പൊതുവെ ബൗളിങ് നിരയില്‍ പേസര്‍മാരുടെ ആധിപത്യം നിഴലിക്കുമ്പോള്‍ ഇത്തവണ ചില മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു

രണ്ട് തവണ കൈവിട്ടു, മൂന്നാം വട്ടം ഫൈനലിന് പുറത്തായിരുന്നു സ്ഥാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപ്നം തേടി നാലാം സൈക്കിളിന് ഇന്ത്യ ഒരുങ്ങുകയാണ്, അങ്ങ് ഇംഗ്ലണ്ടില്‍. ബെൻ സ്റ്റോക്‌സിന്റേയും സംഘത്തിന്റേയും ബാസ് ബോള്‍ ശൈലി, പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍, ഇന്ത്യയുടെ യുവനിര...അങ്ങനെ ആകാംഷ വര്‍ധിപ്പിക്കുന്ന നിരവധി ഘടങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

ഇത്തരം ചര്‍ച്ചയിലേക്കൊന്നും എത്തിപ്പെടാത്ത ഒന്നാണ് സ്പിന്നര്‍മാര്‍, പൊതുവെ ബൗളിങ് നിരയില്‍ പേസര്‍മാരുടെ ആധിപത്യം നിഴലിക്കുമ്പോള്‍ ഇത്തവണ ചില മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്ന്, നാല് ദിനങ്ങളില്‍ ഓസ്ട്രേലിയയുടെ സ്പിന്നർ നാഥാൻ ലയണിന് വിക്കറ്റില്‍ നിന്ന് ലഭിച്ച ടേണ്‍ തന്നെയാണ് കാരണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് ശേഷം ലയണിന് വിക്കറ്റ് കിട്ടാത്തതിലെ ആശ്ചര്യം ഓസീസ് നായകൻ പാറ്റ് കമ്മിൻസ് പങ്കുവെച്ചിരുന്നു.

ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ ചൈനാമാൻ കുല്‍ദീപ് യാദവ് നടത്തിയ പ്രതികരണവും. പരിശീലന മത്സരങ്ങള്‍ നടന്നപ്പോള്‍ ആദ്യ ദിവസങ്ങളിലെ കണ്ടീഷനുകള്‍ പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നെങ്കിലും പതിയെ സ്പിന്നര്‍മാര്‍ക്കും സാധ്യതകള്‍ തെളിഞ്ഞിരുന്നെന്നും വിക്കറ്റില്‍ നിന്ന് ബൗണ്‍സ് ലഭിച്ചതായും കുല്‍ദീപ് വ്യക്തമാക്കി.

കുല്‍ദീപിന് പുറമെ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യൻ നിരയിലെ സ്പിന്നര്‍മാര്‍. ജഡേജയും സുന്ദറും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍പ്പെടുന്നതോടെ സ്പെഷ്യലിസ്റ്റ് സ്പിന്നറെന്ന തലക്കെട്ട് കുല്‍ദീപിലേക്ക് ചുരുങ്ങുന്നു. രവി അശ്വിന്റെ വിരമിക്കലോടെ അധിക ഉത്തരവാദിത്തം ജഡേജയ്ക്കുണ്ട്. ഇന്ത്യയുടെ അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള സ്പിന്നര്‍ ആരായിരിക്കുമെന്ന ചര്‍ച്ചയും നിലനില്‍ക്കുന്നു.

അശ്വിൻ ഇതുവരെ ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ളത് ഏഴ് ടെസ്റ്റുകള്‍ മാത്രമാണ്. 11 ഇന്നിങ്സുകളില്‍ നിന്ന് 18 വിക്കറ്റുകളും നേടി. അശ്വിനെപ്പോലെ പരിചയസമ്പന്നതയിലും വേരിയേഷനുകളിലും മുന്നിലുണ്ടായിട്ടും ജഡേജയ്ക്കായിരുന്നു ഇംഗ്ലണ്ടില്‍ എപ്പോഴും മുൻതൂക്കം. 2021 ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു മത്സരത്തില്‍പ്പോലും അശ്വിൻ കളത്തിലെത്തിയിരുന്നില്ല, മറുവശത്ത് അഞ്ച് ടെസ്റ്റുകളും ജഡേജ കളിക്കുകയും ചെയ്തു.

ഇതിന് കാരണം ജഡേജയുടെ ഇംഗ്ലണ്ടിലെ ബാറ്റിങ് പ്രകടനവും കൂടിയാണ്. ഇംഗ്ലണ്ടില്‍ 21 ഇന്നിങ്സുകളില്‍ നിന്ന് 27 വിക്കറ്റുകളാണ് ഇടംകയ്യൻ സ്പിന്നറുടെ നേട്ടം. 2021 പരമ്പരയില്‍ ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ മാത്രവുമാണ് സമ്പാദ്യം. ആറ് ഇന്നിങ്സുകളിലും വിക്കറ്റ് കോളത്തിലുമിടമുണ്ടായിട്ടില്ല.

എന്നാല്‍, ബാറ്റുകൊണ്ട് 287 റണ്‍സ് സംഭാവന ചെയ്തു. റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കും മുകളിലായിരുന്നു സ്ഥാനവും. ഒന്നുവീതം സെഞ്ച്വറിയും അര്‍ദ്ധ ശതകവും പേരിലുണ്ടായിരുന്നു. അതുകൊണ്ട്, ഇംഗ്ലണ്ട് പരമ്പരയില്‍ ജഡേജയ്ക്ക് ശേഷമായിരിക്കും മറ്റ് സ്പിന്നര്‍മാരുടെ സാധ്യതകളെന്ന് ഏറക്കുറെ ഉറപ്പിക്കാം.

ഇനി കുല്‍ദീപിലേക്ക് വരാം. പല വിദഗ്ധരും പരമ്പരയില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ബൗളര്‍മാരിലൊരാളാണ് കുല്‍ദീപ്. പക്ഷേ, ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഇതുവരെ ഒൻപത് ഓവറുകള്‍ മാത്രമാണ് കുല്‍ദീപ് എറിഞ്ഞത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് ലോര്‍ഡ്‌സിലായിരുന്നു ആ അവസരം കുല്‍ദീപിന് ലഭിച്ചത്. 44 റണ്‍സ് വിട്ടുകൊടുക്കുകയും ഒരു വിക്കറ്റ് പോലും നേടാനും കഴിയാതെ പോയി.

തന്റെ ബൗളിങ്ങില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്ന താരമാണ് കുല്‍ദീപ്. പന്തിന്റെ റിലീസ് പോയിന്റിലുണ്ടായ വ്യത്യാസം, കൂടുതല്‍ വേഗത, കൃത്യത, അറ്റാക്കിങ് മനോഭാവം എന്നിവ കുല്‍ദീപിനെ അപകടകാരിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തില്‍ നാല് കളികളില്‍ നിന്ന് 19 വിക്കറ്റ് നേടി പരമ്പര നേടുന്നതിലും നിര്‍ണായകമായി. ഈ ആത്മവിശ്വാസവും കുല്‍ദീപിനുണ്ടായേക്കും.

ഓഫ് സ്പിന്നറായ സുന്ദറിന് അശ്വിന്റേതിന് സമാനമായിരിക്കാം അനുഭവം. സുന്ദറിന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനം കൂടിയാണിത്. പക്ഷേ, ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ കുല്‍ദീപിന് മുകളില്‍ പരിഗണന ലഭിച്ചത് സുന്ദറിനായിരുന്നു. നാല് മത്സരങ്ങളില്‍ സുന്ദര്‍ ഇന്ത്യൻ കുപ്പായമിട്ടു, ഏഴ് വിക്കറ്റുകളും നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 198 റണ്‍സും ഇടം കയ്യൻ ബാറ്റര്‍ സ്വന്തമാക്കി. ബൗളര്‍മാരേക്കാള്‍‍ ഓള്‍ റൗണ്ട് മികവിന് ഇന്ത്യ നിലവില്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നാണ് കഴിഞ്ഞ കാലം തെളിയിക്കുന്നത്. അതിനാല്‍, രണ്ടാം സ്പിന്നറായി സുന്ദറിനും സാധ്യതകളുണ്ട്.