്നില്ല കഥ. മൂന്നാം സെറ്റില്‍ അഗ്രസീവായി തുടങ്ങി അഗ്രസീവായി ഗെയിമുകള്‍ അവസാനിപ്പിക്കുന്ന അല്‍ക്കാരസ്. സിന്നറിന് ഉത്തരങ്ങളില്ലാത്ത നിമിഷങ്ങളായിരുന്നു കൂടിതല്‍. ഡ്രോപ് ഷോട്ടുകള്‍ അധികം പരീക്ഷിക്കാത്ത സിന്നറിനെ കംഫര്‍ട്ട് സോണിന് പുറത്തെത്തിക്കാൻ അല്‍ക്കാരസിന്റെ ഗെയിം പ്ലാനിന് കഴിഞ്ഞു. 1-6 എന്ന സ്കോറില്‍ സിന്നറിന് ഒരു സെറ്റ് നഷ്ടപ്പെടുന്നത് സമീപകാല ഓർമകളില്ല. ഒടുവില്‍ ആറാം ഗ്രാൻഡ് സ്ലാം നിഷേധിക്കാൻ സിന്നര്‍ ഡ്യൂസ് നേടുമ്പോഴും അല്‍ക്കാരസിന് അതൊരു കേക്ക് വാക്കായി മാറി. സ്കോര്‍ 6-3, 3-6, 6-1, 6-4.

ലോക ഒന്നാം നമ്പറും യുഎസ് ഓപ്പണും നേടി ന്യൂയോര്‍ക്കില്‍ 22-ാം വയസില്‍ അല്‍ക്കാരസ് ഇതിഹാസപ്പടവുകള്‍ കയറുമ്പോള്‍ പുതുകാലത്തിന്റെ വൈരത്തിന്റെ മറ്റൊരു അദ്ധ്യായം പൂര്‍ത്തിയാകുകയായിരുന്നു. അല്‍ക്കാരസ് പറഞ്ഞ വാചകം തന്നെയെടുക്കാം. ഞാൻ എന്റെ കുടുംബാംഗങ്ങളേക്കാള്‍ക്കൂടുതല്‍ ഇപ്പോള്‍ കാണുന്നത് സിന്നറിനെയാണ്.

കഴിഞ്ഞ എട്ട് ഗ്രാൻഡ്‌ സ്ലാമുകള്‍ എടുക്കാം. എട്ട് കിരീടങ്ങളിലും കൊത്തിച്ചേര്‍ക്കപ്പെട്ട പേര് ഒന്നുകില്‍ സിന്നര്‍, അല്ലെങ്കില്‍ അല്‍ക്കാരസ്. സിന്നറില്‍ നിന്ന് അകുന്നു നില്‍ക്കുന്നത് ഫ്രഞ്ച് ഓപ്പണ്‍, അല്‍ക്കാരസിന് ഓസ്ട്രേലിയൻ ഓപ്പണും. ഗ്രാൻഡ് സ്ലാമുകളില്‍ അല്‍ക്കാരസ് ആറ്, സിന്നര്‍ നാല്. നേരിട്ടുള്ള 15 ഏറ്റുമുട്ടലില്‍ പത്തും ജയിച്ച് സ്പാനിഷ് താരം.

പക്ഷേ, ന്യൂയോര്‍ക്കില്‍ കണ്ട അല്‍ക്കാരസ് ഒരു ഓര്‍മ്മപ്പെടുത്തലാണ് സിന്നറിന്. വിംബിള്‍ഡണിലെ തോല്‍വിയില്‍ നിന്ന് അല്‍ക്കാരസ് പഠിച്ച പാഠങ്ങള്‍ ന്യൂയോര്‍ക്കില്‍ കണ്ടു. ഇനി തിരുത്താനുള്ളത് സിന്നറിനാണ് എന്ന ഓര്‍മപ്പെടുത്തല്‍. അല്ലെങ്കില്‍ അല്‍ക്കാരസിന്റെ കുതിപ്പ് തടയുന്ന ഒരു റാക്കറ്റ് ഇനി പിറക്കേണ്ടി വരും.