ദില്ലിയില്‍ നടന്ന ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ 53 റണ്‍സിനാണ് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ഇതോടെ ടി20യില്‍ ഇന്ത്യയ്ക്കെതിരായ കീവികളുടെ അപരാജിത റെക്കോര്‍ഡ് പഴങ്കഥയായി. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങും സ്‌പിന്നര്‍മാരുടെ കണിശതയുമാണ് ഇന്ത്യയ്‌ക്ക് അനായാസ വിജയമൊരുക്കിയത്. ഇവിടെയിതാ, ഇന്ത്യയ്‌ക്ക് വന്‍ ജയം സമ്മാനിച്ച 5 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

1, ധവാന്റെ മിന്നും തുടക്കം...

നേരിട്ട ആദ്യ പന്തു മുതല്‍ ആക്രമിച്ചുകളിച്ച ശിഖര്‍ ധവാന്റെ തന്ത്രം കീവി ബൗളര്‍മാരെ കുടുക്കിലാക്കി. കീവി ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നിലയ്‌ക്ക് ബാറ്റുചെയ്ത ധവാന്‍, ഹോംഗ്രൗണ്ടില്‍ 52 പന്തില്‍ 80 റണ്‍സടിച്ചുകൂട്ടി. 153 ആയിരുന്നു ധവാന്റെ സ്‌ട്രൈക്ക് റേറ്റ്. ധവാന്റെ ആധിപത്യത്തോടെയുള്ള ബാറ്റിങ്, രോഹിതിന് നിലയുറപ്പിക്കാനുള്ള സമയവും നല്‍കി.

2, അവസാനഘട്ടത്തില്‍ ആഞ്ഞടിച്ച് രോഹിത്...

പതിഞ്ഞ താളത്തില്‍ തുടങ്ങി, കൊട്ടിക്കയറിയ ശൈലിയായിരുന്നു രോഹിത് ശര്‍മ്മയുടേത്. ഇന്നിംഗ്സിന്റെ ആദ്യ പാതിയില്‍ 26 പന്തില്‍ 23 റണ്‍സ് മാത്രമെടുത്ത രോഹിത്, പിന്നീട് 29 പന്തില്‍ 57 റണ്‍സ് അടിച്ചെടുത്തു.

3, കോലിയുടെ വെടിക്കെട്ട്...

പെട്ടെന്ന് രണ്ടു വിക്കറ്റ് വീണപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കാതെ ഇന്ത്യയെ മുന്നോട്ടുനയിച്ചത് നായകന്‍ കോലിയാണ്. ബിഗ് ഹിറ്ററുടെ റോള്‍ ഏറ്റെടുത്ത കോലി, 11 പന്തില്‍ 26 അടിച്ചെടുത്തു. ഇതില്‍ മൂന്നു മനോഹര സിക്‌സറുകളും ഉണ്ടായിരുന്നു. എം എസ് ധോണിയുടെ ഒരു സിക്‌സറും ഇന്ത്യന്‍ സ്കോര്‍ 200 കടക്കുന്നതില്‍ നിര്‍ണായകമായി.

4, പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ചും ന്യൂസിലാന്‍ഡ് വിട്ടുകളഞ്ഞ ക്യാച്ചുകളും...

ഫീല്‍ഡിങ് മല്‍സരഗതിയെ മാറ്റിമറിച്ചത് ഇങ്ങനെയാണ്. കീവി ഓപ്പണര്‍ മാര്‍ട്ടി ഗുപ്‌ടിലിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍ ഓടിയെത്തി പറന്നുചാടി ഹര്‍ദ്ദിക് പാണ്ഡ്യ എടുത്ത ക്യാച്ച് ഏറെ നിര്‍ണായകമായി. ഈ സീസണിലെ തന്നെ ഒന്നാന്തരം ക്യാച്ചുകളിലൊന്നാണിത്. അതുപോലെ ധവാന്‍, രോഹിത്, കോലി എന്നിവര്‍ക്ക് ജീവന്‍ സമ്മാനിച്ചു ന്യൂസിലാന്‍ഡ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ അവസരങ്ങളും മല്‍സരത്തിന്റെ ഗതിയെ സ്വാധീനിച്ചു.

5, ഇന്ത്യയുടെ ബൗളിങ് മികവ്

ബാറ്റിങിനെ തുണയ്‌ക്കുന്ന പിച്ച് ആയതിനാല്‍, 203 എന്നത് സുരക്ഷിതമായ ഒരു ടോട്ടല്‍ ആണെന്ന് ഉറപ്പിക്കാനാകില്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളിങ്നിരയുടെ പ്രൊഫഷണല്‍ മികവ് ന്യൂസിലാന്‍ഡിനെ പ്രതിരോധത്തിലാക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. ഇന്ത്യന്‍ സ്‌പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികവ് കാട്ടി.