ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്റെ വര്‍ഷങ്ങള്‍ നീണ്ട റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാനിസ്ഥാൻ ജൂനിയര്‍ താരം. ന്യൂസിലാന്‍ഡിൽ നടക്കുന്ന അണ്ടര്‍-19 ലോകകപ്പ് സന്നാഹമൽസരത്തിലാണ് അഫ്ഗാന്‍ താരം ബഹീര്‍ ഷാ, ബ്രാഡ്‌മാന്റെ റെക്കോര്‍ഡ് തകര്‍ത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 റണ്‍സ് തികച്ച ബാറ്റ്‌സ്‌മാൻമാരിൽ ഏറ്റവും മികച്ച ശരാശരി എന്ന റെക്കോര്‍ഡാണ് ബ്രാഡ്‌മാനിൽനിന്ന് ബഹീര്‍ ഷാ സ്വന്തം പേരിലാക്കിയത്. 121.77 ആണ് ഇന്നത്തെ ബഹീര്‍ ഷായുടെ ബാറ്റിങ് ശരാശരി. 1000 റണ്‍സെങ്കിലും തികച്ച ബാറ്റ്‌സ്‌മാൻമാരിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്. ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ബഹീര്‍ഷാ ഫസ്റ്റ് ക്ലാസ് ഏകദിന മൽസരത്തിൽ പുറത്താകാതെ 256 റണ്‍സ് നേടിയത് വൻ വാര്‍ത്തയായിരുന്നു. അതിനുശേഷം ബഹീര്‍ഷാ 12 ഇന്നിംഗ്സുകളിൽനിന്നായി അഞ്ച് സെഞ്ച്വറികളും രണ്ടു അര്‍ദ്ധസെഞ്ച്വറികളുമാണ് അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ചതുര്‍ദിന മൽസരത്തിൽ ബഹീര്‍ ഷാ പുറത്താകാതെ 303 റണ്‍സെടുത്തതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അണ്ടര്‍-19 ലോകകപ്പ് സന്നാഹമൽസരത്തിൽ ബഹീര്‍ഷാ ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. രണ്ടു മൽസരങ്ങളിലും പുറത്താകാതെ നിന്നതോടെയാണ് ബഹീര്‍ഷായുടെ ബാറ്റിങ് ശരാശരി ബ്രാഡ്‌മാനെ മറികടന്നത്. ബ്രാഡ്‌മാന്റെ ബാറ്റിങ് ശരാശരി 95.14 ആണ്.