സിഡ്നി: പരിശീലനത്തിനിടെ വീണ് കാലിന് പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ 30 സ്റ്റിച്ചുകളിട്ടു. പരിശീലനത്തിനിടെ ട്രെയിനിംഗ് ഉപകരണത്തില്‍ തട്ടി മറിഞ്ഞുവീണാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. സ്റ്റാര്‍ക്കിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് സ്റ്റാര്‍ക്കിന് നേരത്തെ വിശ്രമം നല്‍കിയിരുന്നു.

പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കാലിലെ എല്ലില്‍ പൊട്ടലില്ലെന്നും എങ്കിലും ഏതാനും ദിവസം കൂടി സ്റ്റാര്‍ക്കിന് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. നവംബര്‍ മൂന്നിന് പെര്‍ത്തിലാണ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്.

ഈ വര്‍ഷമാദ്യം കണങ്കാലില്‍ ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റാര്‍ക്ക് കഴിഞ്ഞ മാസം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ 24 വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയിരുന്നു.