ലളിത് മോഡി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടുകൂടി വീണ്ടും ഹർഭജൻ-ശ്രീശാന്ത് വിവാദനിമിഷം ചർച്ചയാകുകയാണ്
കൈവിട്ടുപോയെ ഒരു നിമിഷം, അവിടെ കണ്ണീര്‍ വീണത് ശ്രീശാന്തിന്റേതായിരുന്നു. ഒന്നരപതിറ്റാണ്ട് പിന്നിടുന്നു, ശ്രീശാന്തിന്റെ വേദനയുടെ ആഴം ഇന്നും വേട്ടയാടുകയാണ് ആ കൈകളെ, ഒരു ദുസ്വപ്നം പോലെ ഹര്‍ഭജൻ സിങ്ങിന്റെ പിന്നാലെ തന്നെ.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാൻ ശ്രീയുടെ മകളെ ഒരിക്കല്‍കണ്ടു. ഞാൻ അത്യധികം സ്നേഹത്തോടെ അവളോട് സംസാരിക്കാൻ ശ്രമിച്ചു. അവളുടെ മറുപടി ഇതായിരുന്നു. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്‍പ്പര്യമില്ല. നിങ്ങളെന്റെ അച്ഛനെ അടിച്ചു. ആ നിമിഷം എന്റെ ഹൃദയം തകര്‍ന്നുപോയി, ഞാൻ കണ്ണീരിന്റെ വക്കിലെത്തി. അവള്‍ക്ക് എന്നെക്കുറിച്ചുള്ള ധാരണ എന്താണെന്ന് ഞാൻ ഒരുനിമിഷം ചിന്തിച്ചുപോയി, അച്ഛനെ തല്ലിയെ ഒരു വ്യക്തിയായാണ് അവള്‍ എന്നെ കാണുന്നത്. ഞാൻ അവളോട് ഇപ്പോഴും ക്ഷമ ചോദിക്കുകയാണ്, എനിക്കതില്‍ ഇനി ഒന്നും ചെയ്യാനാകില്ല.
അടുത്തിടെ രവിചന്ദ്രൻ അശ്വിന് നല്‍കിയ പ്രത്യക അഭിമുഖത്തില്‍ ഹര്‍ഭജൻ പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷെ, ശ്രീശാന്തിന്റെ മകളുടെ വാക്കുകളായിരിക്കാം ലഭിച്ച വിലക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എന്തിന് തിരിച്ചെടുക്കാനാകാത്ത ആ നിമിഷത്തേക്കാളും ഉപരി ഹര്‍ഭജനെ വേദനിപ്പിച്ചിട്ടുണ്ടാകുക. അന്ന്, മുഖം പൊത്തി കണ്ണീരണിയുന്ന ശ്രീശാന്തിനെ മാത്രമായിരുന്നു ലോകം കണ്ടത്. എന്നാല്‍, ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ മുൻ കമ്മിഷണറായിരുന്ന ലളിത് മോഡി സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ആ ചിത്രം പൂര്‍ണമായി ലോകം കണ്ടു. മുൻ ഓസീസ് നായകന്റെ പോഡ്കാസ്റ്റിലൂടെയാണ് ലളിത് മോഡി വീഡിയോ പങ്കുവെച്ചത്.
2008ലായിരുന്നു സംഭവം. മൊഹാലി അതിഥേയത്വം വഹിച്ച മുംബൈ ഇന്ത്യൻസ് - കിങ്സ് ഇലവൻ പഞ്ചാബ് മത്സരം. മുംബൈയുടെ താത്കാലിക നായകനായിരുന്നു ഹര്‍ഭജൻ. ശ്രീശാന്താകട്ടെ പഞ്ചാബിന്റെ ലീഡ് പേസര്‍മാരിലൊരാളും. 66 റണ്‍സിന്റെ കൂറ്റൻ തോല്‍വിയായിരുന്നു അന്ന് പഞ്ചാബ് മുംബൈക്ക് സമ്മാനിച്ചത്. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം പരാജയം. മത്സരശേഷം താരങ്ങള്‍ തമ്മിലുള്ള ഹസ്തദാനത്തിനിടെ ഹാര്‍ഡ് ലക്ക് എന്ന് ശ്രീശാന്ത് ഹര്‍ഭജനോട് പറഞ്ഞതായാണ് അന്ന് ദേശീയ മാധ്യമങ്ങള്‍ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിന് ശേഷം സംഭവിച്ചതിന്റെ ദൃശ്യങ്ങളാണ് ലളിത് മോഡി പുറത്തുവിട്ടിരിക്കുന്നത്. ഹസ്തദാനത്തിന് പിന്നാലെ വലം കൈകൊണ്ട് ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ഹര്‍ഭജൻ. ശേഷം ഹര്‍ഭജൻ നടന്നുനീങ്ങുകയും ശ്രീശാന്ത് സ്തംഭിച്ച് നില്‍ക്കുകയുമാണ്. ഹസ്താദാനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഹര്‍ഭജൻ ശ്രീശാന്തിന്റെ ശരീരത്തില്‍ ഉരസുകയും ചെയ്തു. ഇത് സാഹചര്യം കൂടുതല്‍ വഷളാക്കുകയായിരുന്നു. പിന്നാലെ ശ്രീശാന്ത് ഹര്‍ഭജനോട് എന്തൊ പറയാൻ ശ്രമിക്കുകയും ഇതിന് പിന്നാലെ ഹര്‍ഭജൻ ശ്രീശാന്തിന്റെ അടുത്ത് പാഞ്ഞെത്തുകയും ചെയ്തു.
പഞ്ചാബിന്റെ ശ്രീലങ്കൻ താരം മഹേല ജയവര്‍ധനെ, ഇന്ത്യൻ ഓള്‍റൗണ്ടര്‍ ഇര്‍ഫാൻ പത്താൻ എന്നിവരും ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്നായിരുന്നു അന്ന് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. ശേഷം സഹതാരങ്ങളായ വി ആര്‍ വി സിങ്ങും കരണ്‍ ഗോയലും പഞ്ചാബിന്റെ ഉടമകളിലൊരാളായ പ്രീതി സിന്റയും ചേര്‍ന്ന് ശ്രീശാന്തിന്റെ ആശ്വസിപ്പിക്കുന്നതാണ് ടിവി സ്ക്രീനുകളില്‍ തെളിഞ്ഞത്. പണക്കിലുക്കത്തിന്റേയും താരപ്രഭയുടേയും തിളക്കത്തില്‍ കൊണ്ടാടപ്പെടുന്ന ഐപിഎല്ലിലെ ഏറ്റവും മോശം സംഭവങ്ങളിലൊന്നായാണ് ഇതിനെ പിന്നീട് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്.
മത്സരശേഷം ഡ്രെസിങ് റൂമിലെത്തി ഹര്‍ഭജൻ ശ്രീശാന്തിനോട് ക്ഷമ ചോദിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കടുത്ത നടപടികളാണ് ഐപിഎല്ലും ബിസിസിഐയും ഹര്‍ഭജനെതിരെ സ്വീകരിച്ചത്. അവശേഷിച്ച 11 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും ഹര്‍ഭജനെ വിലക്കി. ഇതിനുപുറമെ ഇന്ത്യയ്ക്കായി അഞ്ച് മത്സരങ്ങളിലും ഹര്‍ഭജന് പുറത്തിരിക്കേണ്ടി വന്നു. ശ്രീശാന്തിനാകട്ടെ ശാസനയും നല്‍കി അധികൃതര്‍. ഒരുപക്ഷേ, ഹര്‍ഭജന് ആജീവനാന്ത വിലക്കുണ്ടായേക്കാവുന്ന സംഭവമായിരുന്നു അന്ന് മൊഹാലിയിലെ മൈതാനത്ത് സംഭവിച്ചത്. പലരും ഹര്‍ഭജനെ ആജീവനാന്തം പുറത്തിരുത്തണമെന്ന് വാദിച്ചിരുന്നതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ലെന്ന് മാത്രം.
സഹോദരനെപ്പോലെ ജീവിതത്തില്‍ കണക്കാക്കപ്പെട്ട ഹര്‍ഭജന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കത്തിലെ വേദന പലപ്പോഴും ശ്രീശാന്ത് പങ്കുവെച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങളുട ഒഴുക്കില്‍ ഇരുവരും ഒരുമിച്ച് വേദി പങ്കിടുകയും ഇന്ത്യയ്ക്കായി കളിക്കുയും ചെയ്തിരുന്നു. 2011 ലോകകപ്പ് ഇരുവരും ഒന്നിച്ച് ഉയര്‍ത്തി.


