റാഞ്ചി വിമാനത്താവളത്തിന്‍റെ പുറത്തെത്തിയ താരങ്ങള്‍ ധോണിയുടെ ഹമ്മര്‍ കണ്ട് ഞെട്ടി. വിമാനത്താവളത്തില്‍ നിന്ന് ടീം ബസിലാണ് പതിവായി താരങ്ങള്‍ ഹോട്ടലിലേക്ക് പോകാറ്. 

റാഞ്ചി: കടുത്ത വാഹനപ്രേമിയാണ് ക്രിക്കറ്റ് താരം എം എസ് ധോണി. വിവിധ മോഡലുകളിലുള്ള ബൈക്കുകളുടെയും കാറുകളുടെയും വലിയ ശേഖരം ധോണിക്കുണ്ട്. ധോണി സ്വന്തം വാഹനത്തില്‍ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്ത് പോകുന്ന ദൃശ്യങ്ങള്‍ പലകുറി നാം കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയില്‍ എത്തിയപ്പോഴും സ്വന്തം വാഹനത്തിലായിരുന്നു ധോണിയുടെ യാത്ര.

എന്നാല്‍ വിലപിടിപ്പുള്ള ഹമ്മറാണെന്ന് മാത്രം. റാഞ്ചി വിമാനത്താവളത്തിന്‍റെ പുറത്തെത്തിയ താരങ്ങള്‍ ധോണിയുടെ ഹമ്മര്‍ കണ്ട് ഞെട്ടി. വിമാനത്താവളത്തില്‍ നിന്ന് ടീം ബസിലാണ് പതിവായി താരങ്ങള്‍ ഹോട്ടലിലേക്ക് പോകാറ്. ധോണിയുടെ ഹമ്മര്‍ കണ്ടതും കേദാര്‍ ജാദവ്, ഋഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ ചാടിക്കയറി. ധോണിയായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. 

View post on Instagram

അടുത്ത ‍വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ച ധോണിക്ക് നാഗ്പൂരില്‍ തിളങ്ങാനായിരുന്നില്ല.