കൊച്ചി: ഐഎസ്എല്‍ സ്വപ്ന ടീമിനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎന്‍. മലയാളി താരം സികെ വിനീത് അടക്കം മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ടീമില്‍ ഇടം കണ്ടെത്തി. ആക്രമണ ഫുട്ബോളിന് പേര് കേട്ട  4-3-3 ശൈലിയാണ് ഐഎസ്എല്‍  ടീം പ്രഖ്യാപനത്തില്‍ കണ്ടത്. ഫൈനലിലെത്താതെ പുറത്തായെങ്കിലും ഐഎസ്ല്‍ ടീമിലെ അഞ്ച് താരങ്ങളും കോച്ചും ഡല്‍ഹി ടീമില്‍ നിന്നാണ്.

ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയായ ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരം സന്ദേശ് ജിംഗനും സെന്‍ട്രിക് ഹെങ്ബര്‍ട്ടും ഐഎസ്എല്‍ ടീമിലും സ്ഥാനം പിടിച്ചു. മുംബൈ താരങ്ങളായ ലൂസിയാന്‍ ഗോയിയനും സെന റാല്‍ട്ടുമാണ് പ്രതിരോധ നിരയിലെ മറ്റ് രണ്ട് പേര്‍. മധ്യനിരയില്‍ വലത് ഭാഗത്ത് അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജാവി ലാറയും ഇടത് ഭാഗത്ത് ഡെല്‍ഹി ഡൈനമോസിന്‍റെ ഫ്ലോറന്റ് മലൂദയും ഇടം പിടിച്ചു.

അത്‍ലറ്റിക്കോയുടെ ക്യാപ്റ്റന്‍ ബോര്‍ഹ ഫെര്‍ണാണ്ടസിനാണ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറുടെ ചുമതല.ടീം നായകനും ബോര്‍ഹ തന്നെ. സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 10 ഗോളോടെ  ടോപ് സ്കോററായ ഡല്‍ഹിയുടെ മാഴ്‌സലീന്യോ മുന്നേറ്റത്തിന്റെ വലത് വിംഗില്‍ സ്ഥാനം ഭദ്രമാക്കി. ലീഗില്‍ അഞ്ച് ഗോളുകള്‍ നേടി ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച മലയാളി താരം സികെ വിനീത് ഇടതു വിംഗിലായി ടീമില്‍ ഇടം പിടിച്ചു.

കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം ആണ് സെന്‍ട്രല്‍ ഫോര്‍വേഡ്. മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗാണ് ടീമിന്റെ ഗോള്‍കീപ്പര്‍. ഡല്‍ഹി ഡൈമോസ് കോച്ച് ജിയാന്‍ ലൂക്ക സാബ്രോട്ട ടീം മാനേജര്‍ സ്ഥാനം സ്വന്തമാക്കി. പകരക്കാരുടെ ലിസ്റ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ഇടം പിടിച്ചു.