2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ ഹർഭജൻ തല്ലിയ സംഭവത്തിന്റെ വീഡിയോ അടുത്തിടെ ലളിത് മോദി പുറത്തുവിട്ടിരുന്നു
2008 ഐപിഎല്ലിനിടെ ശ്രീശാന്തിനെ അടിച്ച സംഭവത്തിന്റെ വീഡിയോ മുൻ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി പുറത്തുവിട്ടതില്‍ പ്രതികരണവുമായി ഹര്‍ഭജൻ സിങ്. “വീഡിയോ പുറത്തുവിട്ടത് തെറ്റായ കാര്യമാണ്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ഥ്വാർത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം നീക്കം. 18 വര്‍ഷം മുൻപ് സംഭവിച്ച ഒന്നാണ്, ആളുകള്‍ മറന്നുപോയ പലതും ഓര്‍മിപ്പിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ,” ഇൻസ്റ്റന്റ് ബോളിവുഡിനോട് ഹര്‍ഭജൻ വ്യക്തമാക്കി.
മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കല്‍ ക്ലാര്‍ക്കിന്റെ ബിയോണ്ട് 23 എന്ന് പേരിട്ടിരിക്കുന്ന പോഡ്‌കാസ്റ്റിലൂടെയായിരുന്നു മോദി വീഡിയോ പുറത്തുവിട്ടത്. 2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്ന് മുംബൈയുടെ താത്‌ക്കാലിക നായകനായിരുന്നു ഹര്‍ഭജൻ. ശ്രീശാന്ത് പഞ്ചാബിന്റെ താരവും.
ഹര്‍ഭജൻ ശ്രീശാന്തിനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ അന്ന് വന്നിരുന്നില്ല. സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്നതും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അന്ന് ടിവി സ്ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ടത്.
മോദി പുറത്തുവിട്ട വീഡിയോയില്‍ വലതുകൈകൊണ്ട് ഹര്‍ഭജൻ ശ്രീശാന്തിനെ അടിക്കുന്ന ഭാഗമുണ്ട്. മത്സരശേഷമുള്ള ഹസ്തദാനത്തിനിടെയാണ് ഹര്‍ഭജൻ ശ്രീശാന്തിനെ തല്ലുന്നത്. ശേഷം ഹര്‍ഭജന്റെ അടുത്തേക്ക് ശ്രീശാന്ത് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ശ്രീലങ്കൻ താരം മഹേല ജയവര്‍ധനെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാനാകും.
ഹര്‍ഭജനെതിരെ കടുത്ത നടപടിയായിരുന്നു ബിസിസിഐയും ഐപിഎല്‍ അധികൃതരും ശേഷമെടുത്തത്. സീസണിലെ അവശേഷിച്ച മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജനെ വിലക്കി. ഇതിനുപുറമെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഹര്‍ഭജനെ മാറ്റിനിര്‍ത്തി. ഹര്‍ഭജന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന ആവശ്യം അന്ന് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും മോദിക്കെതിരെ രൂക്ഷമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് 2008ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മോദി പുറത്തുവിട്ടതെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം.
“ശ്രീശാന്തും ഹർഭജനും ആ സംഭവത്തിന് ശേഷം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അവർക്കിന്ന് സ്കൂളില്‍ പോകുന്ന കുട്ടികളുണ്ട്. പഴയ വേദനകളിലേക്ക് അവരെ വീണ്ടും എത്തിക്കാനുള്ള ശ്രമമാണ് നിങ്ങള്‍ നടത്തുന്നത്,” ഭുവനേശ്വരി കുറിച്ചു.


