മലപ്പുറം പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോണിന് തീപിടിച്ച് പൊള്ളലേറ്റു. വൈലോങ്ങര സ്വദേശി നെബുവിന് കൈയ്ക്കും തുടയ്ക്കും പരിക്കേറ്റു. അമിതമായി ചൂടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം: പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ്. നെബുവിനാണ് പരിക്കേറ്റത്. ഭാര്യയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന ഫോണില്‍ നിന്ന് പുക ഉയരുകയും നിമിഷങ്ങള്‍ക്കകം തീപിടിക്കുകയുമായിരുന്നു.
നെബുവിന്റെ ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം ചികിത്സയിലാണ്. ഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. വേനല്‍ച്ചൂട് കഠിനമായ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അമിതമായി ചൂടാകുന്നത് അപകടങ്ങള്‍ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമിതമായി ചൂടായതുകാരണമാകാം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം.


